1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം . ഇന്ന് മാത്രം എഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1750 കടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.

പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രണ്ടും മധ്യ പ്രദേശിൽ ഒരു മരണവുമാണ് ഇന്ന് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 16 ഉം ആന്ധ്രാപ്രദേശിൽ 43ഉം രാജസ്ഥാനിൽ 13 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അസമിൽ അഞ്ച് പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ സഫ്ദർജങ്ങ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും സർക്കാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടർക്കുമടക്കം ആറു ഡോക്ടർമാർക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു .രാജ്യത്ത് ഇതുവരെ 47951 പേരുടെ സാമ്പിളുകൾ 126 ലാബുകളിലായി പരിശോധിച്ചു.

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം, വീഡിയോ കോൺഫറൻസ് വഴി നാളെയാണ് ചേരുക. പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യയിൽ കുടുങ്ങിയ 215 അമേരിക്കൻ പൗരന്മാരെ പ്രത്യേക വിമാനത്തിൽ സ്വദേശത്തേക്കു തിരിച്ചുകൊണ്ടുപോയതായി ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു.

ചൊവ്വാഴ്ച മുതല്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തബ്‌ലിഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ യാത്രകളാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

തബ്‌ലിഗ് ജമാഅത്തുമായി ബന്ധപ്പെട്ട 1,800 പേരെ ഒമ്പത് ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കൊറോണ കേസുകളില്‍ ഈയടുത്തുണ്ടായ വര്‍ധന ദേശീയതലത്തിലുള്ള ട്രെന്‍ഡിനെ സൂചിപ്പിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20,000 കോച്ചുകള്‍ പരിഷ്‌കരിച്ച് ഐസൊലേഷനും ക്വാറന്റൈനും ആവശ്യമായ 3.2 ലക്ഷം കിടക്കകള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. 5000 കോച്ചുകളുടെ ജോലി ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. പരിശോധന കിറ്റുകള്‍, മരുന്നുകള്‍, മാസ്‌കുകള്‍ തുടങ്ങിയവ കൊണ്ടുവരുന്നതിനുള്ള പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തുള്ള മുഴുവന്‍ ഇന്ത്യന്‍ എംബസികളുടെയും ഹൈക്കമീഷനുകളുടെയും മേധാവികളുമായി ഓണ്‍ലൈന്‍ വിഡിയോ കോണ്‍ഫറന്‍സ് നടത്തി. ലോകത്താകമാനമുള്ള ഇന്ത്യന്‍ മിഷനുകളുടെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരത്തില്‍ നയതന്ത്രമേധാവികളുമായി പ്രധാനമന്ത്രിയുടെ വിര്‍ച്വല്‍ മീറ്റിങ്.

അതത് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാരുടെയും അവരുടെ സംഘത്തിന്റെയും കുടുംബാംഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നയതന്ത്ര പ്രതിനിധികളോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചത് മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ നിരന്തരം ബന്ധപ്പെടുകയും അവരെ സമാധാനിപ്പിക്കുകയും അതത് രാജ്യങ്ങളിലെ ഗവണ്‍മെന്റുകളുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും പാര്‍പ്പിടം അടക്കമുള്ള സൗകര്യങ്ങളും മറ്റ് അത്യാവശ്യ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വഴിതേടുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ 21 ദിവസത്തിന് ശേഷം നീട്ടാന്‍ പദ്ധതിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിന് പിന്നാലെയാണിത്. സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികളാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. നിലവില്‍ ഇവര്‍ ആഭ്യന്തര സര്‍വീസുകളാണ് ഏപ്രില്‍ 15 മുതല്‍ ബുക്കിങിനായി തുറന്നിട്ടിരിക്കുന്നത്. അതേസമയം, വിമാനകമ്പനികള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിട്ട കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അണു നശീകരണത്തിനുള്ള പ്രവൃത്തി നടന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശമനുസരിച്ച് പ്രത്യേക പരിശീലനം ലഭിച്ച വിമാനത്താവളത്തിലെ ശുചീകരണത്തൊഴിലാളികളാണ് അണുനശീകരണത്തിന് നേതൃത്വം നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 14 ന് വിമാനത്താവളം തുറക്കാനാണ് ഡിജിസിഎ. ലക്ഷ്യമിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.