1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2020

സ്വന്തം ലേഖകൻ: മഹാമാരിക്കാലത്ത് മലയാളി പ്രവാസി സമൂഹത്തെ വേദനയിലാഴ്ത്തി മുങ്ങി മരിച്ച പിതാവിന്റെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോയി. എംബാമിങ് സെന്ററിൽ മരിച്ചവരുടെ മുഖം ഒരു നോക്കു കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും ഇസ്മായിലിന്റെ സഹപ്രവർത്തകരുമടക്കം ഒട്ടേറെ പേരെത്തിയിരുന്നു.

സായാഹന്ം ചെലവഴിക്കാൻ ഷാർജ–അജ്മാൻ അതിർത്തിയിലെ പുതുതായി തുറന്ന അൽ ഹീറ ബീച്ചിൽ ചെന്ന കോഴിക്കോട് ബാലുശ്ശേരി ഇയ്യാട് താഴേചന്തം കണ്ടിയിൽ ഇസ്മായിൽ (47), മകൾ അമൽ ഇസ്മായിൽ (18) എന്നിവര്‍ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് കടലിൽ മുങ്ങി മരിച്ചത്.

അപ്രതീക്ഷിതമായി കടലിലുണ്ടായ വേലിയേറ്റമാണ് ദുരന്തത്തിന് കാരണമായതെന്നാണ് പുറത്തു വന്ന റിപോർട്ടുകൾ. ഇസ്മായിലിന്റെയും സഹോദരന്റെയും കുടുംബങ്ങൾ ഒന്നിച്ചായിരുന്നു ബീച്ചിലെത്തിയത്. ഇവർ കരയിൽ സംസാരിച്ചിരുന്നപ്പോൾ, 5 കുട്ടികളും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കുട്ടികളെല്ലാവരും ഒഴുക്കിൽപ്പെടുകയും അവരെ രക്ഷിക്കാൻ ഇസ്മായീൽ മുന്നിട്ടിറങ്ങുകയുമായിരുന്നു.

ഇസ്മായിലിന്റെ മൂന്നും സഹോദരന്റെ രണ്ടും കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ നാലു കുട്ടികളെ ആദ്യശ്രമത്തിൽ തന്നെ ഇസ്മായീൽ രക്ഷപ്പെടുത്തിയെങ്കിലും മൂത്ത മകൾ അമലിനെ രക്ഷിക്കാനായില്ല. തുടർന്ന്, ഇസ്മായീൽ വീണ്ടും കടലിലേയ്ക്ക് ചാടി അമലിനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും രണ്ടുപേരും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ബാക്കിയുള്ളവർക്ക് കരയിലിരുന്ന് നിലവിളിക്കുവാനേ സാധിച്ചുള്ളൂ.

വിവരം ലഭിച്ചതനുസരിച്ച് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി 30 മിനിറ്റിനകം ഇസ്മായിലിനെ കരക്കെത്തിച്ചു. പക്ഷേ അപ്പോഴേയ്ക്കും മരിച്ചിരുന്നു. തുടർന്ന് അമലിന്റെ മൃതദേഹവും സംഭവ സ്ഥലത്ത് നിന്നു തന്നെ കണ്ടെടുത്തു. 14 വർഷമായി ദുബായിൽ താമസിക്കുന്ന ഇസ്മായീൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ)യിൽ ട്രാൻസ്പോർട് സിസ്റ്റം കൺട്രോളറായി ജോലി ചെയ്യുകയായിരുന്നു.

മൂന്ന് മാസത്തെ അവധിയാഘോഷിക്കാനാണ് കുടുംബം ഒരാഴ്ച മുൻപ് സന്ദർശക വീസയിൽ ദുബായിലെത്തിയത്. ഇസ്മായീലിന് ഭാര്യയും അമലിനെ കൂടാതെ, 8, 14 വയസ്സുള്ള രണ്ട് പെൺകുട്ടികളുമുണ്ട്. നേരത്തെ യുഎഇയിലുണ്ടായിരുന്ന കുടുംബത്തെ ഒന്നര വർഷം മുൻപാണ് നാട്ടിലേയ്ക്ക് അയച്ചത്. ഭാര്യ നേരത്തെ ഇവിടെ അധ്യാപികയായി കോലി ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.