1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2020

സ്വന്തം ലേഖകൻ: ഉംപൂൺ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബം​ഗാൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് ഉയർത്തിയ പ്രത്യേക സാഹചര്യത്തിൽ 83 ദിവസത്തിന് ശേഷമാണ് നരേന്ദ്രമോദി രാജ്യതലസ്ഥാനം വിട്ട് സഞ്ചരിക്കുന്നത്. കൊൽക്കത്ത എയർപോർട്ടിൽ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ​ഗവർണർ ജ​ഗ്ദീപ് ദങ്കാറും ചേർന്ന് മോദിയെ സ്വീകരിച്ചു.

ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പ്രദേശങ്ങൾ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നിരീക്ഷിച്ചു. ഇതിനു പുറമെ പ്രത്യേക അവലോകന യോ​ഗത്തിലും മോദി പങ്കെടുക്കുന്നുണ്ട്. പശ്ചിമ ബം​ഗാളിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ ദർമേന്ദ്ര പ്രധാൻ, ബാബുൽ സുപ്രിയോ, പ്രതാപ് ചന്ദ്ര സാരങ്കി, ദേബശ്രീ ചൗധരി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്.

പശ്ചിമ ബം​ഗാളിൽ വീശിയടിച്ച ഉംപൂൺ ചുഴലിക്കാറ്റിൽ 72 പേർ മരിച്ചുവെന്നാണ് കണക്കുകൾ. ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് മമത ബാനർജി പറഞ്ഞിരുന്നു. സംസ്ഥാനത്തിന് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമാണെന്നും ഈ സമയത്ത് രാഷ്ട്രീയം കളിക്കരുതെന്നും മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഉംപൂണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉംപുണ്‍ ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്തന്നതിനായി ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തവേയാണ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശം വിതയ്ക്കുന്നത്. സാമൂഹ്യ അകലം പാലിക്കേണ്ട അവസരത്തില്‍ തന്നെ നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വന്നു. വലിയ വെല്ലുവിളി നേരിടുന്ന ഈ അവസരത്തിലും മമതാ ബാനര്‍ജി മികച്ച രീതിയില്‍ തന്നെ സംസ്ഥാനത്തെ മുന്നോട്ടു നയിച്ചു. ദുരന്തത്തെ ശക്തമായി നേരിട്ടു. ഈ വിഷമ ഘട്ടത്തില്‍ കേന്ദ്രം ബംഗാളിനൊപ്പം ഉണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഉംപൂണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയ്ക്ക് 500 കോടിയുടെ അടിയന്തര സഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്, കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, പ്രതാപ് സിംഗ് സാരംഗി എന്നിവരുമായി ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് ധനസഹായം പ്രഖ്യാപിച്ചത്.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ദുരിതബാധിത മേഖലകള്‍ മോദി വ്യോമമാര്‍ഗം നിരീക്ഷിച്ചു. ഒഡീഷയുടെ കാർഷിക മേഖലയിൽ കനത്ത നാശം വിതച്ച ഉം‌പൂൺ രണ്ട് പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.