1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഒടുവിൽ കൊവിഡിന്റെ രണ്ടാംവരവ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ തുറന്നു സമ്മതിച്ചു. രാജ്യത്തെങ്ങും കൊവിഡിന്റെ രണ്ടാംവരവ് ദൃശ്യമാണെന്നും എന്നാൽ ഇതിന്റെ പേരിൽ നേരത്തെ ചെയ്തപോലുള്ള സമ്പൂർണ ലോക്ക്ഡൌണിലേക്കു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

രോഗ നിയന്ത്രണത്തിനായി കൂടുതൽ കഡശനമായ സോഷ്യൽ ഡിസ്റ്റൻസിംങ് നടപടികൾ സ്വീകരിക്കും. ദേശീയതലത്തിൽ ലോക്ക്ഡൗൺ ഒഴിവാക്കാനായി മൂന്നു ശ്രേണിയിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ദിവസേന അഞ്ഞുറിൽ താഴെ ആളുകൾ മാത്രം രോഗികളായിരുന്ന സാഹചര്യത്തിൽ നിന്നും ഒരാഴ്ച കൊണ്ട് നാലായിരത്തിലേറെ ആളുകൾ രോഗികളാകുന്ന സാഹചര്യത്തിലേക്ക് ബ്രിട്ടണിൽ സ്ഥിതി മാറി. ഇന്നലെ മാത്രം ബ്രിട്ടനിൽ രോഗികളായത് 4,322 പേരാണ്. ദിവസേന പത്തിൽ താഴെയായിരുന്ന മരണനിരക്കും ഒരാഴ്ചകൊണ്ട് മുപ്പതോട് അടുത്തു.

ഇന്നലെ മാത്രം ബ്രിട്ടനിൽ കൊവിഡ് മൂലം മരിച്ചത് 27 പേരാണ്. സ്കൂളുകളെല്ലാം തുറന്നതും വ്യാപാര സ്ഥാനപങ്ങളും ഓഫിസുകളുമെല്ലാം പതിവുപോലെ പ്രവർത്തനം ആരംഭിച്ചതുമാണ് ബ്രിട്ടണിൽ രണ്ടാം രോഗ വ്യാപനത്തിന് വഴിവച്ചിരിക്കുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ലണ്ടൻ നഗരത്തിലെ വിശ്വവിഖ്യാതമായ വെടിക്കെട്ട് റദ്ദാക്കി. ന്യൂ ഇയർ രാത്രിയിൽ ഒരുലക്ഷംപേർ നേരിട്ടും ഒന്നരക്കോടി ആളുകൾ ടെലിവിഷനിലൂടെയും ആസ്വദിക്കുന്ന ലണ്ടൻ ഐയിലെ വെടിക്കെട്ട് റദ്ദാക്കിയതായി മേയർ സാദിഖ് ഖാനാണ് അറിയിച്ചത്.

ന്യൂ ഇയർ രാത്രിയിൽ ലണ്ടൻ നഗരത്തെ ആകെ ഉൽസവലഹരിയിലാക്കുന്ന വെടിക്കെട്ടും ആഘോഷങ്ങളും റദ്ദാക്കുന്നതിനു പകരമായി ആളുകൾക്ക് വീട്ടിലിരുന്ന് ആസ്വദിക്കാവുന്ന തരത്തിൽ പുതിയ ആഘോഷമാർഗം കണ്ടെത്തുമെന്ന് മേയർ സാദിഖ് ഖാൻ അറിയിച്ചു.

വരുന്ന മാസങ്ങളില്‍ യൂറോപ്പില്‍ കോവിഡ് മരണസംഖ്യയില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഏറ്റവും കരുതിയിരിക്കേണ്ടതെന്നും സംഘടനയുടെ യൂറോപ്യന്‍ വിങ് ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ സ്പെയ്നും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നതാണു കണ്ടുവരുന്നത്. ഏപ്രിലിലെ ഉയര്‍ന്ന കണക്കിനെക്കാള്‍ കൂടുതല്‍ രോഗബാധിതരുടെ എണ്ണം വെള്ളിയാഴ്ച മാത്രം യൂറോപ്യന്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, രോഗബാധ ശക്തമായിരുന്ന സമയത്തെ അപേക്ഷിച്ച് ശരാശരി മരണസംഖ്യ ഇപ്പോള്‍ കുറവാണ്. മഹാമാരി അവസാനിക്കുന്നതിനുള്ള ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.