1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2020

സ്വന്തം ലേഖകൻ: ഇന്ത്യന്‍ എംബസ്സിയില്‍ ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ഓപ്പണ്‍ ഹൗസ് ഉടന്‍ പുനരാരംഭിക്കുമെന്നു നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ വ്യക്തമാക്കി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടുന്ന ഓപ്പണ്‍ ഹൗസിലൂടെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാമെന്നതു സ്വാഗതാര്‍ഹമാണ്. കഴിയുന്നതും ഈ മാസം തന്നെ ഓപ്പണ്‍ ഹൗസ് ആരംഭിക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അംബാസഡര്‍ പറഞ്ഞു. മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അംബാസഡര്‍ ഇക്കാര്യം അറിയിച്ചത്. കഴിയുന്നത്ര ഇന്ത്യന്‍ സമൂഹവുമായി സംവദിക്കാനാണ് തനിക്കു താല്പര്യം.

ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള എയര്‍ ബബ്ബിള്‍ കരാര്‍ ഉടന്‍ നടപ്പിലാക്കുമെന്ന് അംബാസഡര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ തത്വത്തില്‍ അംഗീകരിച്ച വിഷയമാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് പ്രവര്‍ത്തികമാകും. നടപ്പിലായിക്കഴിഞ്ഞാല്‍ പിന്നെ ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്ര സുഗമമാകും. മിക്കവാറും ദിവസേന ഓരോ ഫ്‌ലൈറ്റ് എന്ന കണക്കില്‍ സര്‍വീസ് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ബഹറിനില്‍ സാധുവായ വിസയുള്ളവര്‍ക്കും വിസിറ്റിംഗ് വിസയുള്ളവര്‍ക്കും യാത്ര ചെയ്യാനുള്ള സംവിധാനമുണ്ടാകും. അതോടെ യാത്ര പ്രശ്‌നം ഏറെക്കുറെ പരിഹൃതമാകും. പിന്നീട് ഇന്ത്യയിലേക്കോ ഇന്ത്യയില്‍നിന്നോ യാത്ര ചെയ്യുന്നതിന് എംബസിയില്‍ രജിസ്‌ട്രേഷന്‍ ആവശ്യമായി വരുന്നില്ല. വിമാനങ്ങളുടെ അപര്യാപ്തതമൂലം ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിസ കാലാവധി തീര്‍ന്നവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നു. ഇവരെ ഏതു തരത്തില്‍ സഹായിക്കമെന്ന് അധികൃതരുമായി ചർച്ച ചെയ്യും.

പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു നാളുകളായിട്ടും ഇന്ത്യയില്‍നിന്ന് മാര്‍ക്ക് ലിസ്റ്റ് ലഭിക്കാത്തതിന്റെ വൈഷമ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലുള്ളവര്‍ക്കു ഡിജിറ്റല്‍ സൈന്‍ ചെയ്ത മാര്‍ക്ക് ലിസ്റ്റ് സിബിഎസ്ഇ സൈറ്റില്‍നിന്നു ഡൌണ്‍ലോഡ് ചെയ്തു കോളേജ് പ്രവേശനത്തിന് ഉപയോഗിക്കാമെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇത് അനുവദിക്കില്ല. ബഹ്റൈന്‍ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികളും ആശങ്കാകുലരാണ്. ഇക്കാര്യം സൂചിപ്പിച്ചു എംബസി ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അനുകൂലമായ പരിഹാരം പ്രതീക്ഷിക്കുന്നതായും അംബാസഡര്‍ പറഞ്ഞു. ആരും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല.

ബഹ്റൈന്‍ വളരെ സൗഹൃദ രാജ്യമായാണ് തന്റെ അനുഭവം. ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ സൗഹൃദമാണ് ബഹ്‌റൈന് ഉള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി മേഖലകളിലുള്ള ഊഷ്മളമായ ബന്ധം അഭിനന്ദനാര്‍ഹമാണ്. ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹം വളരെ ഊര്‍ജസ്വലരാണ് എന്നറിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. ബഹ്റൈന്‍ ജനതയും ഇന്ത്യക്കാരോട് വളരെ ബഹുമാനപൂര്‍വ്വം പെരുമാറുന്നതയാണ് മനസ്സിലാക്കിയിട്ടുള്ളത്.

ബഹ്റൈന്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുവാന്‍ നിയമവിരുദ്ധമായി തങ്ങുന്നവര്‍ തയ്യാറാകണമെന്ന് അംബാസിഡര്‍ ഉപദേശിച്ചു. ഏതു രാജ്യത്തായാലും നിയമവിരുദ്ധമായി തങ്ങുന്നത് ശുഭകരമല്ല. പൊതുമാപ്പിലൂടെ രേഖകള്‍ നിയമവിധേയമാക്കുന്നതു അഭികാമ്യമായിരിക്കും. ബഹ്റൈനിലെ സാമൂഹിക സാംസ്‌ക്കാരിക മേഖലയിലുള്ളവരുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും ക്ഷേമം നേരുന്നതായും അംബാസഡര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.