1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2019

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുന്നത് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ വിട്ടുപോകൽ – ബ്രെക്സിറ്റ് – സുഗമമമാക്കും. ജനുവരി 31 ന് ബ്രെക്സിറ്റ് യാഥാർഥ്യമാക്കാനാണ് ജോൺസൺ ഉദ്ദേശിക്കുന്നത്.

ബ്രെക്സിറ്റ് കരാറിന് നിശ്ചിത സമയപരിധിയായ കഴിഞ്ഞ ഒക്ടോബർ 31നുള്ളിൽ പാർലമെന്റിന്റെ അനുമതി നേടാൻ കഴിയാതെ വന്നതുകൊണ്ടാണ് ബോറിസ് ജോൺസൻ ഇടക്കാല തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ബ്രെക്സിറ്റിന്റെ പേരിൽ കുഴഞ്ഞു മറിഞ്ഞ ബ്രിട്ടനിൽ 4 വർഷത്തിനിടയിലെ മൂന്നാം പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്.

വൻ തിരിച്ചടി നേരിട്ട ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ നേതൃപദവിയൊഴിയുമെന്നു പ്രഖ്യാപിച്ചു. നേട്ടമുണ്ടാക്കുമെന്നു കരുതിയ ലിബറൽ ഡമോക്രാറ്റ്സിന്റെ ജോ സ്വിൻസനും സ്ഥാനമൊഴിഞ്ഞു. സ്വിൻസൻ സ്വന്തം സീറ്റിലും പരാജയപ്പെട്ടു.

സ്കോട്‍ലൻഡിൽ സ്കോട്ടിഷ് നാഷനൽ പാർട്ടിക്കു വൻ മുന്നേറ്റം. സ്കോട്‍ലൻഡ് സ്വാതന്ത്ര്യം എന്ന ആവശ്യം കൂടുതൽ ശക്തമാകുമെന്നു വിലയിരുത്തൽ. 1980 ൽ മാർഗരറ്റ് താച്ചർ നേടിയ വിജയത്തിനു ശേഷം കൺസർവേറ്റിവ് പാർട്ടിയുടെ ഏറ്റവും വലിയ വിജയം. ലേബർ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ പല മേഖലകളിലും കൺസർവേറ്റിവ് പാർട്ടി മുന്നേറ്റം. 1935 നു ശേഷം ലേബറിനുണ്ടായ ഏറ്റവും വലിയ തോൽവി.

ഫലം പുറത്തുവന്നതോടെ ബ്രിട്ടിഷ് പൗണ്ടിന്റെ മൂല്യം കുതിച്ചുയർന്നു. ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ അടക്കം 15 ഇന്ത്യൻ വംശജർ വിജയിച്ചു. പ്രീതി പുതിയ മന്ത്രിസഭയിലും തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബോറിസ് ജോൺസനെ അഭിനന്ദിച്ചു.

ബ്രിട്ടിഷ് പാർലമെന്റിലെ ഇന്ത്യൻ വംശജ എംപിമാരുടെ എണ്ണം ഇത്തവണ റെക്കോർഡാണ് –15. കൺസർവേറ്റിവ് പാർട്ടി (ടോറികൾ) വൻ വിജയം നേടിയ തിരഞ്ഞെടുപ്പാണെങ്കിലും ഇന്ത്യൻ എംപിമാർ പ്രതിപക്ഷത്തും തുല്യശക്തി തന്നെയാണ്: ടോറികൾ – 7, ലേബർ പാ‍ർട്ടി – 7. ഒരാൾ ലിബറൽ ഡമോക്രാറ്റ്.

ബോറിസ് ജോൺസന്റെ വിജയത്തെ ആവേശത്തോടെയാണ് ഇന്ത്യൻ വംശജർ സ്വീകരിച്ചത്. ജോൺസന്റെ തിരിച്ചുവരവും ബ്രെക്സിറ്റും വ്യാപാരം, ശാക്തികബന്ധം, തൊഴിൽ തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകൾ ഇന്ത്യയ്ക്കു മുൻപിൽ തുറന്നിടുമെന്നാണ് ഒരു വിഭാഗം നിരീക്ഷകർ വിലയിരിത്തുന്നത്.

ലേബർ പാർട്ടിയോട് പൊതുവേ ആഭിമുഖ്യമുണ്ടായിരുന്ന ഇന്ത്യൻ വംശജരെ ജെറമി കോർബിന്റെ ഇന്ത്യ വിരുദ്ധ നയങ്ങൾ ചൊടിപ്പിച്ചിരുന്നു. ഇന്ത്യ–പാക്ക് പ്രശ്നങ്ങളിൽ പാക്ക് അനുകൂല സമീപനമാണ് കോർബിൻ പലപ്പോഴും സ്വീകരിക്കാറുള്ളത്. ഇത് ടോറികൾക്കു ഗുണം ചെയ്തു.

15 ലക്ഷം ഇന്ത്യൻ വോട്ടർമാരാണ് ബ്രിട്ടനിലുള്ളത്. ഇന്ത്യൻ വികാരം മുതലെടുക്കാൻ ബോറിസ് ജോൺസൻ പരമാവധി ശ്രമിക്കുകയും ചെയ്തു. നീസ്ഡനിലെ പ്രശസ്തമായ സ്വാമിനാരായൺ ക്ഷേത്രം വോട്ടെടുപ്പിനു ദിവസങ്ങൾക്കു മുൻപ് ജോൺസൺ സന്ദർശിച്ചിരുന്നു. കാമുകി കാരി സൈമണ്ട്‌സ് സാരിയുടുത്താണ് ജോൺസനൊപ്പം ക്ഷേത്രത്തിലെത്തിയത്. സിഖ് ഗുരുദ്വാരകളും ഇരുവരും സന്ദർശിച്ചിരുന്നു. പുതിയ ഇന്ത്യ സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളുമായി കൈകോർക്കുമെന്നും 2020 ൽ ഇന്ത്യ സന്ദർശിക്കുമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ജോൺസൻ പ്രഖ്യാപിച്ചതും ഇന്ത്യൻ വംശജരായ വോട്ടർമാരെ ഉന്നം വച്ചായിരുന്നു.

മൂന്നു വർഷത്തോളം സ്തംഭനത്തിലായിരുന്ന ബ്രെക്സിറ്റ് ഇനി ശക്തമായി മുന്നോട്ടുപോകുമെന്നാണ് ബ്രിട്ടനിലെ തിരഞ്ഞെടുപ്പുഫലം നൽകുന്ന സൂചന. തിരഞ്ഞെടുപ്പിൽ ജോൺസന്റെ നിശ്ചയദാർഢ്യമാണ് തുണയായത്. ജോൺസൺ നിശ്ചയിച്ച സമയപരിധി മാറ്റിവയ്ക്കേണ്ടിവന്നെങ്കിലും നല്ല ഭൂരിപക്ഷം ലഭിച്ചാൽ ജനുവരി അവസാനത്തോടെ ബ്രെക്സിറ്റ് യാഥാർഥ്യമാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.