1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2019

സ്വന്തം ലേഖകൻ: തുര്‍ക്കിയിലെ ഹസന്‍കെയ്ഫ് എന്ന പുരാതനനഗരം വെള്ളത്തിനടിയിലാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് ഒരു അണക്കെട്ടിന്റെ നിര്‍മാണത്തെ തുടര്‍ന്ന് പൂര്‍ണമായും ഇല്ലാതാകുന്നത്. ഹസന്‍കെയ്ഫ് എന്ന 12000 വര്‍ഷം പഴക്കമുള്ള നഗരവും അവിടത്തെ പല ചരിത്രശേഷിപ്പുകളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളത്തിനടിയിലാകും.

വൈദ്യുതി ഉത്പാദനവും തെക്കുകിഴക്കന്‍ മേഖലയുടെ വികസനവും ലക്ഷ്യമിട്ടാണ് തുര്‍ക്കി ഭരണകൂടം ഇലിസു അണക്കെട്ടിന്റെ നിര്‍മാണം ആരംഭിക്കുന്നത്. പക്ഷേ, ഹസന്‍കെയ്ഫ് എന്ന പുരാതന നഗരത്തെയും സമീപത്തെ നിരവധി ഗ്രാമങ്ങളെയും ഇല്ലാതാക്കുന്ന പദ്ധതിയായിരുന്നു അത്. അണക്കെട്ടിന്റെ റിസര്‍വോയിര്‍ നിറയുന്നതോടെ ഈ ഗ്രാമങ്ങളെല്ലാം വെള്ളത്തിനടിയിലാകും.

ഇതോടെ പ്രദേശവാസികളും ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും പരിസ്ഥിതിവാദികളും പദ്ധതിയെ എതിര്‍ത്തു. തുര്‍ക്കിയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കേണ്ടതാണെന്ന് അവര്‍ ശക്തമായി വാദിച്ചു. പക്ഷേ, വര്‍ഷങ്ങള്‍ നീണ്ട ആ ചെറുത്തുനില്‍പ്പൊന്നും വകവയ്ക്കാതെയാണ് തുര്‍ക്കി ഭരണകൂടം അണക്കെട്ടിന്റെ നിര്‍മാണവുമായി മുന്നോട്ടുപോയത്.

ഹസന്‍കെയ്ഫിന്റെ പ്രതാപം ഇല്ലാതാക്കുന്നതിന് പുറമേ 70000-ത്തിലധികം പേരുടെ കുടിയൊഴിപ്പിക്കലിനും വഴിവെക്കുന്നതായിരുന്നു ഇലിസു അണക്കെട്ട് നിര്‍മാണം. മാത്രമല്ല, വംശനാശം നേരിടുന്ന നിരവധി ജീവജാലങ്ങളെയും ഇത് ദോഷകരമായി ബാധിക്കും. ഒരു മ്യൂസിയത്തെ അനുസ്മരിപ്പിക്കുന്ന നഗരമാണ് ഹസന്‍കെയ്ഫ്. 12-ാം നൂറ്റാണ്ടിലെ അവശേഷിപ്പുകളാണ് ഇതില്‍ പലതും.

അതേസമയം, അണക്കെട്ടിനെതിരെ പ്രതിഷേധം ശക്തമായിട്ടും തുര്‍ക്കി ഭരണകൂടം അതൊന്നും കണ്ടഭാവമേ നടിച്ചില്ല. കുര്‍ദുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് പദ്ധതിയെന്നതും പ്രതിഷേധിക്കുന്നത് കുര്‍ദുകളായതും ഈ മുഖംതിരിക്കലിന്റെ പ്രധാനകാരണമാണ്. ലോകത്തെ പലഭാഗങ്ങളില്‍നിന്നുള്ള പരിസ്ഥിതിവാദികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ 2000-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇലിസു അണക്കെട്ടിനുള്ള ധനസഹായം നിര്‍ത്തിവെച്ചിരുന്നു.

പിന്നീട് 2006-ല്‍ ചില യൂറോപ്യന്‍ ഏജന്‍സികള്‍ സഹായവുമായി വന്നെങ്കിലും 2009-ല്‍ അവരും പദ്ധതിയില്‍നിന്ന് പിന്മാറി. ഇതോടെ അണക്കെട്ട് നിര്‍മാണം തടയുന്നതില്‍ പ്രതിഷേധക്കാര്‍ വിജയിച്ചെന്ന് കരുതിയെങ്കിലും തൊട്ടടുത്ത വര്‍ഷം തുര്‍ക്കിഷ് ബാങ്കുകള്‍ ധനസഹായം വാഗ്ദാനം ചെയ്തതോടെ പദ്ധതിക്ക് വീണ്ടും ജീവന്‍വെയ്ക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.