1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2020

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സല്‍മാന്‍ രാജാവിന്റെ വന്‍ പ്രഖ്യാപനം. രാജ്യത്തുള്ള ആര്‍ക്കും കൊറോണ രോഗ ചികില്‍സയ്ക്ക് പണം വേണ്ട എന്നാണ് പ്രഖ്യാപനം. നിയമലംഘകരായി കഴിയുന്നവര്‍ക്ക് പോലും കൊറോണ രോഗത്തിന് സൗജന്യമായി ചികില്‍സിക്കാം. സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബിഹ് ആണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശകര്‍, നിയമലംഘകര്‍, പൗരന്‍മാര്‍, വിദേശ ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം സൗജന്യ ചികില്‍സ ലഭിക്കും.

രാജ്യത്ത് കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. കൊറോണ രോഗം അതിവേഗം വ്യാപിക്കുന്ന പത്ത് രാജ്യങ്ങളില്‍ സൗദിയും ഉള്‍പ്പെടും. തിങ്കളാഴ്ച 154 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിലെ കൊറോണ ബാധിച്ചവരുടെ എണ്ണം 1453 ആയി ഉയര്‍ന്നു. ഞായറാഴ്ച മാത്രം നാല് പേര്‍ സൗദിയില്‍ മരിച്ചിരുന്നു. സൗദിയില്‍ ഇതുവരെ മരിച്ചത് എട്ട് പേരാണ്. 12 പേരുടെ ആരോഗ്യനില വളരെ ഗുരുതരമായി തുടരുകയാണ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രായം അഭ്യര്‍ഥിച്ചു. റിയാദ്, മക്ക, മദീന എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും നിരോധിച്ചിട്ടുണ്ട്. ഈ നടപടിക്ക് സൗദി രാജാവ് സല്‍മാന്‍ അംഗീകാരം നല്‍കി. രാജ്യത്തെ 13 മേഖലകളിലുള്ളവരുടെ യാത്ര നിരോധിച്ചിട്ടുണ്ട്. ഈ നഗരങ്ങളില്‍ നേരത്തെ രാത്രി ഏഴ് മുതലായിരുന്നു കര്‍ഫ്യു. ഇപ്പോള്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മുതലാക്കി മാറ്റി.

അതേസമയം, രോഗലക്ഷണമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ 997 എന്ന ടോള്‍ ഫ്രീ നമ്പര്‍ ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തി. ഈ നമ്പറിലേക്ക് വിളിച്ചാല്‍ വിളിക്കുന്ന വ്യക്തിയുടെ ഫോണിലേക്ക് എസ്എംഎസ് വരും. ഇതുപയോഗിച്ച് കര്‍ഫ്യൂ വേളകളില്‍ ഇളവ് നേടി ആശുപത്രിയില്‍ പോകാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിസിസി രാജ്യങ്ങളില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 3000 കവിഞ്ഞു. 15 പേരാണ് ഇതുവരെ മരിച്ചത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ജനങ്ങള്‍ വീട്ടിലിരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് പറഞ്ഞു. പകല്‍ സമയങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്. കൊറോണ വൈറസ് ഭീതിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേര്‍ കൂടി രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു. ഇതോടെ രാജ്യത്ത് കൊവിഡ് വൈറസ് ബാധ ഭേദമായവരുടെ എണ്ണം 72 ആയി. രണ്ട് കുവൈത്തി വനിതകള്‍ക്കും രണ്ട് പ്രവാസി വനിതകള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. 188 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

590 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഖത്തറില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുഇടങ്ങളില്‍ സംഘം ചേരുന്നത് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. കോവിഡ് പ്രതിസന്ധിയിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സ്വകാര്യ മേഖലയ്ക്ക് ഖത്തര്‍ അമീര്‍ മൂന്ന് ബില്യണ്‍ റിയാല്‍ അനുവദിച്ചു.ഇതുവരെ 45 പേർക്കാണ് രോഗം ഭേദമായത്.

കോവിഡ് വ്യാപനം തടയുന്നതിനായുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. കോര്‍ണീഷ്, കഫ്തീരിയകള്‍, തുടങ്ങിയവയ്ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുക, വീടിന്‍റെയോ താമസകേന്ദ്രത്തിന്‍റെ ടെറസിന് മുകളിലോ പള്ളികള്‍ക്ക് മുന്നിലോ സംഘം ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തല്‍ തുടങ്ങിയവ വിലക്കിക്കൊണ്ടുള്ള പോസ്റ്റര്‍ മന്ത്രാലയം പുറത്തിറക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാണെന്നും പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവു ശിക്ഷയോ രണ്ട് ലക്ഷം റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്ററില്‍ പറയുന്നു.

