1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2019

സ്വന്തം ലേഖകൻ: ബ്രഹ്മചര്യം പാലിക്കണമെന്ന കര്‍ശന നിലപാട് തീവ്രവാദ സംഘടന സ്വീകരിച്ചതോടെ ഗറില്ലാ സംഘടനയില്‍ നിന്ന് വ്യാപക കൊഴിഞ്ഞുപോക്ക്. ഇറാന്‍റെ പ്രധാന വെല്ലുവിളിയായിരുന്ന മുജാഹിദീന്‍ ഇ ഖല്‍ക് എന്ന തീവ്രവാദ സംഘടനയില്‍ നിന്നാണ് അണികളുടെ വ്യാപക കൊഴിഞ്ഞ് പോക്കെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ആറുവര്‍ഷമായി ഈ സംഘടനയ്ക്ക് അഭയമൊരുക്കിയിരിക്കുന്നത് അല്‍ബേനിയയാണ്. ബ്രഹ്മചര്യം കര്‍ശനമായി പാലിക്കണമെന്നും അണികള്‍ സെക്സിനേക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നതടക്കം സ്വകാര്യ ജീവിതത്തേക്കുറിച്ചുള്ള നിലപാട് കര്‍ശനമായതോടെ അണികള്‍ സംഘടന വിടാന്‍ തുടങ്ങി.

സ്വന്തം വീടുമായി പോലും ബന്ധപ്പെടാന്‍ സംഘടനയുടെ ഭാഗമായവര്‍ക്ക് അനുമതിയില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കഴിഞ്ഞതിനാല്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പോലും കഴിയാതെ നിരവധി യുവാക്കള്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്.

അല്‍ബേനിയയിലെ ക്യാംപില്‍ നിന്ന് പ്രായാധിക്യം നിമിത്തം പുറത്താക്കപ്പെട്ട ഖോലം മിര്‍സായ് എന്നയാളുടെ സാക്ഷ്യപ്പെടുത്തലിന് ഒപ്പമാണ് ബിബിസി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. മുപ്പത്തിയേഴ് വര്‍ഷം കുടുംബവുമായി സംസാരിക്കാന്‍ പോലും നിവൃത്തിയില്ലായിരുന്നു.താന്‍ മരിച്ചുപോയിയെന്നാണ് അവര്‍ കരുതിയിരുന്നത്. താന്‍ അല്‍ബേനിയയില്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞുവെന്ന് മിര്‍സായ് പറയുന്നു.

സൈനിക സ്വഭാവമുള്ള ക്യാംപില്‍ നിന്ന് ജീവനുകൊണ്ട് രക്ഷപ്പെടുകയായിരുന്നെന്ന് അറുപതുകാരനായ മിര്‍സായ് പറയുന്നു. മരിക്കുന്നകിന് മുന്‍പ് വീടുമായി ബന്ധപ്പെടണമെന്ന ആഗ്രഹമായിരുന്നു ക്യാംപില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന് കാരണമെന്നും മിര്‍സായ് ബിബിസിയോട് പ്രതികരിച്ചു.

മുന്‍ മുജാഹിദീന്‍ നേതാക്കളെയാണ് തന്‍റെ ഈ അവസ്ഥയ്ക്ക് കാരണമായി മിര്‍സായ് കുറ്റപ്പെടുത്തുന്നത്. ഇസ്ലാമിസ്റ്റ് മാര്‍ക്സിസ്റ്റ് റാഡിക്കല്‍ സംഘടനയായ മുജാഹിദീന്‍ എ ഖള്‍ഖിന് ശുഭകരമായ ഒരു ചരിത്രമല്ല നിരത്താനുള്ളത്. 1979ലെ ഇറാന്‍ വിപ്ലവത്തിന് പിന്തുണ നൽകിയ സംഘടനയുടെ നിലനിൽപ്പ് ആയത്തുല്ല ഖുമൈനിയുമായി തെറ്റിയതോടെ കുഴപ്പത്തിലായി. സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ സംഘടനാംഗങ്ങള്‍ക്ക് കൂട്ടമായി പാലായനം ചെയ്യേണ്ടി വരികയായിരുന്നു.

3000ത്തോളം സംഘടനാംഗങ്ങളെ യുഎസിന്‍റെ ആവശ്യപ്രകാരം അല്‍ബേനിയ രാഷ്ട്രീയ അഭയം നല്‍കി. ആക്രമണത്തില്‍ നിന്നും ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് രക്ഷയും നല്‍കി സാധാരണ ജീവിതം നയിക്കാന്‍ അവസരമൊരുക്കുമെന്നായിരുന്നു അല്‍ബേനിയയിലെ അഭയ സമയത്ത് നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെട്ടില്ലെന്ന് മിര്‍സായ് പറയുന്നു.

2017ഓടെ മുജാഹിദീന്‍ അല്‍ബേനിയയില്‍ നിന്ന് 30കിലോമീറ്റര്‍ അകലെ പട്ടാള ക്യാമ്പിനെ അനുസ്മരിപ്പിക്കുന്ന പുതിയ കേന്ദ്രം സ്ഥാപിച്ചതോടെ സര്‍വ്വ സ്വാതന്ത്രവും വാഗ്ദാനം ചെയ്തിരുന്ന സംഘടനാ നേതാക്കള്‍ കര്‍ശന നിയന്ത്രണങ്ങളുമായി എത്തി. അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാല്‍ അവ ഒരു നോട്ട് ബുക്കില്‍ എഴുതി വക്കേണ്ട അവസ്ഥയായെന്നും മിര്‍സായി വ്യക്തമാക്കി. വിവാഹങ്ങള്‍, പ്രണയബന്ധം എന്നിവ സംഘടന നിരോധിച്ചു.

യുവാക്കള്‍ സംഘടനയില്‍ നിന്ന് ഒളിച്ചോടല്‍ പതിവായി. പ്രായമായി ആരോഗ്യം നഷ്ടമായവരെ സംഘടന പുറത്താക്കാനും തുടങ്ങി. ഇത്തരത്തില്‍ ആരോഗ്യം മോശമാകാന്‍ തുടങ്ങിയതോടെ ചെറിയൊരു തുക നല്‍കി സംഘടന ക്യംപില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇറാന്‍ എംബസിയെ സമീപിച്ച മിര്‍സായി ഇപ്പോഴുള്ളത് ടെഹ്റാനിലാണ്. ഇവിടെ ഇയാള്‍ക്കെതിരെ കേസുകള്‍ ചുമത്തപ്പെട്ടിട്ടുണ്ട്. കുടുംബം എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അനുകൂല നിലപാടല്ല ഇവര്‍ക്ക് ലഭിച്ചത്.

തന്‍റെ നിലവിലെ സാഹചര്യത്തിന് കാരണക്കാരന്‍ താന്‍ തന്നെയാണെന്ന് മിര്‍സായി പറയുന്നു. നാല്‍പത് വയസ് പ്രായമുള്ള മകനെ കണ്ടാല്‍ തിരിച്ചറിയാല്‍ പോലും കഴിയില്ലെന്നാണ് മിര്‍സായി ബിബിസിയോട് പ്രതികരിച്ചത്. ഫലമുണ്ടാകുമോയെന്ന് അറിയില്ലെങ്കില്‍ പോലും ഇറാനിലേക്ക് മടങ്ങിപ്പോയ് ഭാര്യയേയും മകളേയും കാണണമെന്ന ആവശ്യവുമായി എംബസിയില്‍ കയറിയിറങ്ങുകയാണ് മിര്‍സായി ഇപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.