1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2020

സ്വന്തം ലേഖകൻ: കോവിഡ്-19 ന്റെ വ്യാപനം തടയാൻ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വിലവയ്‌ക്കാതെ ഒരുകൂട്ടം ആളുകൾ. സംസ്ഥാനം പൂർണ്ണമായി അടച്ചിട്ടിട്ടും ജനങ്ങൾ റോഡിലിറങ്ങി. കർശന നിയന്ത്രണങ്ങൾ ലംഘിച്ച് ഒരുപാട് പേരാണ് പൊതുനിരത്തിലിറങ്ങിയത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പലയിടത്തും കഷ്‌ടപ്പെട്ടു. ശാന്തമായ ഭാഷയിലാണ് ഇപ്പോൾ പറയുന്നതെന്ന് ഇനി ഇതായിരിക്കല്ല നിലപാടെന്നും പൊലീസ് അധികൃതർ വ്യക്‌തമാക്കി.

അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി മാത്രമേ പുറത്തിറങ്ങാവൂ എന്ന് പൊലീസ് നിർദേശമുണ്ടായിട്ടും സ്വകാര്യ വാഹനങ്ങളിൽ പലരും യാത്ര ചെയ്‌തത് പൊലീസിനു തലവേദനയായി. വീടുകളിൽ ഇരുന്ന് ബോറടിച്ചപ്പോൾ പുറത്തിറങ്ങിയതാണ് എന്ന് പലരും തങ്ങളോട് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ആളുകൾ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, അടുത്ത ദിവസം മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസർകോട് ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. നിരോധനാഞ്ജ പ്രഖ്യാപിച്ചതോടെ ജില്ല പൂർണമായും നിശ്ചലമായി. അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങിയവരെ പൊലീസ് വിരട്ടിയോടിക്കുകയാണ്. ആയിരത്തി അഞ്ഞൂറ് പൊലീസുകാരെ അധികം വിന്യസിച്ചു. മേൽനോട്ടത്തിനായി ഐജി അടക്കം അഞ്ച് ഐപിഎസുകാർ വേറെയും.

നിയന്ത്രണങ്ങൾ ലംഘിച്ച രണ്ട് രോഗ ബാധിതരുടെ പാസ്പോർട്ട് കണ്ടുകെട്ടാൻ ജില്ലാ കളക്ടർ നിർദേശം നൽകി. രോഗം മറച്ച് വച്ച് പൊതു ഇടങ്ങളിൽ പെരുമാറിയ രണ്ട് കൊവിഡ് ബാധിതരുടെ പാസപോർടാണ് കണ്ടുകെട്ടിയത്. അവരിനി ഗൾഫ് കാണില്ലെന്ന് കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ എല്ലാം കര്‍ശന നടപടി ഉണ്ടാകും.

99.99 ശതമാനം പേരും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിര്‍ദ്ദേശങ്ങളോട് സഹകരിക്കുന്നുണ്ട്. എന്നാൽ ബാക്കി ഉള്ളവര്‍ അങ്ങനെ അല്ല .എന്ത് വിലക്ക് വന്നാലുംബാധകമല്ല എന്ന് കരുതുന്നവരെ അതേ രീതിയിൽ തന്നെ നേരിടാനാണ് തീരുമാനം. ഭക്ഷ്യ വസ്തുക്കൾ വീടുകളിലേക്ക് നേരിട്ടെത്തിക്കുന്നത് നിലവിൽ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. പകരം നിശ്ചിത സമയത്ത് ഇത്തരം കടകൾ തുറക്കുമെന്ന് ഉറപ്പുവരുത്തും.

ലോക് ഡൌണിനിടയിലും തെക്കന്‍ കേരളത്തില്‍ ജനം സാധാരണ പോലെ പുറത്തിറങ്ങി. ഇതോടെ, പോലീസ് ഇടപെട്ട് പലരെയും തിരിച്ചയച്ചു. നിയന്ത്രണം പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

ലോക്ക്ഡൌൺ തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിലായിരുന്നു ജനങ്ങളിൽ പലരുടേയും പ്രതികരണം. തെക്കൻ കേരളത്തിൽ നിരത്തുകളും കടകളും രാവിലെ മുതൽ തന്നെ സജീവമായിരുന്നു.നിയന്ത്രങ്ങൾ ലംഘിക്കപ്പെട്ടതോടെ പോലീസ് നേരിട്ട് ഇടപെട്ടു. തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണർ തന്നെ രംഗത്തിറങ്ങി കടകളടപ്പിച്ചു.

