1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2020

സ്വന്തം ലേഖകൻ: വിവാദമായ സുരക്ഷാ നിയമത്തിന് ചൈന അനുമതി നല്‍കിയാല്‍ ഹോങ്കോങിലെ 30 ലക്ഷം പേര്‍ക്കും ബ്രിട്ടനിലേക്ക് കുടിയേറാന്‍ അവസരമൊരുക്കുമെന്ന് ബോറിസ് ജോണ്‍സണ്‍. ഇതിനായി വിസ ചട്ടം ഭേദഗതി ചെയ്യുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു. ദ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയിരിക്കുന്നത്.

ചൈനയുടെ പുതിയ സുരക്ഷാ നിയമം തങ്ങളുടെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും കവര്‍ന്നെടുക്കുമെന്നാണ് ഹോങ്കോങിലെ പൗരന്മാരില്‍ പലരും ആശങ്കപ്പെടുന്നത്. നിലവിലെ പ്രതിസന്ധിയെക്കുറിച്ച് സഖ്യരാഷ്ട്രങ്ങളായ അമേരിക്കയുമായി ആസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തിയെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ചൈന കൊണ്ടുവന്ന സുരക്ഷാ നിയമം നിലവില്‍ വന്നാല്‍ നിരവധി പേരാണ് ഹോങ്കോങ് വിടുകയെന്ന് കരുതപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക പ്രഖ്യാപനം.

ചൈന നിയമം പാസാക്കിയാല്‍ ബ്രിട്ടീഷ് നാഷണല്‍(ഓവര്‍സീസ്) പാസ്‌പോര്‍ട്ടുള്ള ഹോങ്കോങുകാര്‍ക്ക് പ്രത്യേകം വിസയില്ലാതെ 12 മാസം ബ്രിട്ടനില്‍ താമസിക്കുന്നതിന് അനുമതി നല്‍കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഇത് ആറ് മാസമാണ്. ഹോങ്കോങില്‍ നിലവില്‍ 3.50ലക്ഷം പേര്‍ക്കാണ് ബി.എന്‍.ഒ പാസ്‌പോര്‍ട്ടുള്ളത്. എന്നാല്‍ ബാക്കിയുള്ള 26 ലക്ഷം ഹോങ്കോങ് നിവാസികള്‍ക്കും വിസയില്ലാതെ ഒരു വര്‍ഷം ബ്രിട്ടില്‍ കഴിയാന്‍ അനുമതി നല്‍കും. ‘ഇത് ഹോങ്കോങുകാര്‍ക്ക് ബ്രിട്ടീഷ് പൗരത്വത്തിലേക്കുള്ള വഴിയായി മാറു’മെന്നാണ് ജോണ്‍സണ്‍ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്.

1842 മുതല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997ലാണ് ചൈനക്ക് തിരികെ നല്‍കുന്നത്. അപ്പോള്‍ 2047 വരെ സ്വയംഭരണത്തിന് ഹോങ്കോങിന് അവകാശമുണ്ടെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ‘ഒരു രാജ്യം രണ്ട് വ്യവസ്ഥ’ എന്ന ഹോങ്കോങുമായുള്ള നയം മാറ്റിയാണ് ചൈന അധികാരം വേഗത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ലോകത്തെ പ്രധാന സാമ്പത്തിക വ്യാപാര പ്രദേശങ്ങളിലൊന്നായ ഹോങ്കോങിനെ ഇത് വലിയ തോതില്‍ ബാധിക്കുമെന്ന ആശങ്ക സജീവമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.