1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2018

സ്വന്തം ലേഖകന്‍: സ്‌കൂളിലോ കോളജിലോ സര്‍വകലാശാലയിലോ ഇനി തന്റെ കവിത പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. എല്ലാ പാഠ്യപദ്ധതിയില്‍നിന്നും തന്റെ രചനകള്‍ ഒഴിവാക്കണമെന്നും പൊതുസമൂഹത്തോടും അധികാരികളോടും അപേക്ഷിക്കുന്നതായി ചുള്ളിക്കാട് വ്യക്തമാക്കി. തന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുത്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ മാര്‍ക്കു വാരിക്കോരിക്കൊടുത്തു വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് ഇങ്ങനെയൊരപേക്ഷ ഉന്നയിക്കാന്‍ കാരണമെന്നും ചുള്ളിക്കാട് പറഞ്ഞു.

മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജന പക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കുകയാണ്. അബദ്ധ പഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങള്‍ക്കു പോലും ഗവേഷണ ബിരുദം നല്‍കുന്നു. വാക്കുകളിലെ അക്ഷരത്തെറ്റ് ഒരു പ്രശ്‌നമല്ലെന്നു കരുതുന്ന അധ്യാപകരാണ് ഇന്നുള്ളത്. ചിന്താശക്തിയില്ലാത്ത തലമുറകളുണ്ടാകേണ്ടതു കോര്‍പറേറ്റ് ആവശ്യമാണ്.

അധ്യാപകര്‍ ഈ കോര്‍പറേറ്റ് അജന്‍ഡയ്ക്കു സേവ ചെയ്യുകയാണ്. വിദ്യാഭ്യാസ കച്ചവടക്കാരും ഭരണാധികാരികളും ചേര്‍ന്ന മാഫിയയാണു മാനദണ്ഡം പാലിക്കാതെ മാര്‍ക്കു വാരിക്കോരി നല്‍കുന്നതിനു പിന്നില്‍. സ്‌കൂളുകളിലേക്കു കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും അധ്യാപക തസ്തികകള്‍ വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണിതു ചെയ്യുന്നത്. ഈ കച്ചവടത്തില്‍നിന്നു തന്റെ കവിതയെ ഒഴിവാക്കിത്തരണം. താന്‍ കവിതയെഴുതിയതു സമാനഹൃദയരെ ഉദ്ദേശിച്ചു മാത്രമാണ്, ഭാവിതലമുറയ്ക്കു വേണ്ടിയല്ല. കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ അനുവാദം കൊടുത്തതില്‍ ദുഃഖിക്കുന്നതായും ചുള്ളിക്കാട് പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.