1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മദ്യവിതരണത്തിനായി വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി തയ്യാറാക്കിയ ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കേണ്ടതില്ലെന്ന് കേരള സര്‍ക്കാര്‍. നിലവിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് എക്‌സൈസ് മന്ത്രി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ബെവ് ക്യൂ ആപ്പില്‍ രണ്ടാമത്തെ ദിവസവും സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചത്.

ചെറിയ ചില പോരായ്മകള്‍ പരിഹരിച്ചാല്‍ ആപ്പ് പ്രവര്‍ത്തന സജ്ജമാക്കാമെന്ന ഐ.ടി വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് ബെവ് ക്യൂ ആപ്പുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ന വൈകീട്ടോടെ പരിഹരിക്കണമെന്ന് മന്ത്രി ടി. പി രാമകൃഷ്ണന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ആപ്പിന്റ പ്രവര്‍ത്തനം ഐ. ടി സെക്രട്ടറി എം. ശിവശങ്കറും സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥും നേരിട്ട് പരിശോധിക്കാനും തീരുമാനമായി. കൊച്ചി ആസ്ഥാനമായ ഫെയര്‍കോഡ് എന്ന ഐ. ടി കമ്പനിയാണ് ആപ്പിന്റെ നിര്‍മാതാക്കള്‍.

അതിനിടെ പല ബാറുകളും ആപ്പ് വഴിയുള്ള ടോക്കണ്‍ ഇല്ലാതെ തന്നെ മദ്യവില്‍പ്പന നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. മൊബൈല്‍ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസം മദ്യം വാങ്ങാനായി ബാറുകളിലെത്തിയത്.

ബെവ് ക്യൂ ആപ്പില്‍ വ്യാപകമായി പരാതികള്‍ വന്നതോടെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതെ ഫെയര്‍കോഡ് ടെക്‌നോളജീസ് ഉടമകള്‍. ഇളങ്കുളം ചെലവന്നൂര്‍ റോഡിലെ ഇവരുടെ ഓഫിസില്‍ ഏതാനും ജോലിക്കാര്‍ മാത്രമാണ് ഇന്നെത്തിയതെന്നും കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ആപ് സംബന്ധിച്ച് ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ നേരത്തെ ഫെയ്‌സ്ബുക്ക് പേജിലൂടെ മറുപടി നല്‍കിയിരുന്നു. ഇതെല്ലാം പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പടെ ആരും ഫോണെടുക്കാനോ പ്രതികരിക്കാനോ തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആപ്പില്‍ വ്യാപകമായ സാങ്കേതിക തകരാറുകള്‍ നേരിട്ടതോടെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫെയര്‍കോഡ് കമ്പനിയുടെ ഫേസ്ബുക്ക് പേജിള്‍ അടക്കമാണ് പലരും തെറിവിളികളുമായി എത്തുന്നത്.

അതേസമയം ബെവ് ക്യൂ ആപ്പിന്റെ ടോക്കണ്‍ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്‌ലറ്റുകളിലും എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെ പലയിടത്തും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും മദ്യവില്‍പ്പന ഉണ്ടാവില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ബെവ് ക്യു ആപ്പിലെ സാങ്കേതിക പ്രശ്നങ്ങള്‍ ചൊവ്വാഴ്ചക്കകം പരിഹരിക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ പൂര്‍ണതോതില്‍ ആപ്പ് സജ്ജമാകുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ശനിയാഴ്ചത്തെ മദ്യവില്‍പ്പനയ്ക്കുളള ബുക്കിംഗ് ഇന്ന് വൈകീട്ട് ആറരയ്ക്ക് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.