1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2020

സ്വന്തം ലേഖകൻ: വൻസുരക്ഷാ സംവിധാനങ്ങളുള്ള ഒരു രാജ്യത്തെ മുഴുവൻ കബളിപ്പിച്ച് പെട്ടിയിൽ കയറി വിമാനത്തിൽ ലബനിലിലേക്ക് മുങ്ങിയ ഓട്ടമൊബീൽ കമ്പനി നിസാന്റെ മുൻ തലവൻ കാർലോസ് ഘോനാണ് ജപ്പാനിലെ ഇപ്പോഴത്തെ സംസാരവിഷയം. അതിസുരക്ഷാ പരിശോധനകളിൽ നിന്നെല്ലാം വിദഗ്ധമായി രക്ഷപ്പെട്ടാണ് ഘോനിന്റെ പലായനം.

ടയർ കമ്പനി മിഷലിൻ, ഫ്രഞ്ച് കാർ കമ്പനി റെനോ, ജപ്പാൻ കാർ കമ്പനി നിസാൻ എന്നിവയെ പ്രതിസന്ധികളിൽ കമ്പോളത്തിൽ വിജയിപ്പിച്ചത് ഘോനായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ബിസിനസുകാരനായിരുന്നു അദ്ദേഹം. എന്നാൽ കമ്പനിയുടെ പണം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതുൾപ്പെടെയുള്ള കേസുകളെത്തിയതോടെ അദ്ദേഹം വിവാദങ്ങളിൽ കുടുങ്ങി.

ഡിസംബർ 29നു ടോക്കിയോയിലെ വീട്ടിൽ നിന്നിറങ്ങിയ ഘോൻ ഓസക വരെ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത ശേഷമാണ് കൻസായ് വിമാനത്താവളത്തിൽ നിന്നു സ്വകാര്യ ജെറ്റ് വിമാനത്തിൽ ലബനനിലേക്കു കടന്നത്. സംഗീതോപകരണങ്ങൾ കൊണ്ടുപോകുന്ന തരത്തിലുള്ള വലിയ പെട്ടിയിലാക്കിയാണു ഘോനെ വിമാനത്തിൽ കയറ്റിയതെന്ന റിപ്പോർട്ടുകൾ ശരിയായിരുന്നു.

പെട്ടിയുടെ വലുപ്പക്കൂടുതലും എക്സ്റേ പരിശോധന ഒഴിവാക്കാൻ കാരണമായി. എന്നാൽ, തിങ്കളാഴ്ച മുതൽ ടോക്കിയോയിലെ 2 വിമാനത്താവളങ്ങളിലും ക‍ൻസായ്, നഗോയ വിമാനത്താവളങ്ങളിലും പരിശോധന ആരംഭിച്ചതായി നിയമമന്ത്രി മസാകോ മോറി അറിയിച്ചു. ഘോൻ ലബനനിലേക്കു മുങ്ങിയതു നാണക്കേടായതോടെ, ജപ്പാനിൽ സ്വകാര്യ വിമാനങ്ങളിലും ലഗേജ് പരിശോധന നിർബന്ധമാക്കി.

അതിനിടെ, ഘോന്റെ ഭാര്യ കാരളിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഘോനെതിരായ ക്രമക്കേടു കേസിൽ ഏപ്രിലിൽ ഇവർ നൽകിയ മൊഴികൾ വ്യാജമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. ലബനനിലേക്കു മുങ്ങിയ ഘോൻ ജാമ്യവ്യവസ്ഥകളുടെ കടുത്ത ലംഘനമാണു നടത്തിയതെന്നും നിയമനടപടികൾ തുടരുമെന്നു നിസാൻ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.