1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2020

സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. മദീനയില്‍ മൂന്ന് പ്രവാസികളും ഒരു പൌരനും മരിച്ചു. മക്കയിലും റിയാദിലുമാണ് മറ്റു രണ്ട് പ്രവാസികളുടെ മരണം. 30 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗമുക്തി കേസുകളും കുത്തനെ ഉയര്‍ന്നതോടെ 264 പേരാണ് രോഗമുക്തി നേടിയത്.

ഇന്ന് മാത്രം 157 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1720 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഇന്ന് മാത്രം 99 ആണ്. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്. 78 കേസുകളാണ് മദീനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ 55 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. റിയാദില്‍ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

സൗദിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഈ വര്‍ഷംഹജ്ജ് കര്‍മങ്ങള്‍ക്ക് സാധ്യമാകുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. കാരണം, കൊറോണയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് സൗദിയില്‍. മാത്രമല്ല, വിമാന സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഹജ്ജിനുള്ള ഒരുക്കങ്ങള്‍ എല്ലാ രാജ്യങ്ങളിലും വളരെ നേരത്തെ നടത്തേണ്ടതുണ്ട്. വിസാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും തീര്‍ഥാടകരെ തിരഞ്ഞെടുക്കുന്നതിനുമെല്ലാം മാസങ്ങള്‍ക്ക് മുമ്പേ നടപടിക്രമങ്ങളുണ്ട്. കൊറോണ വ്യാപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുന്നത് വരെ കാത്തിരിക്കൂ എന്നാണ് സൗദി ഭരണകൂടം അറിയിച്ചിരിക്കുന്നത്. 25 ലക്ഷം പേരാണ് ഹജ്ജിന് പങ്കെടുക്കാറ്. ഇത്രയും പേര്‍ മക്കയിലും മദീനയിലുമെത്താന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല.

മക്ക, മദീന നഗരങ്ങളിലേക്കുള്ള വരവും മടക്കവും സൗദി അറേബ്യ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച മുതലാണ് ഈ നിരോധനം നിലവില്‍ വന്നത്. ഹജ്ജ്, ഉംറ തീര്‍ഥാടനം സൗദിയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ മുതല്‍ക്കൂട്ടാണ്. തീര്‍ഥാടനത്തിന് വരുന്നവര്‍ക്ക് സഞ്ചരിക്കാവുന്ന പരിധി അടുത്തിടെ സൗദി വര്‍ധിപ്പിച്ചിരുന്നു.

കുവൈത്തില്‍ ബുധനാഴ്ച 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 24 പേരും ഇന്ത്യക്കാരാണ്. സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത് ഇന്ത്യക്കാര്‍ക്കാണ്. ഇതുവരെ കുവൈത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 317 ആയി ഉയര്‍ന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണിപ്പോള്‍ രോഗം കണ്ടിരിക്കുന്നത്. കൂടാതെ രണ്ട് പേര്‍ അടുത്തിടെ നാട്ടില്‍ നിന്ന് തിരിച്ചെത്തിയവരുമാണ്. ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ കുവൈത്തി പൗരന്‍, രണ്ടു ബംഗ്ലാദേശികള്‍, ഒരു നേപ്പാള്‍ പൗരന്‍ എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജിസിസിയിലെ എല്ലാ രാജ്യങ്ങളിലും കര്‍ശന സുരക്ഷ തുടരുകയാണ്. ദുബായിലെ അല്‍ റാസ് ഏരിയ രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണിത്. ഏപ്രില്‍ 14വരെ ഇവിടെയുള്ള താമസക്കാരെ പുറത്തേക്ക് പോകാനോ പുറത്തുള്ളവര്‍ക്ക് ഇവിടെ പ്രവേശിക്കാനോ അനുവദിക്കില്ല. എല്ലാ കടകളും സ്ഥാപനങ്ങളും അടച്ചിടും.

ദുബായിൽ കോവിഡ് 19 രോഗം ബാധിച്ച മലയാളി മരിച്ചു. തൃശ്ശൂര്‍ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി പരീത് മരിച്ചതായാണ് നാട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ഇയാളുടെ മൃതദേഹം ദുബൈയില്‍ തന്നെ സംസ്കരിക്കും‍.

