1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2019

സ്വന്തം ലേഖകൻ: അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ വിധിയില്‍ തൃപ്തരല്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. അയോധ്യ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചു. അയോധ്യ വിധിയില്‍ തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പള്ളി നിര്‍മ്മിക്കാന്‍ നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ട എന്നും യോഗത്തില്‍ തീരുമാനമെടുത്തു.

പുനഃപരിശോധനാ ഹർജി നൽകേണ്ട എന്ന തീരുമാനത്തിലായിരുന്നു സുന്നി വഖഫ് ബോർഡ്. പുനഃപരിശോധനാ ഹർജികളിൽ വിട്ടുവീ‌ഴ്‌ചയില്ലെന്ന് അസദുദീൻ ഒവെെസി വ്യക്തമാക്കി. സുപ്രീം കോടതി വിധിക്കെതിരെ മുസ്‌ലിം സംഘടനകൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

അയോധ്യ വിധിയിൽ തൃപ്‌തരല്ലെന്ന് മുസ്‌ലിം ലീഗും നേരത്തെ പ്രതികരിച്ചിരുന്നു. അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ വിധിയില്‍ സംതൃപ്തനല്ലെന്ന് മുസ്‌ലിം ലീഗ് എംപി ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. വിധി സന്തുലിതമാണെന്ന കാഴ്ചപ്പാടിനെ എതിര്‍ക്കുന്നു. എന്നാല്‍, സുപ്രീം കോടതി വിധിയാണ് രാജ്യത്തെ നിയമം. വിധിയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.

സുപ്രീംകോടതി വിധിയിൽ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ് സെക്രട്ടറി സഫർയാബ് ജിലാനി പറഞ്ഞിരുന്നു.

തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാമെന്നും മുസ്‌ലിങ്ങൾക്ക് അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് 5 ഏക്കർ നൽകണമെന്നുമാണ് സുപ്രീം കോടതി വിധി. 2010ൽ അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി വിഭജിച്ചു നൽകിയ അലഹബാദ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.