1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് രോഗം ഭീതി പടര്‍ത്തി വ്യാപിക്കുന്നതിനിടെ യുഎഇയും അടച്ചിടുന്നു. സൗദി അറേബ്യയും കുവൈത്തും ഖത്തറും പൂര്‍ണമായി അടച്ചിടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇയും സ്തംഭിക്കാന്‍ പോകുന്നത്. ചൊവ്വാഴ്ച രാത്രി മുതല്‍ പുതിയ തീരുമാനങ്ങള്‍ നടപ്പില്‍ വരും.

അതേസമയം, വിസിറ്റിങ് വിസകളില്‍ യുഎഇയിലെത്തി കുടുങ്ങിപ്പോയവരെ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുമെന്നും യുഎഇ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കടുത്ത തീരുമാനത്തിന് യുഎഇയെ പ്രേരിപ്പിച്ചത്. താരതമ്യേന രോഗം റിപ്പോര്‍ട്ട് ചെയ്ത ഒമാനിലും സാഹചര്യം മോശമാകുകയാണ്.

യുഎഇയില്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ യാത്ര, ട്രാന്‍സിറ്റ് വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിലയ്ക്കും. യുഎഇ വഴി വിദേശത്തേക്ക് പോകാനുള്ള അവസരവും ഇതോടെ ഇല്ലാതായി. ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനുള്ള വഴിയും അടഞ്ഞു. എന്നാല്‍ കുടുങ്ങിയവരെ കൈവിടില്ലെന്ന് യുഎഇ അറിയിച്ചു.

യാത്രാ, ട്രാന്‍സിറ്റ് വിമാനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതോടെ യുഎഇ സ്തംഭിക്കും. അവശ്യ വസ്തുക്കളുടെ വിതരണം മുടങ്ങില്ല. ഭക്ഷ്യ വിപണന കേന്ദ്രങ്ങളും മരുന്ന് കടകളു പ്രവര്‍ത്തിക്കും. അല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടും. ആശുപത്രികളില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. യുഎഇയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ഇന്ത്യക്കാരാണ്.

യുഎഇയിലെ ഷോപ്പിങ് കേന്ദ്രങ്ങള്‍ രണ്ടാഴ്ച അടച്ചിടാനാണ് തീരുമാനം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ഷാര്‍ജയിലും മറ്റും പോലീസ് സന്ദേശം കൈമാറി. യാത്രാ വിലക്ക് കാരണം യുഎഇയില്‍ കുടങ്ങിയ വിസിറ്റിങ് വിസക്കാര്‍ക്ക് യുഎഇയില്‍ തുടരാന്‍ അനുമതിയുണ്ട്.
ഒമാനില്‍ ഇന്ന് 18 പേര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ബഹ്‌റൈനിലെ പള്ളികളിലെ പ്രാര്‍ഥനകള്‍ നിര്‍ത്തിവച്ചു. അഞ്ചില്‍ കൂടുതല്‍ പേര്‍ പരസ്യമായി ഒത്തുചേരുന്നത് ബഹ്‌റൈന്‍ വിലക്കി. കറന്‍സികള്‍ അണുവിമുക്തമാക്കുമെന്ന് ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഖത്തറില്‍ പാര്‍ക്കുകളും ബീച്ചുകളും അടച്ചിട്ടുണ്ട്. ഒമാനില്‍ രോഗികളുടെ എണ്ണം 84 ആയി.

ഏറ്റവും കൂടുതല്‍ കൊറോണ സ്ഥിരീകരിച്ച സൗദി അറേബ്യയില്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടിവരും. വൈകിട്ട് 7 മുതൽ രാവിലെ 6 വരെയാണ് നിരോധനാജ്ഞ. മൂന്നാഴ്ച തുടരും. അടിയന്തര ആവശ്യങ്ങൾക്കു മാത്രം പുറത്തിറങ്ങാം.

ഭക്ഷണശാലകൾ, ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങൾ തുടങ്ങി 10 അവശ്യ മേഖലകൾക്ക് ഇളവുണ്ട്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഖത്തീഫ് പ്രവിശ്യയിൽ രോഗവ്യാപനം കുറഞ്ഞു. 51 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ രോഗബാധിതർ 562 . സുഖപ്പെട്ടവർ 17.

നേരത്തെ അടച്ചിടൽ പ്രഖ്യാപിച്ച കുവൈത്തിൽ 5 പേർക്ക് ഗുരുതരം. ‌ഇന്നലെ ഒരു വനിതയ്ക്കു കൂടി കോവിഡ്. 5 പേർ ഗുരുതര നിലയിൽ അത്യാഹിത വിഭാഗത്തിൽ. രോഗബാധിതർ 189. സുഖപ്പെട്ടവർ 30.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.