1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2020

സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. ചൈനയില്‍ കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച വുഹാന്‍ പ്രവിശ്യയിലാണ് മരണ സംഖ്യ 17 ആയത്. അതേസമയം 544 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. രോഗ വ്യാപനം തടയുന്നതിനായി പ്രദേശത്തെ പൊതു ഗതാഗത സംവിധാനങ്ങള്‍ താല്‍കാലികമായി നിര്‍ത്തലാക്കി.

വുഹാനില്‍ നിന്നാണ് ബെയിജിങ്, ഷാങ്ഹായ്, മക്കാവു, ഹോങ് കോങ് എന്നിവിടങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടായതെന്നാണ് അനുമാനം. വന്യമൃഗങ്ങളുടെ ഇറച്ചി കള്ളക്കടത്തിലൂടെയാണ് വൈറസ് വ്യാപനം ഉണ്ടായതെന്നാണ് നിഗമനം. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഹ്യുവാങ്ഗാങ് നഗരത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തിലെ പൊതുഗതാഗത സേവനങ്ങള്‍ നിര്‍ത്തിവെക്കാനും ട്രെയിന്‍, ബസ് സ്റ്റേഷനുകള്‍ അടച്ചിടാനും അധികൃതര്‍ നിര്‍ദേശം നല്‍കി. ആളുകള്‍ കൂടുതലായി വരുന്ന സിനിമാശാലകള്‍, ഇന്റര്‍നെറ്റ് കഫേകള്‍, സ്റ്റേഡിയങ്ങള്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനവും നിര്‍ത്തിവെയ്ക്കും. നിലവിലെ സാഹചര്യത്തില്‍ നഗരത്തിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി.

വൈറസ് ബാധ ആദ്യം കണ്ടെത്തിയ വുഹാനില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഹ്യുവാങ്ഗാങ് നഗരം. ഏകദേശം 75 ലക്ഷത്തോളമാണ് ഇവിടെത്ത ജനസംഖ്യ. നേരത്തെ വുഹാനിലും സമാനരീതിയിലുള്ള നിയന്ത്രണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനമായ ബെയ്ജിങിലെ പുതുവത്സരാഘോഷങ്ങളും റദ്ദാക്കി.

അതേസമയം, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ ഇതുവരെ 17 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അറുനൂറിലേറെ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. യു.എസിലും മക്കാവുവിലും കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധിച്ച രോഗികള്‍ ചികിത്സ തേടിയിരുന്നു.

സൗദിയില്‍ നഴ്സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വിമാനത്താവളത്തില്‍ മെഡിക്കല്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.