1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2020

സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. 830 പേരില്‍ വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. വൈറസ് ബാധിത പ്രദേശത്തെ ജനങ്ങള്‍ രണ്ടാഴ്ച പുറത്തിറങ്ങരുതെന്ന് നിര്‍ദേശം. ചൈനീസ് വന്‍മതില്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.

കൊറോണ വൈറസ് ബാധ ലോക സമ്പദ്ഘടയെയും ബാധിച്ചു. എണ്ണവില ബാരലിന് 62 ഡോളറിലേക്ക് ഇടിഞ്ഞു.
കൊറോണ വൈറസ് ബാധ പടര്‍ന്നതിന് പിന്നാലെ ലോകം മുഴുവന്‍ ജാഗ്രതയിലാണ്. അതിനിടെയാണ് ചൈനയില്‍ വൈറസ് ബാധയേറ്റവരുടെ മരണം കൂടുന്നത്. കൂടുതല്‍ മരണങ്ങളും ഹുബെയ് പ്രവിശ്യയിലാണ്. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെ നിരീക്ഷിക്കുന്നത് തുടരുകയാണ്.

വുഹാന്‍ ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വൈറസ് വ്യാപനത്തെ ഭീതിയോടെയാണ് ആരോഗ്യമേഖല കാണുന്നത്. കൊറോണ ബാധക്ക് മരുന്നില്ല എന്നതാണ് രോഗത്തെ കുറിച്ചുള്ള ഭീതി ഉയരാനുള്ള മറ്റൊരു കാരണം. രോഗ പ്രതിരോധ ശേഷി കൂടുതല്‍ ഉള്ളവര്‍ക്ക് മാത്രമേ അതിജീവിക്കാന്‍ കഴിയൂ എന്ന് നേരത്തെ ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വൈറസ് ബാധയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വുഹാനില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള എല്ലാ സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.

കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചൈനയിൽ നിന്ന് മുംബൈയില്‍ എത്തിയ രണ്ട് പേരെ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നിരീക്ഷണത്തിലാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ചൈനയില്‍ നിന്ന് മുംബൈയിലെത്തിയ ഇരുവര്‍ക്കും നേരിയ ചുമയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നാണ് കസ്തൂർബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസർ ഡോ. പദ്മജ കേസ്‌കർ പറഞ്ഞു. നിരീക്ഷണത്തിലുള്ളവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൊറോണ വൈറസ് അണുബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി പ്രത്യേക വാർഡ് തയ്യാറാക്കിയിട്ടുണ്ടെന്നും പദ്മജ പറഞ്ഞു. ചൈനയിൽ നിന്ന് എത്തിയ ആര്‍ക്കെങ്കിലും കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ വിവരം നൽകാൻ നഗരത്തിലെ എല്ലാ സ്വകാര്യ ഡോക്ടർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡോ. പദ്മജ വ്യക്തമാക്കി. കൊറോണ വൈറസിനെക്കുറിച്ചും അസുഖത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും മഹാരാഷ്ട്ര സർക്കാരിൽ നിന്ന് വിശദമായ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവ കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കസ്തൂർബ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ എന്തെങ്കിലും കാണിച്ചാൽ ചൈനയിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക വാർഡിലേക്ക് അയയ്ക്കാൻ മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡോക്ടർമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങി വിവിധ വിമാനത്താവളങ്ങളിൽ ബുധനാഴ്ച വരെ 12,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.