അതിനിടെ കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിലും ജീവനക്കാരുടെ ശമ്പളവും വാടകയും മുടങ്ങാതിരിക്കാന്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഖത്തര്‍ അമീര്‍ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചു. മൂന്ന് ബില്യണ്‍ ഖത്തര്‍ റിയാലിന്‍റെ ഗാരന്‍റി ലോണ്‍ പാക്കേജാണ് ഖത്തര്‍ അമീര്‍ അനുവദിച്ചിരിക്കുന്നത്. ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്ക് വഴി രാജ്യത്തെ മുഴുവന്‍ സ്വകാര്യ ബാങ്കുകള്‍ക്കും ഈ ഗാരന്‍റി അനുവദിക്കും. ശമ്പളവും വാടകയും നല‍്കാന്‍ ബുദ്ധിമുട്ടുന്ന സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും സോഫ്റ്റ് ലോണായി ഈ തുക അനുവദിക്കും.

യുഎഇയിൽ കൊറോണ മൂലം മരിച്ചവരു​ടെ എണ്ണം അഞ്ചായി. തിങ്കളാഴ്​ച 41 പുതിയ കോവിഡ്​ കേസുകളുമുണ്ട്​. ഇതോടെ രോഗബാധിതരുടെ എണ്ണം 611ആയി. രണ്ടു പേരുടെ നില ഗുരുതരമാണെന്നും അറിയുന്നു. അതിനിടെ രണ്ട്​ ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നുപേർ രോഗസൗഖ്യം പ്രാപിച്ചിട്ടുണ്ട്​. രാജ്യത്ത്​ ഇതിനകം 220000 പേരെയാണ്​ കോവിഡ്​ രോഗ പരിശോധനക്ക്​ വിധേയരാക്കിയത്​.

സ്വകാര്യസ്ഥാപനങ്ങൾക്ക് ജീവനക്കാരെ വെട്ടികുറക്കാനും, തൊഴിലാളികളുടെ ശമ്പളത്തിൽ മാറ്റം വരുത്താനും യു എ ഇ തൊഴിൽമന്ത്രാലയം അനുമതി നൽകി. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളെ മറി കടക്കാനാണ് തീരുമാനം.

യു എ ഇ തൊഴിൽമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധികമുള്ള തൊഴിലാളികളുടെ പേര് വിവരങ്ങൾ വെർച്ച്വൽ ജോബ് മാർക്കറ്റിൽ രജിസ്റ്റർ ചെയ്ത് അവരെ ജോലിയിൽ നിന്ന് ഒഴിവാക്കാം. ജീവനക്കാർക്ക് മറ്റിടങ്ങളിൽ ജോലി ലഭിക്കുന്നതിനാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നത്. അല്ലാത്ത പക്ഷം, തൊഴിൽ കരാറിൽ മാറ്റം വരുത്തി ജീവക്കാരുടെ ശമ്പളം താൽകാലികമായോ, സ്ഥിരമായോ വെട്ടിച്ചുരുക്കാൻ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. ഇത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം.

ശമ്പളത്തോട് കൂടിയുള്ള അവധി നൽകിയോ, അല്ലാതെയോ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകാം. വെട്ടികുറച്ച ജീവനക്കാർ രാജ്യത്ത് തുടരുന്നത് വരെയോ അവർക്ക് മറ്റൊരു ജോലി ലഭിക്കുന്നത് വരെയോ ശമ്പളം നൽക്കുന്നില്ലെങ്കിലും അവരുടെ താമസം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കമ്പനി വഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഈമാസം 26 മുതലാണ് തൊഴിൽ മന്ത്രി നാസർ താനി അൽഹംലി പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. പ്രവാസി ജീവനക്കാർക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകമാവുക. സ്വദേശി ജീവക്കാർക്ക് ഇത് ബാധകമല്ല.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അഞ്ച് മിനിറ്റുനുള്ളില്‍ പരിശോധനഫലം നടത്തുന്ന ഡ്രൈവ് ത്രൂ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇ ആരോഗ്യമന്ത്രാലയം. അബുദാബി കിരീാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി.

വളരെ പെട്ടെന്ന് കൊറോണ വൈറസ് പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ കേന്ദ്രങ്ങളാണ് യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദുബായ്, അജ്മാന്‍, ഷാര്‍ജ, റാസ്, അല്‍ഖൈമ, അല്‍ ഫുജൈറ, അല്‍ ദാഫ്ര എന്നിവിടങ്ങളിലായിരിക്കും പുതുതായി സെന്ററുകള്‍ തുറക്കുകയെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.