1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2020

സ്വന്തം ലേഖകൻ: കോവിഡ്–19 രോഗത്തിൽനിന്നു രക്ഷയ്ക്കായി ഇറ്റലിയിൽ ക്യൂബന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും പറന്നിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മരുന്നാണ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി. വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി തന്നെ. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍തന്നെ നിര്‍മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ കോവിഡ് ചികിത്സയ്ക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളിൽ ഉള്‍പ്പെട്ടിരുന്നു.

കൊറോണ വൈറസിന്റെ സ്വഭാവവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്റര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്നു മുൻപ് കണ്ടെത്തിയിരുന്നു. രോഗികളില്‍ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവുമെന്ന് ക്യൂബന്‍ ജൈവസാങ്കേതിക വിദഗ്ധയായ ഡോ. ലൂയിസ് ഹെരേരാ മാര്‍ട്ടിനസ് വിശദീകരിക്കുന്നു. ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്നതാണ് 52അംഗ ക്യൂബൻ സംഘം. ഇറ്റലിയില്‍ കൊറോണ ഏറ്റവും കൂടുതല്‍ നാശം വിതച്ച ലോംബാര്‍ഡിയിലേക്കാണ് വൈദ്യസംഘം എത്തുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇറ്റലിക്കു പുറമേ വെനസ്വേല, നിക്കാരഗ്വ, ജമൈക്ക,സുരിനാം, ഗ്രനേഡ എന്നിവിടങ്ങളിലേക്കും ക്യൂബ വൈദ്യസംഘത്തെ അയച്ചിരുന്നു.

ഇതാദ്യമായല്ല മഹാമാരികളുടെ സമയത്ത് വിദേശരാജ്യങ്ങളിലേക്ക് ക്യൂബ വൈദ്യസംഘത്തെ അയക്കുന്നത്. ഹെയ്തിയില്‍ കോളറയുടെ സമയത്തും എബോളയുടെ സമയത്ത് പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കും ക്യൂബ വൈദ്യസംഘങ്ങളെ അയച്ചിരുന്നു.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇറ്റലിയില്‍ 59,138പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതില്‍ 7,024പേര്‍ രോഗമുക്തി നേടി. 5,476പേര്‍ മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.