1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2020

സ്വന്തം ലേഖകൻ: : കൊവിഡ് 19 ന്റെ ആശങ്ക വര്‍ധിപ്പിക്കുകയാണ് നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് ജമാ അത്ത് സമ്മേളനം. രാജ്യത്ത് ഇതിനോടകം തന്നെ നിസാമുദ്ദീന്‍, കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടായിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര്‍ കൊവിഡ് 19 നെ തുടര്‍ന്ന് മരിച്ചു എന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത 45 പേരെ തിരിച്ചറിഞ്ഞു. കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പത്തനംതിട്ട 14, ആലപ്പുഴ 8, കോഴിക്കോട് 6, ഇടുക്കി 5, പാലക്കാട് 4, മലപ്പുറം 4, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് കണക്ക്. ആകെ 1830 പേരെ തിരിച്ചറിഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം മർക്കസിൽ നിന്ന് 441 പേരെ കൊവിഡ് രോഗലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ദില്ലിയിലെ ആശുപത്രികളിലേക്ക് മാറ്റി. ജനുവരി ഒന്ന് മുതലാണ് തബ്‌ലീഗ് പ്രവർത്തനത്തിൽ പങ്കെടുക്കാൻ 2,100 പേർ ഇന്ത്യയിലെത്തിയത്. ഇവരിൽ 824 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയി. 216 പേർ നിസാമുദ്ദീൻ മർക്കസിൽ താമസിക്കുകയായിരുന്നു. മറ്റുള്ളവർ ലോക്ക് ഡൗണിന് മുൻപ് ഇന്ത്യ വിട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം.

നിസാമുദ്ദീനിലെ മർക്കസിൽ 216 വിദേശികളും താമസിച്ച് വന്നിരുന്നുവെന്ന് കണ്ടെത്തൽ. ജനുവരി ഒന്നിന് ശേഷം ഇന്ത്യയിലേക്ക് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ വന്ന 2,100 പേരിലുള്ളവരാണ് ഇവർ. സമ്മേളനത്തില്‍ പങ്കെടുത്ത തമിഴ്‌നാട്, കശ്മീര്‍ സ്വദേശികളും മരിച്ചിട്ടുണ്ട്. 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന് ദല്‍ഹി ആരോഗ്യമന്ത്രി ചൊവ്വാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ച് മതസമ്മേളനം നടത്തിയതിന് മര്‍കസ് അധികൃതര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് ദല്‍ഹി സര്‍ക്കാര്‍.

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ ക്വാലാലംപൂരില്‍ നടന്ന സൗത്ത് ഏഷ്യ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ നിന്നാണ് ദല്‍ഹിയിലെ നിസാമുദ്ദീനിലേക്ക് രോഗമെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. അതിന് ശേഷം നിസാമുദ്ദീനിലേക്ക് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ക്വാലാലംപൂരില്‍ നിന്നും ചില വിദേശ പ്രതിനിധികള്‍ മാര്‍ച്ച് 10ന് തന്നെ ഇന്ത്യയില്‍ എത്തിയിരുന്നു. മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് നിസാമുദ്ദീനില്‍ തബ് ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം നടന്നത്.

ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം ആളുകളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മർക്കസിൽ ഉണ്ടായിരുന്ന ദില്ലിയിലെ 24 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിൽ ആശുപത്രികളിൽ പരിശോധന തേടിയവരുടെ ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രാത്രി വൈകിയും ഇന്നു രാവിലെയും രോഗലക്ഷണങ്ങളുമായി പരിശോധനയ്ക്ക് ഹാജരായവരുടെ ഫലം ഇനിയും ലഭിച്ചിട്ടില്ല. നിസാമുദ്ദീനിൽ കൂടുതൽ പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.

മാര്‍ച്ച് 16 ന് ദല്‍ഹിയില്‍ 50 ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും റദ്ദാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇതിനിടെ സമ്മേളനത്തില്‍ പങ്കെടുത്ത കുറച്ചുപേര്‍ ദല്‍ഹി വിടുകയും പിന്നെയും കുറച്ച് പേര്‍ അവിടെ തന്നെ തുടരുകയും ചെയ്തു. മാര്‍ച്ച് 22 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ. അന്ന് ഗതാഗതം നിലച്ചതോടെ മാര്‍ച്ച് 23 ന് 1500 ഓളം പേര്‍ മര്‍കസില്‍ നിന്നും പോയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നാലെയാണ് മാര്‍ച്ച് 24 മുതല്‍ രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നത്.

ആൻഡമാൻ നിക്കോബാറില്‍ വൈറസ് ബാധി സ്ഥിരീകരിച്ച 10 പേരില്‍ ഒന്‍പത് പേര്‍ക്കും രോഗം ബാധിച്ചത് നിസാമുദ്ദീനിലെ ദര്‍ഗയില്‍ സംഘടിപ്പിച്ച മതസമ്മേളനത്തില്‍ നിന്ന്. രോഗബാധ സ്ഥിരീകരിച്ച ഒന്‍പത് പേരും നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്തതായി ആൻഡമാൻ നിക്കോബാര്‍ ഭരണകൂടം അധികൃതര്‍ വ്യക്തമാക്കി. ദ്വീപില്‍ നിന്നും 75 പേരാണ് മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിസാമുദ്ദീനിലേക്ക് പോയതെന്നും അധികൃതര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.