1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് പേർ കൂടി മരിച്ചു. കർണ്ണാടകത്തിലും ഗുജറാത്തിലും രാജസ്ഥാനിലുമാണ് രോഗബാധിതർ മരിച്ചത്. അതേസമയം കർണ്ണാടകത്തിലും തെലങ്കാനയിലുമടക്കം പുതിയ രോഗ ബാധിതരെ കണ്ടെത്തി.

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കർണാടകത്തിലെ ചിക്കബെല്ലാപുരയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ഇവർക്ക് 75 വയസായിരുന്നു. ഇവർക്ക് മരണശേഷമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ ഭാവ്‌നഗറിൽ 70കാരൻ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം മൂന്നായി. രാജസ്ഥാനിലും രോഗം ബാധിച്ച 70കാരനായ ഒരാൾ മരിച്ചു.

കർണാടകത്തിൽ നാല് പേർക്കും തെലങ്കാനയിൽ മൂന്ന് പേർക്കും കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കർണാടകത്തിൽ രോഗം ബാധിച്ച ഒരാൾ നഞ്ചൻഗോഡ് ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനാണ്. ഇയാൾ വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു നിന്ന് എത്തിയവരുമായി നേരിട്ട് ഇടപഴകിയതായി കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

ആന്‍ഡമാനിലും ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 24 ന് ചെന്നൈയിൽ നിന്ന് വിമാനമാർഗം ആന്റമാനിൽ എത്തിയതാണ് ഇയാൾ. പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി ആന്റമാൻ നിക്കോബാർ ദ്വീപ് ചീഫ് സെക്രട്ടറി ചേതൻ സംഗി പറഞ്ഞു.

ജമ്മുകശ്മീരിലും മഹാരാഷ്ട്രയിലും ഓരോ മരണംറിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരില്‍ 65 വയസുകാരനാണ് മരിച്ചത്. ജമ്മു കശ്മീരിലെ ആദ്യ മരണമാണിത്. ശ്രീനഗറിലെ ഹൈദര്‍പൂര സ്വദേശിയാണ്.

മതപ്രബോധകനായിരുന്ന ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. യാത്രാവിവരങ്ങള്‍ ഇയാള്‍ മറച്ചുവെച്ചതായും അധികൃതര്‍ അറിയിച്ചു. ഇയാളുമായി ബന്ധം പുലര്‍ത്തിയ നാല് പേര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത വണ്ണം തുടങ്ങിയ രോഗങ്ങള്‍ ഇയാള്‍ക്കു നേരത്തെയുണ്ടായിരുന്നു.

മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് മറ്റൊരാള്‍ മരിച്ചത്. ഇയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 15 ആയി. രോഗബാധിതരുടെ എണ്ണം 649 ആകുകയും ചെയ്തിട്ടുണ്ട്. താനെയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം ബാധിതരുടെ എണ്ണം 130 ലേക്കെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.