1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2020

സ്വന്തം ലേഖകൻ: തുടക്കത്തിലെ പാളിച്ചകൾ പരിഹരിച്ച്, അദൃശ്യനായ ശത്രുവിനെതിരെ അരയും തലയും മുറുക്കി പോരാടാനാണ് ബ്രിട്ടന്റെ നടപടികൾ. എൻ.എച്ച്.എസിൽ വോളന്റയർമാരായി പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് അഞ്ചു ലക്ഷത്തിലേറെ പേരാണ്. രണ്ടര ലക്ഷം വോളന്റിയർമാരെ ആവശ്യമുണ്ടെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് ഇരുപത്തിനാലു മണിക്കൂറികമാണ് അഞ്ചുലക്ഷം പേർ സന്നദ്ധത അറിയിച്ചത്.

ഇവരോടൊപ്പം മെഡിക്കൽ, നഴ്സിംങ് വിദ്യാർഥികളടങ്ങുന്ന 24,000 പേരുടെ സംഘവും വിരമിച്ച നഴ്സുമാരുടെയും ഡോക്ടർമാരുടെയും 11,000 വരുന്ന സംഘവും രംഗത്തിറങ്ങുന്നതോടെ കോവിഡിനെതിരായ പോരാട്ടത്തിൽ വൻ മുന്നേറ്റം കൈവരിക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

പനിലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധനയ്ക്കു വിധേയരാക്കത്തക്ക വിധം 35 ലക്ഷം പരിശോധനാ കിറ്റുകളും ഉടൻ ലഭ്യമാക്കും. ആദ്യം എൻഎച്ച്എസ് സ്റ്റാഫിനും മറ്റ് കീ വർക്കർമാർക്കുമാകും ടെസ്റ്റിങ് സൌകര്യം ഏർപ്പെടുത്തുക.

രാജ്യം പരിപൂർണ ലോക്ക്ഡൌണിലായ ഇന്നലെ ബ്രിട്ടണിലെ മരണനിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇന്നലെ 28 പേരാണ് ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ചത്.ഇതോടെ രാജ്യത്തെ ആകെ മരണസഖ്യ 468 ആയി. 47 വയസുള്ള ഒരാളും ഇന്നലെ മരിച്ചവരിൽ ഉൾപ്പെടുന്നു.

ഇന്നലെ രാവിലെ ചാൾസ് രാജകുമാരനും രോഗബാധിതനായി എന്ന റിപ്പോർട്ട് പുറത്തുവന്നതോട ആശങ്കാകുലരായ ജനങ്ങൾക്ക് ആശ്വാസം പകരുന്നതായിരുന്നു മരണനിരക്ക് കുറഞ്ഞെന്ന വൈകുന്നേരത്തെ വാർത്ത. ചൊവ്വാഴ്ച മാത്രം മരിച്ചത് 87 പേരായിരുന്നു. ഇതാണ് ഇന്നലെ 28 ആയി കുറഞ്ഞത്. സോഷ്യൽ ഡിസ്റ്റൻസിംങ് ഫലപ്രദമായി തുടരുകയും ചികിൽസാ സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്യുന്നതോടെ മരണനിരക്ക് പിടിച്ചു നിർത്താനാകുമെന്നാണ് അധികൃതരുടെ വിശ്വാസം.

കോവിഡ് പടരുന്നതു തടയാൻ ജനം ചില ത്യാഗങ്ങൾ സഹിച്ചേ തീരൂവെന്നും കഴിവതും വീട്ടിലിരിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പാർലമെന്റിന്റെ ജനസഭയിൽ ചോദ്യോത്തരവേളയിലാണു പ്രധാനമന്ത്രിയുടെ ആഹ്വാനം.

സ്വയം തൊഴിൽ ഉപജീവനമാർഗമായിട്ടുള്ളവരെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് ഇന്നു പ്രഖ്യാപിക്കും. വാടകവീടുകളിൽ നിന്ന് ഒഴിക്കൽഭീഷണി നേരിടുന്നവരെയും സഹായിക്കും. സാധനങ്ങൾ‍ക്ക് അമിതവിലയിട്ടു കൊള്ളലാഭമുണ്ടാക്കുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും പ്രത്യേക സേനയെ നിയോഗിച്ചു.

ആരോഗ്യപ്രവർത്തകരെ വീട്ടിൽനിന്നു സുരക്ഷിതരായി ആശുപത്രിയിലെത്തിക്കാൻ ടാക്സി ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത് ആലോചനയിലുണ്ടെന്നും ജോൺസൻ പറഞ്ഞു. ദിവസം രണ്ടര ലക്ഷം സാംപിൾ പരിശോധനകളാണ് ഇപ്പോൾ നടത്തുന്നതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്തെ 6.6 കോടി ജനം വീട്ടിൽ കഴിയണമെന്ന നിർദേശം നേരത്തെ നടപ്പിലാക്കിയിരുന്നെങ്കിൽ മരണസംഖ്യ പിടിച്ചു നിർത്താൻ കഴിയുമായിരുന്നുവെന്നും സമർദ്ദങ്ങൾക്കു കീഴ്പ്പെട്ട ഒരാളുടെ ശരീര ഭാഷയാണ് ബോറിസ് ജോൺസനെന്നുമാണ് ചില രാജ്യാന്തര മാധ്യമങ്ങൾ വിമർശനം ഉയർത്തിയത്. സർക്കാർ നടപടികളെയും മെല്ലെപ്പോക്കിനെയും ചോദ്യം ചെയ്ത് രാഷ്ട്രീയ നിരീക്ഷകരും വിമർശകരും രംഗത്തെത്തുകയും ചെയ്തു

അതിനിടെ ബ്രിട്ടനില്‍ നിന്നുള്ള മുൻ എംപി അന്ന സൗബ്രി ബിബിസി ചാനലില്‍ നടത്തിയ ഒരു ചർച്ചയ്ക്കിടെ പറഞ്ഞ പരാമർശം ശ്രദ്ധേയമായി. കേരളത്തിലെ നഴ്സുമാരുടെ പ്രവർത്തന മികവിനെ അഭിനന്ദിക്കുന്ന വീഡിയോയിൽ “നമുക്കുള്ളത് ഏറ്റവും മികച്ച നഴ്സുമാരാന്. അവര്‍ ദക്ഷിേണന്ത്യയിൽനിന്ന്, ശരിയായി പറഞ്ഞാൽ കേരളത്തിൽനിന്നുള്ള നഴ്സുമാർ ആണ്. അവരില്‍ നിന്നും നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ അവരെ നാം തീർച്ചയായും ആശ്രയിക്കുകയാണ്. ഈ മികച്ച നഴ്സുമാരുടെ സേവനം ബ്രിട്ടന് ഗുണം ചെയ്യുന്നുണ്ട്,” എന്നാണ് എംപി പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.