1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ നേരിടാൻ യൂറോപ്പും യുഎസും ശക്തമായി പോരാടുമ്പോൾ, ലോകമൊന്നാകെ മുൻകരുതൽ എടുത്തില്ലെങ്കിൽ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ലക്ഷക്കണക്കിനുപേർ കൊല്ലപ്പെടുമെന്ന് സന്നദ്ധ സംഘടനകൾ. ആഫ്രിക്കയിലേതുപോലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലും സിറിയ, യെമൻ പോലെ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിലും വൈറസ് എത്തിയാൽ മരിച്ചുവീഴുക ലക്ഷക്കണക്കിനു പേരായിരിക്കും. അവിടങ്ങളിലെ വൃത്തിയും ശുചിത്വവും ഇപ്പോഴും വളരെ മോശപ്പെട്ട അവസ്ഥയിലാണ്. മാത്രമല്ല, പേരിനുപോലും മികച്ച സാമൂഹിക ക്ഷേമ സംവിധാനങ്ങൾ ഈ രാജ്യങ്ങളില്ല.

കോവിഡിൽ ആഫ്രിക്കയിലാകെ 83 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച വരെ ഭൂഖണ്ഡത്തിലാകെ 3,200 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആഫ്രിക്കൻ യൂണിയൻ അറിയിച്ചു. വരുമാനം കുറഞ്ഞ രാജ്യങ്ങളിലും ആഭ്യന്തര സംഘർഷം നിറഞ്ഞ രാജ്യങ്ങളിലും പകർച്ചവ്യാധിയുണ്ടായാൽ പൂർണനശീകരണമായിരിക്കും ഫലമെന്നാണ് വിലയിരുത്തൽ. അഭയാർഥികൾ, വീടുകളിൽനിന്നു മാറ്റപ്പെട്ട് താമസിക്കുന്നവർ തുടങ്ങിയവരെയായിരിക്കും പകർച്ചവ്യാധി ഏറ്റവുമധികം ബാധിക്കുകയെന്ന് ഇന്റർനാഷനൽ റെസ്ക്യൂ കമ്മിറ്റി (ഐആർസി) പറഞ്ഞു.

ഭക്ഷണം, ശുദ്ധജലം തുടങ്ങിയവ ഇല്ലാത്തതും കടുത്ത തണുപ്പിനോടു പോരടിക്കുന്നവരുമായി ആയിരക്കണക്കിനുപേരാണ് ഇത്തരം രാജ്യങ്ങളിൽ ജീവിക്കുന്നത്. മോശം ആരോഗ്യമുള്ള ഇവരുടെ അടുത്തേക്ക് പകർച്ചവ്യാധി എത്തിയാൽ ഉണ്ടാവുന്ന ദുരന്തം ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കുമെന്നും ഐആർസി പ്രതിനിധി മിസ്റ്റി ബസ്‌വൽ പറഞ്ഞു.

അതേസമയം, അടിയന്തര നടപടിയെടുത്തില്ലെങ്കിൽ 40 മില്യൻ ജനങ്ങൾ മരിക്കുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളജ് മുന്നറിയിപ്പു നൽകിയിട്ടും സമ്പന്ന സർക്കാരുകൾ ചെറിയ തുകകൾ മാത്രമേ കോവിഡിനെ നേരിടാൻ ഉപയോഗിക്കുന്നുള്ളൂവെന്ന് രാജ്യാന്തര സന്നദ്ധ സംഘടനകളിലൊന്നായ ഓക്സ്ഫാമിന്റെ ഇടക്കാല എക്സിക്യൂട്ടീവ് ഡയറക്ടർ ചേമ വെര പറ‍ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.