1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2020

സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 80 ആയി. 2,744 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 300 പേരുടെ നില ഗുരുതരമാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധയില്‍ മരിച്ച 80 പേരില്‍ 76 പേരും കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.

വൈറസ് ബാധ ക്രമാതീതമായി പടരുന്നതിനാല്‍ ഹുബൈയില്‍ യാത്രാ നിരോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ചൈനയിലെ 12 നഗരങ്ങളിലാണ് യാത്രാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഹുബൈയില്‍ മാത്രം പത്തു ലക്ഷത്തോളം മെഡിക്കല്‍ ജീവനക്കാരാണ് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിനായി രംഗത്തുള്ളത്. വുഹാനിലെ യു.എസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ അമേരിക്ക നാളെ തിരിച്ചു കൊണ്ടു പോകും.

കൊറോണ വൈറസ് ബാധ ശരീരത്തില്‍ കടന്ന് 14 ദിവസത്തിനിടയിലാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുക. ഈ ഘട്ടത്തില്‍ വൈറസ് ബാധയേറ്റയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണാത്തതിനാല്‍ രോഗ വ്യാപനം തടയല്‍ ദുഷ്‌കരമാണ്. ചൈനയ്ക്ക് പുറമെ ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണകൊറിയ, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ കൊറോണവൈറസ് പടരുന്നുവെന്ന് ചൈനീസ് ആരോഗ്യ മന്ത്രി അറിയിച്ചു. ഭീതിതമായ സാഹചര്യം തുടരുന്നു. വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു.

കൊറോണവൈറസ് പടര്‍ന്ന്പിടിക്കുന്നതിനിടെ എല്ലാ വന്യമൃഗങ്ങളേയും വില്‍പന നടത്തുന്നതിന് ചൈന ഔദ്യോഗികമായി വിലക്കേര്‍പ്പെടുത്തി. വന്യമൃഗങ്ങളില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണിത്. അതേ സമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈറസ് പടരുന്നതിന്റെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.