1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2020

സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി. 3143 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കവിഞ്ഞു. അതേസമയം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ കേസുകള്‍ കുറഞ്ഞതായും രോഗം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനയാണിതെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ ചൈനയെ കൂടാതെ 27 രാജ്യങ്ങളിലായി 320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ പകർച്ചവ്യാധിയെക്കുറിച്ച് ആദ്യം മുന്നറിയിപ്പു നൽകിയ ഡോക്ടർ ലീ വെൻലിയാങിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.

കൊറോണ വൈറസ് ബാധ ചൈനാ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കും മുൻപേ ലീ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ ലീക്കെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് അദ്ദേഹത്തിനു മാപ്പപേക്ഷ നൽകേണ്ടിവന്നു. ലോകാരോഗ്യ സംഘടന ലീയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വ്യാഴാഴ്ച വ്യാപകമായിരുന്ന പ്രതിഷേധ പോസ്റ്റുകൾ ഇന്നലെയോടെ അപ്രത്യക്ഷമായി.

കൊറോണബാധ നിയന്ത്രിക്കാൻ ആവുന്നതെല്ലാം ചെയ്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വ്യക്തമാക്കി. വൈറസ് ഭീതിയിൽ ചൈനയിലെ നഗരങ്ങൾ ആളൊഴിഞ്ഞ നിലയിൽ തുടരുന്നു. വിവിധ രാജ്യങ്ങളിൽനിന്നു ചൈനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നതും തുടരുന്നു. ഷാങ്ഹായിയിൽ സ്കൂളുടെ അവധി ഒരു മാസം കൂടി നീട്ടി.

കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചതിൽ മുഖ്യപ്രതി ഈനാംപേച്ചികളെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ചൈനീസ് ഗവേഷകർ. ഈനാംപേച്ചിയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യരിലെ വൈറസിന്റെ ഘടനയുമായി 99 % സാദൃശ്യമുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.