1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. ബംഗാളിൽ ചികിത്സയിൽ ആയിരുന്ന 57കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി. ഇതുവരെ 415 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നു 19 പേർക്ക് സ്ഥിരീകരിച്ചു. വിദേശത്ത് മൂന്ന് ഇന്ത്യക്കാർ കോവിഡ് ബാധിച്ചു മരിച്ചു. ഇറാൻ, ഈജിപ്ത്, സ്വീഡൻ എന്നിവടങ്ങളിലാണ് മരണം.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ 19 സംസ്ഥാനങ്ങൾ പൂർണമായും അടച്ചിടും. ആറ് സംസ്ഥാനങ്ങൾ ഭാഗികമായും അടയ്ക്കും. 12 സ്വകാര്യ ലാബുകള്‍ക്കു പരിശോധനയ്ക്ക് അനുമതി നല്‍കി. 15,000 കേന്ദ്രങ്ങളില്‍ സാംപിളുകള്‍ ശേഖരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സിലിങ് നല്‍കും. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 89 ആയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു. മുംബൈയിൽ 14 പേർക്കും പുണെയിൽ ഒരാൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ഗുജറാത്തിൽ 29 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കർണാടകയിൽ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 27 ആയി. ദുബായിൽ നിന്ന് എത്തിയ കണ്ണൂർ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തെലങ്കാനയിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ കോവിഡ് ബാധിതരുടെ എണ്ണം 28 ആയി.

പഞ്ചാബിൽ സംസ്ഥാന സർക്കാർ പൂർണ കർഫ്യു പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങൾക്കു മാത്രമാണ് ഇടവ്. തമിഴ്നാട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ 31 അര്‍ധരാത്രി വരെ നിരോധനാജ്ഞ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ തുറയ്ക്കും. ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. ക്വാറന്റീനിലുള്ളവർ നിർദേശങ്ങൾ മറികടന്നു പുറത്തിറങ്ങിയാൽ പാസ്പോർട്ട് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുന്നു. ചൊവ്വാഴ്ച (മാര്‍ച്ച് 24) അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെക്കും. എന്നുവരെയാണ് നിയന്ത്രണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

വിമാനങ്ങള്‍ ചൊവ്വാഴ്ച രാത്രി 11. 59 നു മുമ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നേരത്തെതന്നെ നിര്‍ത്തിവച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണം വരുന്നത്.

ആഭ്യന്തര വിമാനങ്ങള്‍ ഡല്‍ഹിയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ തടസമില്ലാതെ തുടരുമെന്ന വിശദീകരണവുമായി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) പിന്നീട് രംഗത്തെത്തി. എന്നാല്‍, പശ്ചിമ ബംഗാളിലേക്കുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.