1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2019

സ്വന്തം ലേഖകൻ: ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടുന്ന പ്രമേയം ബ്രിട്ടണ്‍ പാസാക്കി. കൺസർവേറ്റിവ് എംപി ഒലിവർ ലെറ്റ്‍വിൻ കൊണ്ടുവന്ന പ്രമേയം 306 നെതിരെ 322 വോട്ടിനാണ് പാസാക്കിയത്. ഇന്നലെ രാത്രി 11-നു മുൻപു കരാറിൽ തീരുമാനമായില്ലെങ്കിൽ മൂന്നു മാസം കൂടി കാലാവധി നീട്ടിത്തരാൻ അഭ്യർഥിച്ച് യൂറോപ്യൻ യൂണിയന് കത്തെഴുതണമെന്ന ബെൻ ആക്ട് വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് എംപിമാരുടെ നടപടി.

ആവശ്യപ്പെട്ടാൽ കാലാവധി നീട്ടിത്തരാമെന്നു നേരത്തേ തന്നെ പറഞ്ഞ ഇ.യു, ചർച്ചകൾക്കുശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതികരണം അറിയിക്കാമെന്നാണു സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ നിലപാട്.

നിയമപ്രകാരമുള്ള കത്തെഴുതില്ലെന്നും 31നുതന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നുമായിരുന്നു പാർലമെന്റിലെ തിരിച്ചടിക്കു ശേഷവും ജോൺസൻ പ്രതികരിച്ചത്. ഇന്നലത്തെ സമ്മേളനത്തിൽ ബ്രെക്സിറ്റ് കരാർ വോട്ടെടുപ്പിനു പകരമാണു നേരത്തെ പാർലമെന്റ് അംഗീകരിച്ച ബെൻ ആക്ട് അനുസരിച്ചു ബ്രെക്സിറ്റ് നീട്ടാനുള്ള പ്രമേയം പാസ്സാക്കിയത്. കാലാവധി നീട്ടാൻ ആവശ്യപ്പെട്ട ശേഷം മാത്രം പുതിയ കരാർ പരിഗണിച്ചാൽ മതിയെന്ന ലെറ്റ്‍വിന്റെ നിലപാട് ജോൺസന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

പുതിയ കരാര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ മാസം 31 ന് തന്നെ ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണ് ബോറിസ് ജോണ്‍സൺ ആഹ്വാനം ചെയ്തിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി തെരേസമേയ് കഴിഞ്ഞ ജൂണില്‍ രാജി വെച്ചത് ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.