1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ലോകത്ത് 7,25,230 ആയി. വൈറസ് ബാധമൂലം ഇതുവരെ 34,034 പേര്‍ മരിച്ചതായാണ് കണക്ക്. ലോകത്ത് ആകെ 183 രാജ്യങ്ങളെയാണ് മഹാവ്യാധി പിടികൂടിയിരിക്കുന്നത്. ഒന്നരലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഇപ്പോൾ വീടിനുളളിലാണ്.

അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം ചൈനയെ മറികടന്നു. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത് അമേരിക്കയിലാണ്- 143,025. അമേരിക്കയില്‍ ഇതുവരെ 2,514 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 1000 ത്തിൽ അധികം പേര്‍ മരിച്ചിട്ടുണ്ട്.

രോഗം വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റൈന്‍ ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയില്‍ മരണ നിരക്ക് കൂടുമെന്നും ജൂണ്‍ ഒന്നോടെ നിയന്ത്രിക്കാനാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

യുഎസിൽ മരണസംഖ്യ മൂന്നു ദിവസത്തിനിടെ ഇരട്ടിയായി ഉയർന്നു. രോഗികൾ പതിനായിരങ്ങളായി വർധിച്ചതോടെ ആവശ്യത്തിനു മെഡിക്കൽ ഉപകരണങ്ങളോ ചികിത്സാസൗകര്യമോ സ്റ്റാഫോ ഇല്ലാതെ ആരോഗ്യപ്രവർത്തകർ വലയുന്ന സ്ഥിതിയാണ്. സമ്പൂർണ ക്വാറന്റീൻ ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം രംഗത്തു വന്നതോടെയാണു ട്രംപ് പിന്നാക്കം പോയത്.

ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ഇറ്റലിയില്‍ 97,689 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 10,779 പേരാണ് ഇവിടെ മരിച്ചത്. രോഗം വളരെ വേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്‌പെയിനില്‍ 80,110 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ മരണസംഖ്യ 6,803 ആയി. ഇറാനില്‍ മരണസംഖ്യ 2,757 ആയി ഉയര്‍ന്നു. രോഗം ബാധിച്ചവരുടെ എണ്ണം 41,495 ആയി. യൂറോപ്പിലെ ആകെ കോവിഡ് മരണം 20,000 കടന്നു. ഇറ്റലിയിലും സ്പെയിനിലും ഒറ്റ ദിവസം എണ്ണൂറിലേറെ വീതം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ക്വാറന്റൈന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയില്‍ 1534 പേരാണ് രോഗബാധിതരായിട്ടുള്ളത്. സിംബാബ്വേ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മലേഷ്യയില്‍ എല്ലാവിധ കച്ചവടസ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി. കടകള്‍ 12 മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവിനെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. സഹായിയായ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നെതന്യാഹു ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. പരിശോധനകള്‍ കഴിഞ്ഞ് ഫലം വരുന്നത് വരെ നെതന്യാഹു ക്വാറന്‍റൈനില്‍ തുടരും.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇസ്രായേലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഇസ്രായേലില്‍, വീടുകളില്‍ നിന്ന് 100 മീറ്റര്‍ ദൂരം പോലും ആളുകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതിയില്ല. ഇസ്രായേലില്‍ 4347 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 16 ആളുകള്‍ മരിക്കുകയും 95 പേര്‍ ഗുരുതരാവസ്ഥയിലാണ്.

ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ സംഖ്യ ചൈന ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാള്‍ നിരവധി മടങ്ങ് അധികമാണെന്ന് റിപ്പോര്‍ട്ട്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഹുബി പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ മാത്രം 42,000 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്ന് പ്രദേശത്തെ ജനങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് 19 മൂലം ചൈനയില്‍ ആകെ മരിച്ചത് 3,300 പേരാണ് എന്നാണ് ചൈനയുടെ ഔദ്യോഗിക കണക്ക്. 81,000 പേര്‍ക്കാണ് ആകെ രോഗബാധയുണ്ടായത്. ഹുബി പ്രവിശ്യയില്‍ മാത്രം 3,182 പേര്‍ മരിച്ചതായും അധികൃതര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. എന്നാല്‍ ചൈന പുറത്തുവിട്ട ആകെ മരണ സംഖ്യയേക്കാള്‍ പത്തിലധികം ഇരട്ടിയാണ് വുഹാന്‍ നഗരത്തില്‍ മാത്രം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.