1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2019

സ്വന്തം ലേഖകൻ: സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് ഇറാക്ക് പ്രധാനമന്ത്രി അദല്‍ അബ്ദുള്‍ മഹ്ദി രാജി പ്രഖ്യാപിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കുന്നതിനുവേണ്ടി അധികാരം ഒഴിയുകയാണെന്നും പാര്‍ലമെന്റിനു രാജിക്കത്തു സമര്‍പ്പിക്കുമെന്നും എഴുതിത്തയാറാക്കി നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു.

രാജി എന്നു മുതല്‍ പ്രാബല്യത്തിലാവുമെന്നു വ്യക്തമല്ല. പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം ഇന്നു ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബറില്‍ സമരം ആരംഭിച്ചശേഷം ഇതുവരെ 400 പേര്‍ക്കു ജീവഹാനി നേരിട്ടെന്നാണു കണക്ക്.

ഇറാക്ക് ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങുന്നത് ഒഴിവാക്കാന്‍ മഹ്ദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് ഷിയാകളുടെ പ്രമുഖ നേതാവ് ഗ്രാന്‍ഡ് അയത്തൊള്ളാ അലി അല്‍ സിസ്റ്റാനി പാര്‍ലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടതാണ് രാജിക്ക് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്നു കരുതപ്പെടുന്നു. രാജി പ്രഖ്യാപനം വന്നതിനെത്തുടര്‍ന്ന് ബാഗ്ദാദിലും മറ്റും ജനങ്ങള്‍ ആഹ്‌ളാദ പ്രകടനം നടത്തി.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഇറാക്കി ജനത ഒക്ടോബര്‍ ഒന്നിനാണു പരസ്യമായി സമര രംഗത്തിറങ്ങിയത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണു പ്രതിസന്ധി രൂക്ഷമായതെന്ന് സമരക്കാര്‍ ആരോപിച്ചു. തൊഴിലില്ലായ്മ വര്‍ധിച്ചു.

ബുധനാഴ്ച പുണ്യനഗരമായ നജഫിലെ ഇറാന്റെ കോണ്‍സുലേറ്റിനു സമരക്കാര്‍ തീവച്ചു. തുടര്‍ന്ന് പ്രകടനക്കാരെ പിരിച്ചുവിടാന്‍ സൈന്യം രംഗത്തിറങ്ങി. ഇറാക്ക് ഭരണത്തില്‍ ഇറാന്‍ അമിത സ്വാധീനം ചെലുത്തുന്നുവെന്നാണ് സമരാനുകൂലികളുടെ ആരോപണം. ബാഗ്ദാദ്, നസറിയ പട്ടണങ്ങളിലും വെടിവയ്പുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.