1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2019

സ്വന്തം ലേഖകൻ: പുതിയ ബ്രെക്സിറ്റ് കരാർ നാളെ ബ്രിട്ടിഷ് പാർലമെന്റിൽ ചർച്ചയ്ക്ക്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയൻ (ഇയു) പ്രസിഡന്റ് ജോൻ ക്ലോദ് യുങ്കറുമായി ബ്രസൽസിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണു പുതിയ കരാറായത്. നാളത്തെ പ്രത്യേക സമ്മേളനത്തിൽ എംപിമാർ അംഗീകരിച്ചാൽ 31നു തന്നെ ബ്രിട്ടനു യൂറോപ്യൻ യൂണിയൻ വിടാം. 37 വർഷത്തിനു ശേഷമാണു ബ്രിട്ടനിൽ ശനിയാഴ്ച ദിവസം പാർലമെന്റ് സമ്മേളിക്കുന്നത്. ബ്രെക്സിറ്റ് തീയതി ഇനി നീട്ടുന്ന പ്രശ്നമില്ലെന്ന് യുങ്കർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

ബ്രസൽസിൽ ഇയു അംഗരാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ പുതിയ കരാറിനു പച്ചക്കൊടി ലഭിച്ചേക്കുമെങ്കിലും ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം നേടുകയെന്ന വലിയ പ്രതിസന്ധിയാണു മുന്നിൽ. ‘ഗംഭീര’മെന്നു ജോൺസൻ വിശേഷിപ്പിച്ച പുതിയ കരാറിൽ വിയോജിച്ച് അദ്ദേഹത്തിന്റെ കൺസർവേറ്റിവ് പാർട്ടി സർക്കാരിനെ പിന്തുണയ്ക്കുന്ന ഐറിഷ് സഖ്യകക്ഷിയായ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) രംഗത്തുണ്ട്. 650 അംഗ പാർലമെന്റിൽ 318 വോട്ടു നേടിയാലേ കരാറിന് അംഗീകാരം ലഭിക്കൂ. ഡിയുപിയുടെ 10 അംഗങ്ങളെ കൂടി ചേർത്ത് ആകെ 318 സീറ്റാണ് കൺസർവേറ്റിവ് പാ‍ർട്ടിക്ക് ഇപ്പോഴുള്ളത്.

റിപ്പബ്ലിക് ഓഫ് അയർലൻഡും വടക്കൻ അയർലൻഡും തമ്മിൽ പ്രത്യക്ഷ അതിർത്തി പാടില്ലാത്തതിനാൽ അതിനു ബദലായി നിർദേശിച്ചിരുന്ന ‘ബാക്സ്റ്റോപ്’ എന്ന വിവാദവ്യവസ്ഥ ഒഴിവാക്കിയതാണു പുതിയ കരാറിന്റെ സവിശേഷത. ഇതു നടപ്പാക്കാൻ വടക്കൻ അയർലൻഡ് അസംബ്ലിയുടെ അംഗീകാരവും വേണം.

‘ബ്രെക്സിറ്റ് തുക’യായി ബ്രിട്ടൻ 3300 കോടി പൗണ്ട് ഇയുവിനു കൊടുക്കണമെന്നതുൾപ്പെടെ പല പഴയവ്യവസ്ഥകളും അതേപടി തുടരും. ജോൺസന്റെ മുൻഗാമി തെരേസ മേ ഇയുവുമായി ചർച്ച ചെയ്തു തയാറാക്കിയ കരാർ 3 തവണയാണു ബ്രിട്ടിഷ് പാർലമെന്റ് തള്ളിയത്. മേയുടെ കരാറിനെക്കാൾ മോശമാണു ജോൺസന്റേതെന്നു പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് ജെറമി കോർബിൻ പ്രതികരിച്ചു. അംഗീകാരം നൽകരുതെന്നും എംപിമാരോട് ആഹ്വാനം ചെയ്തു.

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ബ്രെക്സിറ്റ് ഉടമ്പടി സംബന്ധിച്ച് ധാരണയായതോടെ ബ്രിട്ടനിലെ വലിയ വിപണിയില്‍ യൂറോപ്പിന് പുറത്തെ നിക്ഷേപകര്‍ക്ക് സാധീന ശക്തി വര്‍ധിപ്പിക്കാന്‍ മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, ഇത് ബ്രിട്ടനില്‍ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല അവസരമായാണ് കരുതപ്പെടുന്നത്.

ബ്രെക്സിറ്റില്‍ ഏറ്റവും കൂടുതല്‍ ഗുണങ്ങളുണ്ടാകുന്നത് ടാറ്റാ ഗ്രൂപ്പിനായിരുക്കുമെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് അടക്കമുളള ദേശീയ മാധ്യമമങ്ങള്‍ നല്‍കുന്ന സൂചന. ബ്രിട്ടനിലെ ഏറ്റവും വലിയ വ്യവസായ നിക്ഷേപകര്‍ ടാറ്റാ ഗ്രൂപ്പാണ്. ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്), ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റാ ഗ്ലോബല്‍ ബിവറേജസ് തുടങ്ങിയ കമ്പനികള്‍ വഴി ഏകദേശം 50 ബില്യണ്‍ പൗണ്ടാണ് ബ്രിട്ടനില്‍ ടാറ്റാ ഗ്രൂപ്പ് നടത്തിയിരിക്കുന്ന നിക്ഷേപം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.