1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2020

സ്വന്തം ലേഖകൻ: ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ നിന്ന് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയി. കശ്മീർ തങ്ങളുടെ ഭാഗമാക്കി ചിത്രീകരിക്കുന്ന മാപ്പ് പാകിസ്താൻ പ്രദർശിപ്പിച്ചതിനെത്തുടർന്നാണ് ഇന്ത്യ യോഗം ബഹിഷ്കരിച്ചത്. ഷാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ നിന്നാണ് ഇന്ത്യയുടെ അജിത് ഡോവൽ ഇറങ്ങിപ്പോയത്.

യോഗത്തിൽ തെറ്റിദ്ധാരണ പരത്തുന്ന മാപ്പ് പ്രദർശിപ്പിക്കാൻ പാകിസ്താനെ അനുവദിച്ചതിൽ യോഗത്തിന്റെ അധ്യക്ഷനായ റഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. തുടർന്ന് വിഷയത്തിൽ പാകിസ്താന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ് റഷ്യ നിലപാടെടുത്തു. പാകിസ്താന്റെ പ്രകോപനപരമായ നിലപാട് ഇന്ത്യ യോഗത്തിൽ പങ്കെടുക്കുന്നതിനെ ബാധിക്കില്ലെന്ന് പ്രത്യാശിക്കുന്നുവെന്നും റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി നികോളായ് പത്രുഷെവ് പറഞ്ഞു.

പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബോധപൂര്‍വ്വം തെറ്റായ മാപ്പുമായി രംഗത്തെത്തിയതാണെന്നും ഈ മാപ്പ് ഈയടുത്തായി പാകിസ്താന്‍ പ്രചരിപ്പിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു. ഇത് മീറ്റിങ്ങ് സംഘടിപ്പിക്കുന്ന റഷ്യയോടുള്ള അനാദരവാണെന്നും ഇത്തരം നീക്കങ്ങള്‍ യോഗത്തിന്റെ നിബന്ധനകൾ ലംഘിക്കുന്നതാണെന്നും ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷികത്തിൽ ജമ്മു കശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും തങ്ങളുടേതാണെന്ന് സ്ഥാപിക്കുന്ന ഭൂപടം പാകിസ്താൻ പുറത്തിറക്കിയിരുന്നു. ആഗസ്ത് നാലിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തിറക്കിയ മാപ്പ് ഇന്ത്യയുടെ ജമ്മു കശ്മീരിന്റെയും, ലഡാക്കിന്റെയും, ഗുജറാത്തിലെ സര്‍ ക്രീക്കിന്റെയും ചില ഭാഗങ്ങള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നതായിരുന്നു. നിയപരമായി ഒരു സാധുതയുമില്ലാത്ത രാഷ്ട്രീയ അസംബന്ധമെന്നാണ് ഇന്ത്യ പാക് നീക്കത്തെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഷാന്‍ഹായ് സഹകരണ ഉച്ചകോടിയല്‍ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യയുടെയും ചൈനയുടെയും വിദേശേകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നു. റഷ്യയുടെ വിദേശകാര്യ മന്ത്രിയുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.