1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2019

സ്വന്തം ലേഖകൻ: അബു ഗരിബിലെ അമേരിക്കൻ പീഡനങ്ങളെ അതിജീവിച്ചു പുറത്തുചാടിയിട്ടുണ്ട്. ഇറാഖിലെയും പരിസരങ്ങളിലെയും തീവ്രവാദികളെ സംഘടിപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടാക്കി അതിന്റെ ഖലീഫയായി സ്വയം അവരോധിച്ചയാളാണ്. എന്നിട്ടും, അന്ത്യദിനങ്ങളിൽ ഏറെ പരിഭ്രാന്തനായിരുന്നു അബൂബക്ർ അൽ ബാഗ്‌ദാദി എന്ന ഭീകരനേതാവ്. അമേരിക്കയുടെ പണവും പറ്റി, ഏതുനിമിഷവും തന്നെ ഒറ്റാൻ തയ്യാറായ ഒരാൾ തന്റെ അനുയായികൾക്കിടയിൽത്തന്നെ ഉണ്ടെന്ന് ബാഗ്‌ദാദി ഉറച്ച് വിശ്വസിച്ചിരുന്നു.

അവസാന നാളുകളിൽ ബാഗ്‌ദാദി ലൈംഗിക അടിമയായി കൂടെ സൂക്ഷിച്ചിരുന്ന ഒരു യസീദി പെൺകുട്ടിയാണ് ബാഗ്ദാദിയുടെ അവസാന നാളുകളിലെ അസ്വാസ്ഥ്യങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. വിശ്വസ്തരായ വിരലിലെണ്ണാവുന്ന അനുയായികൾക്കൊപ്പം സങ്കേതങ്ങൾ ഇടയ്ക്കിടെ മാറുമ്പോഴും തന്റെ പ്രിയപ്പെട്ട അടിമയെയും ബാഗ്‌ദാദി കൂടെക്കൂട്ടിയിരുന്നുവത്രെ. പ്രായപൂർത്തിയാകാത്ത ആ യസീദി പെൺകുട്ടിയെ ബാഗ്ദാദി നിരന്തരം മർദ്ദിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തുപോന്നിരുന്നു.

അവസാന നാളുകളിൽ ആടുകളെ മേച്ചുകൊണ്ടുള്ള ജീവിതമായിരുന്നത്രേ ബാഗ്ദാദിയുടെത്. വ്യോമാക്രമണത്തെ ഭയന്ന് ബാഗ്ദാദി താമസിക്കുന്നിടത്തൊക്കെ ഒരാൾക്ക് കഷ്ടിച്ച് നൂണ്ടു കേറി ഒളിച്ചിരിക്കാവുന്ന തുരങ്കങ്ങൾ പണിഞ്ഞുകൊണ്ടിരുന്നു. സിറിയയിലെയും ഇറാഖിലെയും ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രങ്ങൾ ഒന്നൊന്നായി തകർന്നടിഞ്ഞപ്പോഴും, അമേരിക്കൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെടാതെ ഒഴിഞ്ഞുമാറികൊണ്ടിരുന്നു എന്നും ബാഗ്ദാദി. സ്വന്തം സുരക്ഷയെപ്പറ്റി ‘ഒബ്സെഷൻ’ എന്ന് പറയാവുന്നത്ര വലിയൊരു കരുതൽ അയാൾക്കുണ്ടായിരുന്നു. ഇറാഖ് അതിർത്തിയോടു ചേർന്ന സിറിയൻ ഗ്രാമങ്ങളിൽ പ്രാണനും കൊണ്ട് ഓട്ടമായിരുന്നു അവസാനത്തെ നാളുകളിൽ ബാഗ്‌ദാദി.

സുരക്ഷയെക്കരുതി രാത്രികളിൽ മാത്രമായിരുന്നു ബാഗ്‌ദാദിയുടെ സഞ്ചാരങ്ങൾ. കൂടെയുണ്ടായിരുന്നവർ ബാഗ്‌ദാദിയെ ‘ഹാജി’ എന്നും ‘ഷേക്ക്’ എന്നുമാണ് വിളിച്ചിരുന്നത്. കൂടെയുള്ള സമയങ്ങളിൽ ചോദിക്കുന്നതിനു പലതിനും സുരക്ഷയെക്കരുതി മറുപടി പറയാറില്ല ബാഗ്ദാദി എന്നും ആ യസീദിപ്പെൺകുട്ടി വെളിപ്പെടുത്തി.

കൂടെയുള്ള ‘വാലി’കൾ എന്നറിയപ്പെട്ടിരുന്ന അനുയായികളിൽ ചിലരെ സ്വാധീനിച്ചാണ് അമേരിക്കൻ രഹസ്യപൊലീസ് അൽ ബാഗ്‌ദാദിയുടെ സ്ഥാനം കണ്ടെത്തിയതും ആക്രമണം സംഘടിപ്പിച്ചതും. വിശ്വസിച്ചു കൂടെക്കൊണ്ടു നടന്നവരിൽ ചിലർ നടത്തിയ ‘കൊടും ചതി’യാണ് ബാഗ്‌ദാദിയെ കുടുക്കിയതെന്ന് അൽ ബാഗ്‌ദാദിയുടെ ഭാര്യാസഹോദരനായ മുഹമ്മദ് അലി സാജിത് അൽ അറേബ്യാ ടിവിയോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.