1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2018

സ്വന്തം ലേഖകന്‍: മെസിയും ക്രിസ്റ്റ്യാനോയുമല്ല; ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന്. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നെതര്‍ലന്‍ഡ് താരം അദ ഹെര്‍ഗല്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ നേടി.

ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന പുരസ്‌കാരം പാരിസില്‍ നടന്ന ചടങ്ങില്‍ മോഡ്രിച്ച് ഏറ്റുവാങ്ങി. 2008 മുതല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡായോ മാത്രം സ്വന്തമാക്കിയ പുരസ്‌കാരത്തിനാണ് പത്ത് വര്‍ഷത്തിന് ശേഷം പുതിയ അവകാശിയെത്തുന്നത്. 2007ല്‍ കക്കയാണ് മെസ്സിയും റൊണാള്‍ഡോയുമല്ലാതെ പുരസ്‌കാരം നേടിയ അവസാനത്തെയാള്‍. ലോകമെങ്ങും നിന്നുള്ള സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍ വോട്ടെടുപ്പിലൂടെയാണ് മുപ്പതംഗ പട്ടികയില്‍ നിന്ന് ജേതാവിനെ തെരഞ്ഞെടുത്തത്.

പുരസ്‌കാര ജേതാവിനുള്ള അന്തിമപട്ടികയില്‍ മുപ്പതോളം പേരുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച മോഡ്രിച്ചിന് റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടവും പുരസ്‌കാരനേട്ടത്തിന് തുണയായി. പ്രഗല്‍ഭരായ ഇത്രയും കളിക്കാര്‍ക്കൊപ്പം നിന്ന് ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതില്‍ അഭിമാനമുണ്ട്. എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.. ക്രൊയേഷ്യയ്ക്കായി ആദ്യമായി ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ട് മുപ്പത്തിമൂന്നുകാരനായ മോഡ്രിച്ച് പറഞ്ഞു.

ഒക്ടോബറില്‍ പ്രഖ്യാപിച്ച സാധ്യതാപട്ടികയില്‍ മെസ്സി അടക്കം 30 താരങ്ങളുണ്ടെങ്കിലും മോഡ്രിച്ചിനെ കൂടാതെ റൊണാള്‍ഡോയും അന്റോയിന്‍ ഗ്രീസ്മാനുമാണ് മൂന്നിലെത്തിയത്. പുരസ്‌കാരം നേടാന്‍ ആഗ്രഹമുണ്ടെന്ന് പലവട്ടം തുറന്നുപറഞ്ഞ ഗ്രീസ്മാന് പക്ഷേ അന്തിമ പ്രഖ്യാപനത്തില്‍ നിരാശനാവേണ്ടി വന്നു. റൊണാള്‍ഡോ രണ്ടാം സ്ഥാനത്ത് എത്തി. സൂപ്പര്‍താരം മെസ്സി അഞ്ചാം സ്ഥാനത്തായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.