1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2019

സ്വന്തം ലേഖകൻ: മാനുസ് ദ്വീപിൽ തടവിലാക്കപ്പെട്ടവരുടെ ശബ്ദമായി മാറിയ കുർദിഷ് ഇറാനിയൻ അഭയാർഥിയും മാധ്യമപ്രവർത്തകനുമായ ബെഹ്‍റൂസ് ബൂചാനി വര്‍ഷങ്ങളുടെ യാതനകൾക്കൊടുവിൽ സ്വാതന്ത്ര്യത്തിന്‍റെ മരുപ്പച്ച തേടി ന്യൂസിലാന്‍റിൽ വന്നിറങ്ങി. പപ്പുവ ന്യൂ ഗിനിയയിലെ മാനുസ് ദ്വീപിലെ തടവറയില്‍ നിന്ന് വാട്ട്സാപ്പിലൂടെ പുസ്‍തകമെഴുതിയാണ് ബൂചാനി ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

കുര്‍ദിഷ്-ഇറാനിയന്‍ അഭയാര്‍ത്ഥിയും മാധ്യമ പ്രവര്‍ത്തകനുമായ ബൂചാനിയുടെ പുസ്‍തകം നേടിയത് അരക്കോടി വില വരുന്ന പുരസ്‍കാരമാണ്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പുരസ്കാരമായ വിക്ടോറിയന്‍ സാഹിത്യ പുരസ്കാരമാണ് ‘നോ ഫ്രണ്ട്സ് ബട്ട് മൗണ്ടന്‍സ്- റൈറ്റിങ്ങ് ഫ്രം മാനൂസ് പ്രിസന്‍’ (No Friend But the Mountains: Writing from Manus Prison) എന്ന നോവലിന് അന്ന് ലഭിച്ചത്. മൊബൈല്‍ ഫോണിലായിരുന്നു നോവലെഴുത്ത്. പിന്നീടത് ഓരോ അധ്യായമായി പരിഭാഷകന് വാട്ട്സാപ്പില്‍ അയച്ചു കൊടുക്കുകയായിരുന്നു.

സ്വാതന്ത്യം ഒരു മൗലിക അവകാശമായി കണക്കാപ്പെടുന്ന ഈ കാലത്തും സ്വന്തം നിശ്വാസത്തിനെ പോലും ഭയന്ന് അധികാരത്തിന്‍റെ ചങ്ങലകെട്ടുകൾക്കിടയിൽ കിടക്കുകയായിരുന്ന ബൂചാനി, താൻ ഒരിക്കലും പപ്പുവ ന്യൂ ഗിനിയയിലേക്കോ ഓസ്‌ട്രേലിയയുടെ കുടിയേറ്റ ഭരണത്തിലേക്കോ മടങ്ങിപ്പോകില്ലെന്നും ഉറപ്പിച്ച് പറയുന്നു.

“ഇനിയൊരിക്കലും ഞാൻ ആ സ്ഥലത്തേക്ക് മടങ്ങില്ല… ഞാൻ സ്വന്ത്രനാകാൻ ആഗ്രഹിക്കുന്നു. അഭയാർത്ഥി എന്ന് മുദ്രകുത്തപ്പെടാതെ, വെറുമൊരു നമ്പറായി അറിയപ്പെടാതെ മറിച്ച് എന്‍റെ പേരിൽ അറിയപ്പെടാനാകുന്ന എവിടെയെങ്കിലും ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ബൂച്ചാനി പറഞ്ഞു.

പി‌എൻ‌ജിയിൽ ഓസ്‌ട്രേലിയയുടെ ഓഫ്‌ഷോർ പ്രോസസ്സിംഗ് ഭരണകൂടത്തിന്റെ കീഴിൽ തടവില്‍ക്കഴിഞ്ഞ ആറുവർഷത്തില്‍ ബൂച്ചാനി മാനുസ് ദ്വീപില്‍ തടവില്‍പ്പാര്‍പ്പിച്ചവരുടെ ശബ്‍ദമായും ഓസ്‌ട്രേലിയയിൽ തടവിലാക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടുന്ന പ്രവാചകനായും മാറി. ഗാർഡിയന് വേണ്ടിയും തടങ്കലിലുള്ള ജീവിതത്തെക്കുറിച്ച് അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്.

അതേസമയം ന്യൂസിലാന്‍റിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഓസ്ട്രേലിയയില്‍ കടുത്ത രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തി. ഓഫ്‌ഷോർ തടങ്കലിൽ കഴിയുന്ന അഭയാർഥികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച നിർദേശങ്ങളുടെ പേരിൽ ഓസ്‌ട്രേലിയൻ, ന്യൂസിലന്റ് സർക്കാരുകൾ തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.