1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2019

സ്വന്തം ലേഖകൻ: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലീം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ എത്തിയേക്കും.

ജമ്മുകശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുപോലെ തന്നെ പൗരത്വഭേദഗതി ബില്ലും മുന്‍ഗണന അര്‍ഹിക്കുന്നതാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ബി.ജെ.പി പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞിരുന്നു.

ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിങ്ങനെ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ബില്‍.

ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ബി.ജെ.പി എം.പിമാരോട് പാര്‍ലമെന്റില്‍ ഹാജരാകണമെന്ന് നേതൃത്വം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുസ്‌ലീം കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനാല്‍ തന്നെ ബില്‍ മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

എന്നാല്‍ പരിഗണനയിലുള്ള മൂന്ന് അയല്‍രാജ്യങ്ങളും അടിസ്ഥാനപരമായി ഇസ്ലാമിക രാഷ്ട്രങ്ങളാണെന്നും അതിനാല്‍ അമുസ്ലിംകളാണ് അവിടെ മതപരമായ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നതെന്നുമായിരുന്നു രാജ്‌നാഥ് സിങ് ഇന്നലെ പറഞ്ഞത്.

ബില്‍ മതേതരത്വത്തിന് എതിരാണെന്ന വിമര്‍ശനം ശരിയല്ല. മുസ്‌ലിം രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ മതത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് പൗരത്വം കൊടുക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നായിരുന്നു രാജ്‌നാഥ് സിങ് പറഞ്ഞത്.

കഴിഞ്ഞ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ അസാധുവാകുകയായിരുന്നു. ബി.ജെ.പി എം.പിമാരുടെ പ്രതിവാര യോഗത്തില്‍ സംസാരിച്ച രാജ്നാഥ് സിങ് അടുത്തയാഴ്ച ബില്‍ പാര്‍ലമെന്റില്‍ വരാമെന്നും ഡിസംബര്‍ 10ന് മുമ്പ് ഇത് പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചിട്ടുണ്ട്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കാനുള്ള ബി.ജെ.പി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് അസമിലെ വിവിധ സംഘടനകള്‍. പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയായിരുന്നു അസമില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്.

പ്രതിഷേധക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റേയും കോലം കത്തിച്ചു. ബില്ലിനെതിരെ അസം സംഘ്യാലഘു (ന്യൂനപക്ഷ) സംഗ്രം പരിഷത്ത് പ്രതിഷേധ പ്രകടനം നടത്തുകയും സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.