1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2020

സ്വന്തം ലേഖകൻ: കോവിഡ് 19 നെതിരായ പോരാട്ടത്തിൽ 21 ദിവസത്തിനകം വിജയിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം മണ്ഡലമായ വാരണാസിയിലെ ജനങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മഹാ ഭാരത യുദ്ധം 18 ദിവസത്തിനുള്ളിൽ ജയിച്ചു. ഇപ്പോൾ കോവിഡ് 19നെതിരെ രാജ്യം നടത്തുന്ന പോരാട്ടം 21 ദിവസത്തിനകം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതുകയാണ്. 130 കോടി ജനങ്ങളുടെ പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതുകയാണ്. 130 കോടി ജനങ്ങളുടെ പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ പോരാട്ടം വിജയിക്കാൻ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വാട്സാപ്പ് ഹെൽപ്പ് ലൈൻ നമ്പർ പ്രധാനമന്ത്രി പങ്കുവെച്ചു. 9013151515 ഈ നമ്പരിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ നമസ്തേ പറഞ്ഞാൽ ഉടനടി പ്രതികരണം ലഭ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും, ശരിയായ വിവരങ്ങൾ മാത്രം പിന്തുടരണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ പറയുന്ന നിര്‍ദേശങ്ങള്‍ മാത്രമേ അനുസരിക്കാവൂ എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജാവദേക്കര്‍. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ റേഷന്‍ നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതെന്ന് മന്ത്രി വ്യ്ക്തമാക്കി. മൂന്ന് രൂപയ്ക്ക് അരി ലഭ്യമാക്കും, രണ്ട് രൂപയ്ക്ക് ഗോതമ്പ് ലഭ്യമാക്കും. ഏഴ് കിലോയാണ് ഭക്ഷ്യധാന്യം നല്‍കുക. സാമ്പത്തിക പാക്കേജ് സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും താത്ക്കാലിക തൊഴിലാളികള്‍ക്ക് വേതനവും ഭക്ഷണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.പി.എല്‍-ബി.പി.എല്‍ വ്യത്യാസമില്ലാതെ ഭക്ഷ്യധാന്യ വിതരണം നടത്തുമെന്നും അതത് സംസ്ഥാനങ്ങളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ ജനജീവിതത്തെ ബാധിക്കില്ലെന്നും പരിഭ്രാന്തരായി ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി സംഭരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം നിര്‍ബന്ധമാണ്. കടകളില്‍ പോകുമ്പോഴും അകലം പാലിക്കണം. കൈകള്‍ ശുചിയായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ലോക്ക് ഡൗണിലേക്ക് പോയത്. ജനങ്ങള്‍ ഭീതിതമാകേണ്ടസാഹചര്യമില്ല. കൊവിഡ് 19 നെ നേരിടാന്‍ എല്ലാ വിധത്തിലുള്ള സൗകര്യവും രാജ്യത്ത് ഉണ്ട്. അതേസമയം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കരുതിയിരിക്കണം. ആരോഗ്യസംബന്ധമായ വിഷയം ഉണ്ടെങ്കില്‍ ഡോക്ടര്‍മാരെ ഉടന്‍ കാണണമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ഇത്തരമൊരു അവസ്ഥയെ മറ്റേത് രാജ്യം നേരിടുന്നതിനേക്കാള്‍ കരുത്തോടെ ഇന്ത്യയ്ക്ക് നേരിടാനാവും. അതിനുള്ള സൗകര്യവും ഇന്ത്യയില്‍ ഉണ്ട്. അതുപയോഗിച്ച് ഈ വെല്ലുവിളിയെ നേരിടും. എന്നാല്‍ ഇതിന് കരുതല്‍ ആവശ്യമാണ്. അതിന്റെ ഭാഗമായിട്ടാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എല്ലാവിഭാഗം ജനങ്ങളും ഇതിനോട് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടി വരികയാണ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി പത്തിലധികം കേസുകളാണ് ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് സ്ഥീരീകരിക്കപ്പെട്ട കൊറോണ വൈറസ് ബാധിതരുടെ എണ്ണം 562 ആയി. അതിനിടെ കോവിഡ് രോഗം ഭേദമായ 40 പേര്‍ ആശുപത്രി വിട്ടിട്ടുണ്ട്. അതിനിടെ ഇന്നലെ ദില്ലിയില്‍ മരിച്ച 57 കാരന്‍റെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് കൂടെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 112 ആയി. മഹാരാഷ്ട്രയില്‍ മുംബൈ, പുനൈ അടക്കമുള്ള നഗരങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങളിലേക്കും രോഗം പടരുന്നുണ്ട്. അതേസമയം കൊറോണ വൈറസിനെ നേരിടാനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ചുമതല സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കിയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ചുമതല സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമം നടപ്പിലായാല്‍ കോവിഡ് 19 നെ നേരിടുന്നതിനുള്ള നടപടികള്‍ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലാവും.

കൊവിഡ്-19 നെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നിര്‍ദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തി വെച്ചത്. വിദേശ വ്യാപാര ഡയരക്ടര്‍ ജനറല്‍ (DGFT) ആണ് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കിയത്.

അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ കയറ്റുമതിക്ക് അനുമതി ഉണ്ടാവുമെന്നും അറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ഹൈഡ്രോക്ലോറോക്വിന് ആവശ്യം ഏറി വന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്ന് കൊവിഡ്-19 ചികിത്സയ്ക്ക് ഫലപ്രദമാണ് എന്ന് അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് മരുന്നിന് ആവശ്യക്കാര്‍ ഏറിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല