1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2020

സ്വന്തം ലേഖകൻ: കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽനിന്ന് ചൈനീസ് സൈന്യം പിന്മാറിയതായി റിപ്പോർട്ട്. ഇരുഭാഗത്തും സേനാപിന്മാറ്റം നടന്നതായാണ് വിവരം. തുല്യദൂരം പിന്മാറിയാണ് അതിർത്തിയിൽ സുരക്ഷിത മേഖല സൃഷ്ടിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 15ന് ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൈനികതല ചർച്ചകൾ നടന്നിരുന്നു.

ഗൽവാനിൽനിന്ന് ചൈനീസ് സൈന്യം രണ്ട് കിലോമീറ്റർ പിന്മാറിയതായും ഇരു സേനകൾക്കുമിടയിൽ ബഫർസോൺ സൃഷ്ടിച്ചതുമായാണ് വിവരം. അതേസമയം, ഇത് യഥാർഥത്തിലുള്ളതും സ്ഥിരമായതുമായ പിന്മാറ്റമാണോയെന്ന് കാത്തിരുന്ന് കാണണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതിർത്തിസംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സൈനികതലത്തിലും നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടന്നിരുന്നു. ഇനിയും ചർച്ചകൾ തുടരാനുണ്ട്. ഈ സാഹചര്യത്തിലാണ് ചൈന പിന്മാറിയതായ വിവരങ്ങൾ പുറത്തുവരുന്നത്.

ഇന്ത്യ – ചൈന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ തുടർ ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ച് ചൈനയുമായുള്ള നയതന്ത്ര ചർച്ചകൾകളിൽ ഇനി ഡോവലും നിര്‍ണ്ണായക പങ്കു വഹിക്കും. ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തെ തുടർന്ന് ചൈനയുമായി ഉണ്ടായ അകൽച്ച പരിഹരിക്കാൻ ഉള്ള നീക്കങ്ങൾ തുടർന്ന് നടത്തുക ഡോവൽ ആയിരിക്കും.

അജിത്‌ ഡോവലും ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യിയും തമ്മില്‍ ഞായറാഴ്ച നിര്‍ണ്ണായക സംഭാഷണം നടന്നിരുന്നു. 2 മണിക്കൂര്‍ നീണ്ട ഈ സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും സമാധാനം ആഗ്രഹിക്കുന്നതായി വ്യക്തമാക്കി. തുടര്‍ന്നാണ് അതിര്‍ത്തിയില്‍ നിന്നും സേന പിന്മാറ്റം ആരംഭിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ സൈന്യവും സ്വീകരിച്ച ശക്തമായ നിലപാടാണ് ചൈനയുടെ പിന്മാറ്റത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

നിലവില്‍ 2 കിലോ മീറ്ററോളം ദൂരം ചൈന പിന്നിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്. ചൈനീസ് ടെന്റുകളും വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ മേഖലയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദർശിച്ചത്. അതിർത്തികൾ കൂട്ടിച്ചേർക്കുന്ന കാലം കഴിഞ്ഞെന്നും അങ്ങനെയുള്ളവർക്ക് തോൽവി ഏറ്റുവാങ്ങുകയോ പിന്തിരിയുകയോ ചെയ്യേണ്ടിവന്നിരുന്നെന്നും മോദി സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ-ചൈന കമാൻഡർ തലത്തിൽ മൂന്നാംവട്ട ചർച്ച നടന്നത്. യഥാർഥ നിയന്ത്രണരേഖയിൽ നിലനിൽക്കുന്ന സംഘർഷം കുറക്കുകയാണ് ചർച്ചയിൽ പ്രധാന വിഷയമായത്. തങ്ങൾ മുമ്പ് നിലയുറപ്പിച്ച സ്ഥാനങ്ങളിലേക്ക് പിൻവാങ്ങാൻ ചൈന തീരുമാനിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു.

ഗൽവാൻ താഴ്വരയിൽ ചൈന കടന്നുകയറ്റം നടത്തിയതായി ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമായിരുന്നു. മാസങ്ങൾക്ക് മുമ്പേ ഗൽവാൻ നദിക്കരയിൽ ചൈന നടത്തിയ സൈനിക വിന്യാസത്തിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയും അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കിയതോടെ സമീപകാലത്ത് കാണാത്ത രീതിയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ചൈനയുടെ പിന്മാറ്റത്തോടെ സംഘർഷാവസ്ഥക്ക് അയവു വരുമെന്നാണ് വിലയിരുത്തൽ.

അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ നടത്തിയ നയതന്ത്രങ്ങളുടെ വിജയം കൂടിയായാണ് ചൈനയുടെ പിന്മാറ്റം വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘര്‍ഷ മേഖലകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയതും ചൈനക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നാലെ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയും ശ്രദ്ധേയമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.