1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2020

സ്വന്തം ലേഖകൻ: ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നഗരം വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെന്ന് സൂചന. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് ഇതിനകം 56 പേർ മരണമടഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. പുതിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന 250 ഇന്ത്യൻ വിദ്യാർത്ഥികളെ വുഹാൻ വിടാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പട്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

വുഹാനിലും അടുത്ത പ്രദേശങ്ങളിലുമായി 700 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനായി എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ഭൂരിഭാഗവും മെഡിക്കൽ വിദ്യാർത്ഥികളാണ്. എന്നാൽ 11 മില്യൺ ആളുകൾ താമസിക്കുന്ന വുഹാനിൽ നിന്ന് അധികൃതർ ആരേയും പോകാൻ അനുവദിക്കുന്നില്ല. ഇതിനം രാജ്യത്ത് 1,300 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ചൈനീസ് പുതുവർഷാവവധി പ്രമാണിച്ച് നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.

എന്നാൽ 250-നും 300നും ഇടക്ക് വിദ്യാർത്ഥികൾ ഇപ്പോഴും വുഹാനിലുണ്ടെന്നാണ് കണക്കുകൾ. നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന് മുമ്പായി നിരവധി വിദ്യാർത്ഥികൾ വുഹാൻ നഗരം വിട്ടിരുന്നു. ചൈനയിൽ നിന്നെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നത് ഇന്ത്യ കർശനമാക്കിയിരുന്നു. പ്രത്യേകിച്ചും വുഹാനിൽ നിന്നെത്തുന്നവരെ. വുഹാനിൽ നിന്ന് 17 നഗരങ്ങളിലേക്ക് ചൈനീസ് അധികൃതർ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വുഹാൻ അധികൃതർ എല്ലാത്തരത്തിലുള്ള സ്വകാര്യ ഗതാഗത സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.

കൊറോണ വൈറസ് വ്യാപിക്കുന്നതോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ചൈന വിടാനുള്ള സൌകര്യങ്ങൾ ചെയ്തുു നൽകണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തോടും വുഹാൻ അധികൃതരോടും ഇന്ത്യ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ചൈനയിലുള്ള വിദേശികളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകാമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതിനിടെ അതിവേഗം പടരുന്ന കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരണസംഖ്യ 56 ആയി ഉയര്‍ന്നു. ഹ്യൂബായ് പ്രവിശ്യയില്‍ വൈറസ് ബാധയെ തുടര്‍ന്ന് 13 പേര്‍ മരിച്ചു. 323 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1985 ആയി. സാര്‍സ് (SARS) രോഗത്തോട് സാദൃശ്യമുള്ള കൊറോണ വൈറസ് ബാധയുടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സ്ഥിരീകരിച്ചു.

ബെയ്ജിങ്, ഷാങ്ഹായ് എന്നിവടങ്ങളില്‍ നിന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുപ്പതോളം ചൈനീസ് പ്രവിശ്യകളിലും മുന്‍സിപ്പാലിറ്റികളിലും സ്വയം ഭരണപ്രദേശങ്ങളിലും 1757 കേസുകള്‍ സ്ഥിരീകരിച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍(എന്‍സിഎച്ച്) റിപ്പോര്‍ട്ട് ചെയ്തു. 2684 പേര്‍ക്ക് കൊറോണ വൈറസ് ബാധ സംശയിക്കുന്നതായും 324 പേര്‍ക്ക് രോഗാവസ്ഥ ഗുരുതരമായതായും എന്‍സിഎച്ച് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.