1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2020

സ്വന്തം ലേഖകൻ: തന്‍റെ മൂല്യം ഇപ്പോള്‍ പൂജ്യമാണെന്ന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍. വായ്പ വാങ്ങി പറ്റിച്ചെന്ന ചൈനീസ് ബാങ്കുകളുടെ പരാതിയില്‍ വിചാരണ നേരിടുമ്പോഴാണ് അനില്‍ അംബാനി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍റെ ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ എന്‍റെ മൂല്യം പൂജ്യമാണ്. എന്‍റെ നിക്ഷേപങ്ങളെല്ലാം തകര്‍ന്നു. ചൈനീസ് ബാങ്കുകളുടെ നടപടി നേരിടാന്‍ എന്‍റെ കൈയില്‍ മതിയായ സ്വത്തുക്കളില്ലെന്ന് അനില്‍ അംബാനി വ്യക്തമാക്കി.

മൂന്ന് ചൈനീസ് വന്‍കിട ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ നിയമനടപടി സ്വീകരിച്ചത്. 2012ല്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന് 925 മില്ല്യണ്‍ ഡോളര്‍ വായ്പ നല്‍കിയെന്നും എന്നാല്‍ തിരിച്ചടവ് മുടങ്ങിയെന്നും ബാങ്കുകള്‍ പറയുന്നു. കോടതി നടപടികള്‍ ഒഴിവാക്കാന്‍ അംബാനി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അടുത്ത ആറാഴ്ചക്കുള്ളില്‍ 100 മില്ല്യണ്‍ ഡോളര്‍ അടയ്ക്കണമെന്ന് ലണ്ടന്‍ കോടതി ജഡ്ജി ഡേവിഡ് വാക്സ്മാന്‍ നിര്‍ദേശം നല്‍കി. ഇതിനെതിരെ അപ്പീലിന് പോകുമെന്നും അനില്‍ അംബാനി അറിയിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് അനില്‍ അംബാനിയുടെ സഹോദരനായ മുകേഷ് അംബാനി. 56.5 ബില്ല്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നും മുംബൈയിലെ ഹെഡ് ഓഫിസ് ഉള്‍പ്പെടെയുള്ളവ വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിസമ്പന്നരായ അംബാനി കുടുംബം മുന്‍ കാലങ്ങളില്‍ പരസ്പരം സഹായിച്ചിരുന്നെന്നും ഇപ്പോള്‍ ഇത്തരം സഹായങ്ങള്‍ ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ജഡ്ജി പറഞ്ഞു.

അനില്‍ അംബാനിക്ക് അടയ്ക്കാന്‍ കഴിയാത്ത തുക അദ്ദേഹത്തോട് ആവശ്യപ്പെടരുതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ റോബര്‍ട്ട് ഹോവ് വാദിച്ചു. വലിയ തുക വായ്പയെടുത്ത് രക്ഷപ്പെടാനാണ് അനില്‍ അംബാനി ശ്രമിക്കുന്നതെന്ന് ബാങ്കുകളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.