കൊല്ലത്തും നിരവധി വാഹനങ്ങൾ റോഡിലിറങ്ങി. സൂപ്പർ മാർക്കറ്റിലും കടകളിലും തിരക്ക് കൂടിയതോടെ കലക്ടർക്ക് ഇടപെടേണ്ടി വന്നു. അഞ്ചലിൽ പൂട്ടിക്കിടന്ന ആശുപത്രി കൊറോണ കെയർ സെന്ററിനായി ഉടമ വിട്ടുനൽകാത്തതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ പൂട്ടു പൊളിച്ച് സ്ഥാപനം ഏറ്റെടുത്തു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും നിർദേശങ്ങൾ ലംഘിച്ച് അനാവശ്യമായി ആളുകൾ പുറത്തിറങ്ങിയതോടെ പത്തനംതിട്ടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞയുടെ ഭാഗമായി പത്തനംതിട്ട നഗരത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി

ലോക്ക്ഡൌൺ ലംഘിച്ച് പുറത്തിറങ്ങിയവർക്കെതിരെ കടുത്ത ഭാഷയിലായിരുന്നു മന്ത്രി കടകംപളളി സുരേന്ദ്രന്റെ പ്രതികരണം. നിയന്ത്രണം പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

ലോക്ഡൌണിന്റെ ഭാഗമായി മധ്യകേരളത്തിലും കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങളടക്കം പരിശോധനവിധേയമാക്കുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളിലും ആളുകള്‍ കൂടാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മധ്യകേരളത്തിലെ എല്ലാ ടോള്‍ പ്ലാസകളും അടച്ചു.

എറണാകുളം ജില്ലയില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞയിലേക്ക് പോകാന്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തത്. അതേസമയം അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അഞ്ചില്‍‌ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാതിരിക്കാനുള്ള കര്‍ശനമായ പരിശോധനകള്‍ തുടരുകയാണ്.

ഇടുക്കി ജില്ലയില്‍ മൂന്നാറിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദേവികുളം താലൂക്കിലെ കെഡിഎച്ച്, മൂന്നാർ, കുഞ്ചിത്തണ്ണി, പള്ളിവാസൽ വില്ലേജുകളിലാണ് നിരോധനാജ്ഞ ബാധകമാവുക. അവശ്യസര്‍വീസുകളുമായി ബന്ധമില്ലാത്ത വാഹനങ്ങള്‍ ജില്ലാ അതിർത്തികളിലും മടക്കി അയക്കുന്നുണ്ട്.

പലയിടങ്ങളിലും സ്വകാര്യവാഹനങ്ങളുമായി ആളുകൾ നിരത്തിലിറങ്ങിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ജില്ലയിൽ വിവിധയിടങ്ങളിൽ പോലീസ് പരിശോധന കർശനമാക്കി. അനാവശ്യമായി റോഡിൽ ഇറങ്ങുന്നവർക്കെതിരെ കേസെടുക്കാനാണ് തീരുമാനം.

ലോക്ക് ഡൗണുമായി ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ കർശന നടപടിയെക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോട്ടയത്ത് എല്ലാ പ്രധാനപ്പെട്ട റോഡുകളിലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. 200 തൊഴിലാളികളെയെത്തിച്ച് പ്രവർത്തനം നടത്തിയ കോട്ടയത്തെ എംആർഎഫ് പൊലീസ് എത്തി പൂട്ടിച്ചു. നിരീക്ഷണം ലംഘിച്ച ഏഴ് പേർക്കെതിരെ കോട്ടയത്ത് മാത്രം കേസെടുത്തിട്ടുണ്ട്.

മലബാറിലെ എല്ലാ ജില്ലകളിലും നിയന്ത്രണങ്ങൾ ശക്തമാക്കി. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാനായി പോലീസ് പരിശോധന ആരംഭിച്ചു. കണ്ണൂരും മലപ്പുറത്തും നിയന്ത്രണങ്ങൾ കാര്യമാക്കാതെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയത് പോലീസിനും തലവേദനയായി. ജില്ലാ അതിർത്തികളിൽ പരിശോധനയും കർശനമാക്കി.

അതിനിടെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമെങ്കിൽ കത്തോലിക്കാസഭയുടെ ആശുപത്രികൾ വിട്ടുനൽകാമെന്ന് കെസിബിസി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കത്തോലിക്കാസഭയുടെ കീഴിലുള്ള ആശുപത്രികൾ ആവശ്യം വന്നാൽ വിട്ടുനൽകാമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ.ജോർജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാണ് കർദിനാൾ സന്നദ്ധത അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.