1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2020

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. മദീനയിൽ രണ്ട് വിദേശികളാണ് മരിച്ചത്​. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധയാൽ മരിച്ചവരുടെ എണ്ണം 10 ആയി. ഇന്ന്​ 50 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 165 ആയി ഉയർന്നു.

അതേസമയം 110 പേർക്ക് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1563 ആയി. ഇതില്‍ 31 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. നിരീക്ഷണത്തിലായിരുന്ന 2500 ഓളം ആളുകൾ രോഗമില്ലെന്ന് ഉറപ്പുവരുത്തി വീടുകളിലേക്ക് മടങ്ങി.

നിയമപരമായി രാജ്യത്ത് നില്ക്കാൻ അനുവാദമില്ലാത്ത റെസിഡൻസി വിസ ലംഘകർക്കും യാതൊരു വിധ നിയമ നടപടികളും നേരിടേണ്ടി വരാതെ തന്നെ വൈദ്യചികിത്സ ഉറപ്പുവരുത്താമെന്നും ആരോഗ്യമന്ത്രി തൗഫീഖ് അൽ-റബിയയെ ഉദ്ധരിച്ചു സൗദി പ്രെസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് വ്യാപനം തടയാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ പല സത്വര നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എ.ഇയിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 67 വയസുള്ള ഏഷ്യൻ പൗരനാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ ആറായി. ഇന്ന് 31 ഇന്ത്യക്കാരടക്കം 53 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗികളുടെ എണ്ണം 664 ആയി. നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കൂടുതൽ കോവിഡ് ബാധിതരെ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇ–ലേണിങ് പഠനം ജൂൺ വരെ നീട്ടിയതായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്കും ഇത് ബാധകമാണ്. ഇതിനിടയിൽ പരീക്ഷ നടത്താൻ മാത്രമാണ് അനുമതിയുള്ളത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവി‍ഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാർച്ച് 8 മുതലാണ് സ്കൂളുകൾക്ക് അവധി നൽകിയത്. തുടർന്ന് മാർച്ച് 22 മുതൽ ഇ–ലേണിങ് പഠനം തുടരാൻ നിർദേശം നൽകിയിരുന്നു.

ദുബായിൽ രണ്ടാഴ്ചത്തേക്ക് പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.നാളെ മുതൽ ഏപ്രിൽ 13 വരെയാണ് സൗജന്യ പാർക്കിംഗ്.കൊറോണ വൈറസ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായാണ് തീരുമാനം. കോവി‍ഡ് പ്രതിസന്ധി മറികടക്കാൻ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തി. സ്വകാര്യമേഖലയിൽ അധിക ജോലിക്കാരെ പിരിച്ചുവിട്ടും ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ, ദീർഘകാല അവധി നൽകിയും ശമ്പളം വെട്ടിക്കുറച്ചുമാണു പരിഷ്കാരം.

മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച താമസവിസകൾ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നൽകാൻ യു എ ഇ തീരുമാനിച്ചു. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനം. താമസ വിസകൾ പുതുക്കുന്നതിന് തൊഴിലാളികളുടെ മേലോ സ്ഥാപനത്തിന്റെ പേരിലോ ഉള്ള പിഴകൾ തടസമാകില്ല.

യു എ ഇ നിവാസികളുടെ ഫോൺകോളുകൾ റെക്കോർഡ് ചെയ്യുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്ന രേഖകൾ വ്യാജമാണെന്ന് ദുബൈ കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ ലോഗോയും ലെറ്റർഹെഡും ദുരുപയോഗം ചെയ്ത് നടക്കുന്ന പ്രചരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ടെലികോം അധികൃതരുമായി സഹകരിച്ച് അന്വേഷണം നടത്തുമെന്നും സി ഡി എ അറിയിച്ചു.

ഏപ്രിൽ പകുതിയോടു കൂടി കൊവിഡ് ബാധിതരുടെ എണ്ണം ഉയരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദി. കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുവാനുള്ള നടപടികൾ ഈ വർഷം ജനുവരി മുതൽ തന്നെ കവിയുമായിരുന്നുവെന്നു മന്ത്രി പറഞ്ഞു. ഒരു പ്രാദേശിക റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒമാൻ ആരോഗ്യ മന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് 19 വൈറസിന്റെ സമൂഹ വ്യാപനം ആരംഭിച്ചിട്ട് ഏഴു ദിവസം പിന്നിട്ടപ്പോഴും, വൈറസ് ബാധിച്ചവരില്‍ ധാരാളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം സ്വദേശി വിദ്യാർത്ഥികൾ രാജ്യത്ത് മടങ്ങിയെത്തിയിട്ടുണ്ട്. അതിനാൽ വരുന്ന രണ്ടാഴ്ച രോഗ ബാധിതരുടെ എണ്ണം ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

കുവൈത്തിൽ പത്ത് ഇന്ത്യക്കാരുൾപ്പെടെ 23 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 289 ആയി. ആദ്യമായാണ് കുവൈത്തിൽ ഒരു ദിവസം ഇത്രയധികം ആളുകൾക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്.

സൗദി, അസർബൈജാൻ, ജോർദാൻ എന്നിവടങ്ങളിൽ നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തിയ ഇന്ത്യക്കാർക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കുവൈത്തിൽ രോഗം സ്ഥിരീകരിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം 35 ആയി. അതേസമയം 82കാരിയായ വയോധിക ഇന്ന് കൊറോണ ബാധയിൽ നിന്നും രോഗമുക്തയായി. ഇതോടെ രാജ്യത്ത് രോഗമുതരായവരുടെ എണ്ണം 73 ആയി. നിലവിൽ 216 പേരാണ് കുവൈത്തിൽ ചികത്സയിലുള്ളത്.

ബഹ്റൈനിൽ 52 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ രോഗ ബാധിതരുടെ എണ്ണം 268 ആയി. 33,282 പേർക്ക് ഇതിനകം രാജ്യത്ത് കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇന്നും രാജ്യത്ത് വിവിധയിടങ്ങളിൽ സാമ്പിളുകൾ പരിശോധിച്ചുള്ള രോഗനിർണയം നടന്നു. അതിനിടെ, ഇതുവരെയായി 295 പേരാണ് രാജ്യത്ത് രോഗവിമുക്തി നേടിയിട്ടുള്ളത്. നിലവിൽ ചികിത്സയിലുള്ള 268 രോഗികളിൽ 2 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.