താമസ വീസയും എമിറേറ്റ്സ് ഐഡിയും അടുത്ത 3 മാസത്തേക്കു സ്വമേധയാ സൗജന്യമായി നീട്ടി നൽകാൻ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. കോവിഡ് ആഘാതം മൂലം യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഉണ്ടായ സാമ്പത്തിക ഭാരം ലഘൂകരിക്കാനാണു പുതിയ തീരുമാനം. മാർച്ച് 1 മുതൽ കാലാവധി തീർന്നവയും ഇതിൽ ഉൾപ്പെടും 3 മാസത്തേക്കു നൽകിയ ഈ ആനുകൂല്യം ആവശ്യമെങ്കിൽ നീട്ടുമെന്നും മന്ത്രിസഭ സൂചിപ്പിച്ചു.

ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പുമായി ബന്ധപ്പെട്ട പിഴകളും ഏപ്രിൽ ഒന്നു മുതൽ ഒഴിവാക്കിയിട്ടുണ്ട്. മാർച്ച് 1ന് കാലാവധി അവസാനിക്കുന്ന എല്ലാ സർക്കാർ സേവനങ്ങളും ഏപ്രിൽ 1 മുതൽ 3 മാസത്തേക്കു നീട്ടിയതായും അറിയിച്ചു.

രാത്രി യാത്രയ്ക്ക് നൽകിയിരുന്ന എല്ലാ പെർമിറ്റുകളും റദ്ദാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ദേശീയ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണിത്. ഇതോടെ രാജ്യത്ത് രാത്രി എട്ടു മാണി മുതൽ അടുത്ത ദിവസം രാവിലെ ആറു മണി വരെ യാത്ര ചെയ്യാൻ മന്ത്രാലയം നൽകി വന്നിരുന്ന പ്രത്യേക അനുമതി പിൻ‌വലിച്ചു.

കുവൈത്തിൽ ബുധനാഴ്ച 28 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 317 ആയി. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച വരിൽ 20 ഇന്ത്യൻ പ്രവാസികളാണ്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണിവര്‍. രണ്ടു പേർ അടുത്തിടെ നാട്ടിൽ നിന്ന് മടങ്ങിയെത്തിയവരുമാണ്. ബുധനാഴ്ച ഏഴു പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 80 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. നിലവിൽ 237 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 14 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഒമാനിൽ 18 പേർക്ക് കൂടി കോവിഡ് 19. ഇതോടെ മൊത്തം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 210 ആയി. ഇതുവരെ 34 പേർ അസുഖത്തിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ട്. ഒമാനിലെ ആദ്യ കോവിഡ് മരണം ചൊവ്വാഴ്ച രാത്രി റിപ്പോർട്ട് ചെയ്തിരുന്നു. മസ്കത്തിൽ നിന്നുള്ള സ്വദേശി വൃദ്ധനാണ് മരണപ്പെട്ടത്. സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അത്യാവശ്യക്കാർ അല്ലാത്തവർ വീടുകൾക്ക് പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മസ്കത്ത്, റൂവി ഭാഗങ്ങളിൽ ബുധനാഴ്ച കടുത്ത യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. കൂടുതൽ രോഗ ബാധ റിപ്പോർട്ട് ചെയ്ത മത്ര മേഖലയിലേക്കുള്ള റോഡുകൾ പൂർണമായും അടച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടിസ്ഥാന ആവശ്യങ്ങൾക്ക് മാത്രമുള്ള വാഹനങ്ങൾക്ക് മാത്രമാകും മത്രയിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

ഉടമകളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും വാഹനങ്ങളുടെ ഇൻഷൂറൻസ് പുതുക്കി നൽകണമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി നിർദേശിച്ചു. കോവിഡ് വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി നിർദേശത്തെ തുടർന്ന് റോയൽ ഒമാൻ പൊലീസ് ഇൻഷൂറൻസ്, വാഹന രജിസ്ട്രേഷൻ പുതുക്കൽ അടക്കം സേവനങ്ങൾ നിർത്തിവെച്ച പശ്ചാത്തലത്തിലാണ് കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ നിർദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.