1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2020

സ്വന്തം ലേഖകൻ: ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ ബോളിവുഡ് നടി ദീപിക പദുക്കോണിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അനുകൂലികളും ബി.ജെ.പി, ആര്‍.എസ്.എസ് അനുകൂലികളും ഹെയ്റ്റ് ക്യാമ്പയിനുമായി രംഗത്ത്. സംഭവം നടന്ന് രണ്ട് ദിവസം കഴിയവേ കേന്ദ്രസര്‍ക്കാരും ദീപിക പദുക്കോണിനെതിരെയുള്ള നടപടികള്‍ ആരംഭിച്ചു

നൈപുണ്യ വികസ മന്ത്രാലയത്തിന്റെ പ്രമോഷന് വേണ്ടി ദീപിക പദുക്കോണ്‍ സംസാരിക്കുന്ന വീഡിയോ പുറത്തിറക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആസിഡ് ആക്രമണത്തിന് ഇരയായവരെ കുറിച്ചും സ്‌കില്‍ ഇന്ത്യ പദ്ധതിയെ കുറിച്ചുമാണ് വീഡിയോയില്‍ ദീപിക സംസാരിക്കുന്നത്. ദ പ്രിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

“സ്‌കില്‍ ഇന്ത്യയെ പ്രമോട്ട് ചെയ്യുന്ന ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന വീഡിയോ ഇന്നാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. വീഡിയോ മന്ത്രാലയത്തില്‍ അടക്കം പ്രചരിച്ചിരുന്നു. പക്ഷെ ഇന്നലത്തെ സംഭവങ്ങള്‍ക്ക് ശേഷം വീഡിയോ വേണ്ടെന്ന് വെക്കുകയായിരുന്നു,” ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദ പ്രിന്റിനോട് പറഞ്ഞു.

ദീപികയുടെ പുതിയ ചിത്രം ഛപക് ബഹിഷ്‌കരിക്കാനും ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്യാനും സംഘപരിവാര്‍ അനുകൂല സംഘടനകളും വ്യക്തികളും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഈ ക്യാംപയ്നുകള്‍ ബിജെപി അനുകൂലികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

സോഷ്യല്‍മീഡിയയില്‍ ദീപികയ്‌ക്കെതിരെ അരങ്ങേറിയ ഹേറ്റ് ക്യാംപയ്‌നുകള്‍ നടിയുടെ ഇമേജും ജനപ്രീതിയും വര്‍ധിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഛപക് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ ട്വിറ്ററില്‍ ദീപികയെ ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ വമ്പന്‍ വര്‍ദ്ധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. നാല്‍പ്പതിനായിരം ഫോളോവേഴ്സാണ് ഒറ്റ ദിവസം കൊണ്ട് ദീപികയ്ക്ക് ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.