1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2019

സ്വന്തം ലേഖകൻ: കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭരാജ് തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കാലഘട്ടം ഓര്‍ത്തെടുത്ത് തിഹാര്‍ ജയിലില്‍ ഡെപ്യൂട്ടി സൂപ്രണ്ടായും ലോ ഓഫീസറായും സേവനമനുഷ്ഠിച്ച സുനില്‍ ഗുപ്ത. 35 വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ചാള്‍സ് ശോഭരാജ് കൈക്കൂലി നല്‍കുമായിരുന്നെന്നും നിരന്തരമെത്തുന്ന പെണ്‍സുഹൃത്തുക്കളെ കാണാനായി ചാള്‍സിന് ജയില്‍ സൂപ്രണ്ടിന്‍റെ ഓഫീസിന് പിന്നിലെ മുറി തുറന്നു കൊടുക്കുമായിരുന്നെന്നും സുനില്‍ ഗുപ്ത പറഞ്ഞു. മാതൃഭൂമി ദിനപ്പത്രത്തിന്‍റെ വാരാന്ത്യ പതിപ്പില്‍ മനോജ് മേനോനുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തിഹാര്‍ ജയില്‍ അടക്കി വാണിരുന്ന ചാള്‍സ് ശോഭരാജ് തടവുകാരെ മാത്രമല്ല ജയില്‍ ഉദ്യോഗസ്ഥരെയും നിയന്ത്രിച്ചിരുന്നു. സ്വന്തം ജീവിതകഥ പുസ്തകമാക്കിയതിന് ലഭിച്ച റോയല്‍റ്റി പണം കൊണ്ട് അയാള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുമായിരുന്നു. പണം കൊടുക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥരുമായി നടത്തുന്ന സംഭാഷണങ്ങള്‍ ഡിക്ടാഫോണ്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്ത ശേഷം ചാള്‍സ് ഇതുപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുമായിരുന്നു. ചാള്‍സിന് നിരവധി പെണ്‍സൗഹൃദങ്ങളുണ്ടായിരുന്നെന്നും അവര്‍ ചാള്‍സിനെ കാണാന്‍ തിഹാര്‍ ജയിലില്‍ എത്തുക പതിവായിരുന്നെന്നും സുനില്‍ ഗുപ്ത പറഞ്ഞു.

പെണ്‍സുഹൃത്തുക്കളെ കാണാനായി ചാള്‍സിന് ജയില്‍ സൂപ്രണ്ടിന്‍റെ ഓഫീസിന് പിന്നിലെ മുറി പോലും തുറന്നുകൊടുത്തിരുന്നതായി കേട്ടിട്ടുണ്ട്. അന്ന് തിഹാറില്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. സന്ദര്‍ശിക്കാനെത്തുന്ന പെണ്‍സുഹൃത്തുക്കള്‍ക്ക് ഇന്നത്തെ 1000 രൂപയ്ക്ക് തുല്യമായ അമ്പത് രൂപ അന്ന് ചാള്‍സ് നല്‍കിയിരുന്നു. തിഹാര്‍ ജയിലില്‍ ചാള്‍സ് ശോഭരാജിനുണ്ടായിരുന്ന മുറി ഒരു സ്റ്റുഡിയോ അപ്പാര്‍ട്മെന്‍റിന് തുല്യമായിരുന്നെന്നും അയാള്‍ക്ക് സ്വന്തമായി പാചകക്കാരനുണ്ടായിരുന്നതായും സുനില്‍ ഗുപ്ത വെളിപ്പെടുത്തി.

ഓരോരുത്തരെയും നിരീക്ഷിച്ച് ഓരോ രീതിയിലാണ് ചാള്‍സ് സ്വാധീനിക്കുക. പണം വേണ്ടവര്‍ക്ക് പണം നല്‍കും. സുമുഖനായത് പലപ്പോഴും ആയുധമാക്കിയ ചാള്‍സ് സൂപ്രണ്ട് മുതല്‍ താഴേക്കുള്ള എല്ലാ ജയില്‍ ഉദ്യോഗസ്ഥരെയും സ്വാധീനിച്ചിരുന്നു. ഇംഗ്ലീഷില്‍ നന്നായി എഴുതാനും സംസാരിക്കാനും അസാമാന്യ കഴിവ് അയാള്‍ക്കുണ്ടായിരുന്നു. സഹതടവുകാര്‍ക്കും ഇംഗ്ലീഷ് വശമില്ലാത്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ചാള്‍സ് ഇംഗ്ലീഷില്‍ ഹര്‍ജികളും മറ്റും തയ്യാറാക്കി നല്‍കും.

നിയമം പഠിക്കാതെ പോലും കോടതികളില്‍ സ്വന്തമായി കേസ് വാദിക്കുകയും ചാള്‍സ് വാദിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകര്‍ വരെ അയാള്‍ക്ക് നിയമപുസ്തകങ്ങള്‍ നല്‍കി സഹായിക്കുമായിരുന്നെന്നും ഗുപ്ത പറഞ്ഞു. ‘അതിലൊരാള്‍ ജഡ്ജി പോലും ആയിട്ടുണ്ട്. അന്ന് സെലിബ്രിറ്റിയായിരുന്ന ചാള്‍സിനെ കാണാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂടുന്നത് പതിവായിരുന്നു. എന്നാല്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന ചാള്‍സിന്‍റെ സ്വഭാവം തനിക്ക് ഇഷ്ടമല്ലായിരുന്നു’- സുനില്‍ ഗുപ്ത കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.