1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2019

സ്വന്തം ലേഖകൻ: വിമാന യാത്രയിൽ ഷെൽ‌ഡൻ‌ യെല്ലൻ എപ്പോഴും തിരക്കിലായിരിക്കും. തന്റെ കമ്പനിയിലെ ജീവനക്കാർക്ക് പിറന്നാൾ ആശംസാ കാർഡുകൾ എഴുതുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ, പ്രിയപ്പെട്ട തിരക്ക്. ബെൽഫോർ ഹോൾഡിങ്സ് എന്ന കമ്പനിയുടെ സിഇഒ ആണ് ഷെൽ‌ഡൻ‌ യെല്ലൻ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആകുന്നതിന് വളരെ മുമ്പുതന്നെ, 1985 മുതൽ യെല്ലൻ എല്ലാ ജീവനക്കാർക്കും ഓരോ വർഷവും ജന്മദിന കാർഡ് എഴുതാറുണ്ട്.

ഇന്ന് സി‌ഇ‌ഒ എന്ന നിലയിൽ താൻ പ്രതിവർഷം സ്വന്തം കൈകൊണ്ട് 7,400 കാർഡുകൾ എഴുതുന്നുവെന്ന് അദ്ദേഹം പറയുന്നു. വരുമാനം, പലിശ, നികുതി, മൂല്യത്തകർച്ച, കടം വീട്ടൽ എന്നതിനെക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ മനസിൽ “ഇനി എത്ര പേർക്ക് കൂടി എഴുതാനുണ്ട്” എന്ന കണക്കെടുപ്പാണ് നടക്കുന്നത്. 32 വർഷം മുമ്പ്, തന്റെ ഭാര്യാ സഹോദരനെ സ്ഥാപനത്തിൽ നിയമിച്ചശേഷമാണ് യെല്ലെൻ ഈ ശീലം ആരംഭിച്ചത്. ജന്മദിന കാർഡുകൾ ലഭിച്ചതിന് നന്ദി പറയാനെങ്കിലും ആളുകൾക്ക് തന്റെ അടുത്തേക്ക് വരാൻ തോന്നുമെന്ന് യെല്ലെൻ പറയുന്നു.

“അത് ശരിക്കും വർക്ക് ചെയ്തു. ആളുകൾ ഇതേക്കുറിച്ച് സംസാരിച്ചു തുടങ്ങി. ഞങ്ങൾ കൂടുതൽ ആശയവിനിമയം നടത്താൻ തുടങ്ങി. ഇത് കമ്പനിക്കുള്ളിൽ ബഹുമാനം നേടാൻ എന്നെ സഹായിച്ചുവെന്ന് ഞാൻ കരുതുന്നു,” യെല്ലെൻ പറഞ്ഞു. ഇപ്പോൾ തന്റെ ഓരോ വിമാന യാത്രയിലും യെല്ലെന്റെ പ്രധാന ജോലി ആശംസാ കാർഡ് എഴുതലാണ്. ഇത് നന്ദിക്കോ കടപ്പാടുണ്ടാക്കുന്നതിന് വേണ്ടിയോ മാത്രമല്ല. തന്റെ ജീവനക്കാർക്കു വേണ്ടി ഇത്തരത്തിൽ സമയം കണ്ടെത്തുന്നതിലൂടെ സ്നേഹവും അനുകമ്പയും നിറഞ്ഞ തൊഴിൽ സംസ്കാരം വളർത്തിയെടുക്കാൻ തനിക്കായെന്നാണ് അദ്ദേഹം പറയുന്നത്.

“ഇത് പ്രത്യേകിച്ച് ചെലവൊന്നുമില്ലാത്ത കാര്യമാണ്. ഒരാൾ നല്ലൊരു പ്രവൃത്തി ചെയ്യുമ്പോൾ അതിന് നന്ദി അറിയിച്ചും അവരെ അഭിന്ദിച്ചും അവർക്ക് കാർഡ് അയയ്ക്കുമ്പോൾ തങ്ങളുടെ പ്രവൃത്തി അംഗീകരിക്കപ്പെട്ടതിൽ അവർക്കും സന്തോഷം തോന്നും,”യെല്ലെൻ പറഞ്ഞു.

മിക്കപ്പോഴും കാർഡിൽ തന്റേതായ ഒരു സ്പർശം ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് യെല്ലൻ പറഞ്ഞു. താനും ജീവനക്കാരനും പങ്കിട്ട നിമിഷങ്ങളിലേക്കോ അല്ലെങ്കിൽ സംഭാഷണത്തിലേക്കോ ഓർമകളെ അദ്ദേഹം കൊണ്ടുപോകും. യെല്ലനുമായുള്ള ബന്ധം കണക്കിലെടുക്കാതെ ആളുകൾ അദ്ദേഹത്തിൽനിന്നു ഒരു കാർഡ് പ്രതീക്ഷിക്കാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.