1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2020

സ്വന്തം ലേഖകൻ: ലോകമാകെ ഭീതിപരത്തി കോവിഡ്-19 അതിദ്രുതം പടരുന്നു. വെറും എട്ട് ദിവസങ്ങൾകൊണ്ട് ലോകമാകെയുള്ള കോവിഡ്-19 രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു. ഒരാഴ്ച മുമ്പ് ലോകമാകെയുള്ള കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷമായിരുന്നു. അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗപ്പകർച്ച തീവ്രമായതാണ് കുതിച്ചുചാട്ടത്തിന് കാരണം.

രോഗം ആദ്യം തിരിച്ചറിഞ്ഞ അന്നു മുതൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്താൻ 67 ദിവസം വേണ്ടിവന്നു. ഇവയിൽ ഏറെയും ചൈനയിൽ നിന്നായിരുന്നു. എന്നാൽ രണ്ട് ലക്ഷത്തിലേക്കെത്താൻ വെറും 11 ദിവസം മാത്രമാണ് വേണ്ടിവന്നത്. നാലു ദിവസങ്ങൾക്കൊണ്ട് അത് മൂന്നുലക്ഷവും മൂന്നു ദിവസത്തിനുള്ളിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷവുമായി ഉയർന്നു.

കൊറോണവൈറസ് മഹമാരിയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ചൈനയിലെ ഔദ്യോഗിക കണക്കുകളെ മറികടന്നു. ചൊവ്വാഴ്ച മാത്രം യുഎസില്‍ 800 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അവിടെ ആകെ മരിച്ചവരുടെ എണ്ണം 3,700 ആയി. ചൈനയില്‍ 3282 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്‌. മരണനിരക്കില്‍ ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ മൂന്നാമതെത്തിയിട്ടുണ്ട് ഇപ്പോള്‍ യുഎസ്.

ലോകത്താകമാനം റെക്കോര്‍ഡ് മരണ നിരക്കാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തിലധികം പേരാണ്. ഇറ്റലിയില്‍ 837, സ്‌പെയിനില്‍ 748, ഫ്രാന്‍സില്‍ 499, യുകെയില്‍ 381 മരണങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെല്ലായിടത്തുമായി ആകെ രോഗബാധിതരുടെ എണ്ണം 8,57,000 ആകുകയും മരണം 42,000 കടക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് 19 നെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളേയും ഭീഷണിയിലാഴ്ത്തുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ ലോകത്തെ ക്രൂഡോയിൽ വിപണി കടന്നു പോകുന്നത് സമാനതകളില്ലാത്തെ പ്രതിസന്ധിയിലൂടെയെന്ന് റിപ്പോർട്ടുകൾ. സമീപകാലത്തെങ്ങും ഉണ്ടാകാത്ത തരത്തിലുള്ള ഇടിവാണ് എണ്ണ ഉപഭോഗത്തിൽ ഉണ്ടായിരിക്കുന്നത്. ദിനംപ്രതിയുള്ള ക്രൂഡോയിലിന്റെ ആവശ്യകതയിൽ 1.5 കോടി ബാരൽ മുതൽ 2.2 കോടി ബാരലിന്റെ കുറവ് ഉണ്ടായേക്കാമെന്നും ക്രൂഡ് ഓയിൽ വിപണി വലിയൊരു മാറ്റത്തിന്റെ പാതയിലാണെന്നുമാണ് പ്രമുഖ നിരീക്ഷകരുടെ അഭിപ്രായം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.