1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2019

സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കായി തങ്ങളുടെ വിമാനവാഹിനിക്കപ്പലായ ക്വീന്‍ എലിസബത്തിന്റെ മാതൃകയില്‍ വിമാനവാഹിനിക്കപ്പല്‍ നിര്‍മിച്ച് നല്‍കാമെന്ന് ബ്രിട്ടണ്‍. ബ്രിട്ടീഷ് നാവിക സേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണ് എച്ച്.എം.എസ് ക്വീന്‍ എലിസബത്ത്. കപ്പല്‍ ഇന്ത്യയില്‍ നിര്‍മിക്കാമെന്നാണ് ബ്രിട്ടണ്‍ മുന്നോട്ടുവെച്ചിരിക്കുന്ന വാഗ്ദാനം. ഇന്ത്യയുമായി പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇന്ത്യന്‍ നാവിക സേന താത്പര്യപ്പെടുന്ന ആധുനിക സാങ്കേതിക വിദ്യയായ ഇലക്ട്രിക് പ്രൊപ്പല്‍ഷനിലാണ് ക്വീന്‍ എലിസബത്ത് പ്രവര്‍ത്തിക്കുന്നത്. ക്വീന്‍ എലിസബത്ത് പദ്ധതിയുടെ ഭാഗമായ രണ്ടാമത്തെ കപ്പലിന്റെ പണിപ്പുരയിലാണ് ബ്രിട്ടണ്‍. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കോട്ട്‌ലന്‍ഡിലെ റോസിത്ത് ഡോക്‌യാര്‍ഡില്‍ ഇന്ത്യന്‍ഡ സംഘം ഇതിന്റെ ഭാഗമായി സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

മൂന്ന് വിമാനവാഹിനിക്കപ്പല്‍ എന്നത് ഇന്ത്യന്‍ നാവികസേനയുടെ സ്വപ്‌നമാണ്. ഇതിലേക്കാണ് ബ്രിട്ടണ്‍ മോഹന വാഗ്ദാനം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മേഖലയില്‍ എവിടേക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സേനാ വിന്യാസം ശക്തിപ്പെടുത്താന്‍ മൂന്ന് വിമാനവാഹിനിക്കപ്പല്‍ വേണമെന്നതാണ് നാവികസേനയുടെ നിലപാട്.

നിലവില്‍ ഇന്ത്യയ്ക്ക് ഒരേയൊരു വിമാനവാഹിനിക്കപ്പലാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. റഷ്യയില്‍ നിന്ന് വാങ്ങി വിക്രമാദിത്യ എന്ന് പുനര്‍നാമകരണം ചെയ്ത വിമാനവാഹിനിക്കപ്പലാണ് നാവികസേനയുടെ പക്കലുള്ളത്. തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാമത്തെ കപ്പല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതിനിടെയാണ് ക്വീന്‍ എലിസബത്ത് ക്ലാസിലുള്ള വിമാനവാഹിനിക്കപ്പല്‍ എന്ന വാഗ്ദാനം ബ്രിട്ടണ്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏത് ഷിപ്പ്‌യാര്‍ഡില്‍ വേണമെങ്കിലും അത് നിര്‍മിക്കാന്‍ സഹകരിക്കാമെന്നാണ് ബ്രിട്ടണ്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഇരുനാവിക സേനകളും തമ്മില്‍ സമുദ്ര സുരക്ഷാ മേഖലയില്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.