1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2020

സ്വന്തം ലേഖകൻ: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യമായി പരസ്യപ്രതികരണവുമായി കേന്ദ്രഅഭ്യന്തരമന്ത്രി അമിത്ഷാ. ദില്ലിയില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും പ്രചാരണതന്ത്രങ്ങളില്‍ പാളിച്ചയുണ്ടായെന്നും അമിത് ഷാ പറഞ്ഞു. ദേശീയമാധ്യമമായ ടൈംസ് നടത്തിയ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

ഗോലിമാരോ പോലുള്ള പ്രചരണം ദില്ലിയില്‍ ബിജെപിക്ക് തിരിച്ചടിയായി. ഗോലിമാരോ, ഇന്ത്യ- പാകിസ്ഥാന്‍ മാച്ച് തുടങ്ങിയ പരാമര്‍ശങ്ങള്‍ ബിജെപി ഒഴിവാക്കേണ്ടതായിരുന്നു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനേയും ഷഹീന്‍ ബാഗീനേയും ബന്ധിപ്പിക്കേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാന്‍ മാത്രമല്ല ബിജെപിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ കൂടിയാണെന്നും അമിത് ഷാ പറഞ്ഞു. ദില്ലിയിലെ തെരഞ്ഞെടുപ്പ് ഫലം പൗരത്വ നിയമത്തിനോ എൻപിആറിനോ എതിരെയുള്ള ജനവിധിയല്ലെന്നും അമിത് ഷാ വിശദീകരിച്ചു.

വിഭജനത്തിനും പ്രത്യേക സൈനിക നിയമം പിന്‍വലിക്കുകയും ചെയ്ത ശേഷം കശ്മീരില്‍ സ്ഥിതി ഗതികള്‍ ശാന്തമാണെന്ന് അമിത് ഷാ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആര്‍ക്കു വേണമെങ്കിലും കശ്മീരില്‍ പോകാം. എന്നാല്‍ കശ്മീരില്‍ പോയി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്നം.

പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ മാത്രമാണ് മാധ്യമങ്ങൾ കാണിക്കുന്നതെന്നും പൗരത്വ നിയമത്തിന് അനുകൂലമായി നടക്കുന്ന പ്രചരങ്ങളെ മാധ്യമങ്ങൾ അവഗണിക്കുന്നതായും അമിത് ഷാ വിമര്‍ശനം ഉന്നയിച്ചു. ചോദ്യം ചോദിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം പോലെ മാധ്യമങ്ങൾക്കെതിരെ ചോദ്യം ചോദിക്കാൻ ജനത്തിനും അവകാശമുണ്ടെന്ന് പറഞ്ഞ അമിത് ഷാ പട്ടികജാതി- പട്ടികവർഗ സംവരണത്തിനെതിരായ സുപ്രീംകോടതി വിധിക്ക് കാരണം ഉത്തരാഖണ്ഡിലെ മുൻ കോൺഗ്രസ് സർക്കാരാണെന്നും കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.