1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2020

സ്വന്തം ലേഖകൻ: ബ്രെക്സിറ്റ്‌ നടപ്പിലാക്കാൻ എട്ടു ദിവസം മാത്രം ശേഷിക്കെ ബ്രെക്സിറ്റ്‌ ബിൽ ഇരു സഭകളും പാസ്സാക്കി. നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കിയ ബിൽ പ്രഭുസഭ ഭേദഗതികളോടെ തിരിച്ചയയ്ക്കുകയായിരുന്നു. പ്രഭുസഭയുടെ അംഗീകാരത്തോടെ ബിൽ വീണ്ടും പാസായിരിക്കുകയാണ്. ജനുവരി 31 നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് പോകുന്നത്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ വഴിയൊരുക്കിയ ബിൽ ഇന്നലെയാണ് പാർലമെന്റ് പാസാക്കിയത്. യുകെയിൽ നിന്ന് പുറത്തുകടന്ന ശേഷം വ്യാപാരം, കുടിയേറ്റം, മീൻപിടുത്തം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ബ്രിട്ടീഷ് ജനത ആഗ്രഹിച്ച എല്ലാ സ്വാതന്ത്ര്യങ്ങളെയും പരമാവധി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

പാർലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ ബില്ലിന് ഇനി രാജ്ഞിയുടെ അനുമതിയും യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരവും മാത്രമാണ് വേണ്ടത്. അടുത്തയാഴ്ചയോടെ ഇതിനും അംഗീകാരം ലഭിക്കും. ജനുവരി 31 ന് രാത്രി പതിനൊന്ന് മണിയോടെ ജനങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ടാകും ബ്രെക്സിറ്റ്‌ നടപ്പിൽ വരുത്തുക.

ബ്രിട്ടനിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ബ്രെക്സിറ്റിനു ശേഷവും അവിടെ തുടരാമെന്ന ഉറപ്പ് രേഖാമൂലം നൽകണമെന്ന പ്രഭുസഭയുടെ ഭേദഗതി പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിന്മാറ്റ നടപടികളുടെ താളംതെറ്റിച്ചു. 270– 229 നാണ് പ്രഭുസഭ ഈ ഭേദഗതി അംഗീകരിച്ചത്.

ഇത്തരം താമസക്കാർ ഓൺലൈനായി റജിസ്റ്റർ ചെയ്താൽ മതിയെന്നായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ, വീട് വാടകയ്ക്കെടുക്കുന്നതിനും മറ്റും രേഖ ആവശ്യമാണെന്ന് പ്രഭുസഭ ചൂണ്ടിക്കാട്ടി. ജനപ്രതിനിധി സഭ അംഗീകരിച്ച ബിൽ നിയമമാകുന്നതു തടയാൻ പ്രഭുസഭയ്ക്കു കഴിയില്ല.

തിരഞ്ഞെടുക്കപ്പെട്ട ജനസഭയ്ക്ക് പ്രഭുസഭയുടെ തീരുമാനം തള്ളാനാൻ അധികാരമുണ്ട്. അതിന് ബിൽ ഒരിക്കൽ കൂടി ജനസഭയിൽ കൊണ്ടുവരേണ്ടിവരും. ബ്രെക്സിറ്റിനു ശേഷമുള്ള യൂറോപ്യൻ കോടതി വിധികളെ ബ്രിട്ടനിലെ കോടതികളുമായി കൂടിയാലോചിക്കാതെ സർക്കാർ തള്ളുന്നത് തടയാനുള്ള 2 ഭേദഗതികളിലും ചർച്ച നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.