1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2020

സ്വന്തം ലേഖകൻ: കോവിഡിനെത്തുടർന്ന് സ്ഥിതിഗതികൾ രൂക്ഷമാവുന്ന സാഹചര്യത്തിൽ രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വിദ്യാര്‍ഥികള്‍. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ വിമാനത്താവളത്തില്‍ കഴിയുന്ന വിദ്യാർഥികൾ തങ്ങൾക്ക് എത്രകാലം പിടിച്ചുനിൽക്കാൻ കഴിയുമെന്നറിയില്ലെന്നും പറയുന്നു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയിലാണ് വിദ്യാർഥികൾ. രണ്ടു ദിവസമായി വിമാനത്താവളത്തിൽ കഴിയുകയാണ് ഇവർ.

“പ്രാദേശിക സർക്കാർ ഇവിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകളോട് വീട്ടിൽ കഴിയാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ ലോക്ക്ഡൗണിനു ശേഷം കേസുകൾ വർധിക്കുകയാണുണ്ടായത്. അടുത്തിടെ ഞാൻ താമസിക്കുന്ന അപ്പാർട്ട്മെന്റിനു സമീപത്തെ തെരുവിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു,” മെട്രോ മനിലയിലെ ലസ് പിനാസിലെ യൂണിവേഴ്സിറ്റി ഓഫ് പെർപെച്വൽ ഹെൽപ് വിദ്യാർഥിയായ ദിവ്യേഷ് കെകാനെ പ്രതികരിച്ചു. “നാല് മണിക്കൂർ വരെ സൂപ്പർമാർക്കറ്റിൽ വരിനിൽക്കേണ്ട അവസ്ഥയാണ്. അത് വൈറസ് വ്യാപനത്തിലുള്ള സാധ്യത വർധിപ്പിക്കുകയാണ്.” ദിവ്യേഷ് പറഞ്ഞു.

കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ സ്ഥിതിഗതികൾ വീണ്ടും വഷളാകുമെന്ന് വിദ്യാർഥികൾ ആശങ്കപ്പെടുന്നു. “നിലവിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് കർഫ്യൂ. ഈ സമയം കഴിഞ്ഞാലും ഒരാൾക്ക് മാത്രമാണ് പുറത്തിറങ്ങാനാവുക,” മെട്രോ മനിലയിലെ മകാറ്റിയിൽ എഎംഎ സ്കൂൾ ഓഫ് മെഡിസിനിലെ വിദ്യാർഥിയായ സച്ചിൻ പാട്ടീൽ പറഞ്ഞു.

“ഞങ്ങളുടെ കാന്റീനുകൾ തുറന്നിരിക്കുകയായിരുന്നെങ്കിൽ സൂപ്പർ മാർക്കറ്റിലോ പുറത്തോ പോവേണ്ട ആവശ്യം വരില്ലായിരുന്നു. എത്രകാലം പിടിച്ചുനിൽക്കാനാവുമെന്ന് ഞങ്ങൾക്ക് അറിയില്ല” – മെട്രോ മനിലയിലെ വലെൻസ്വേലയിൽ ലേഡി ഓഫ് ഫാത്തിമ യൂണിവേഴ്സിറ്റി വിദ്യാർഥിയായ സന്ദീപ് നഗർ പറയുന്നു. വീട്ടുകാരിൽനിന്ന് വളരെ അകലെയാണ് ഞങ്ങൾ,” ആരാണ് തങ്ങളുടെ കാര്യം നോക്കാനുള്ളതെന്നും സന്ദീപ് ചോദിച്ചു.

ഫിലിപ്പീൻസിലെ ചികിത്സാ ചിലവുകൾ കൂടുതലാണെന്നതും വിദ്യാർഥികളുടെ ആശങ്ക വർധിപ്പിക്കുന്നു. പ്രശ്നം വഷളായാൽ ആശുപത്രികൾ നാട്ടുകാർക്ക് പ്രാധാന്യം നൽകി തങ്ങളെ അവഗണിക്കുമെന്നും വിദ്യാർഥികൾ ആശങ്ക അറിയിച്ചു. തിരികെ നാട്ടിലെത്തിയാൽ ക്വാറന്റൈനിൽ കഴിയാമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. “ഇന്ത്യയിലെത്തിയാൽ സ്വയം നിരീക്ഷണത്തിൽ കഴിയാം. വീട്ടിലെത്തുക എന്നത് മാത്രമാണ് ഞങ്ങളുടെ ആവശ്യം,” യൂണിവേഴ്സിറ്റി ഓഫ് പെർപെച്വൽ ഹെൽപ് വിദ്യാർഥിനി സിമ്രാൻ ഗുപ്തെ പറഞ്ഞു.

അതേസമയം കൊറോണവൈറസ് പടരുന്ന മലേഷ്യയില്‍ നിന്നും നാട്ടിലേക്ക് വരാനാകാതെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി സന്നദ്ധ സംഘടനകള്‍. 250-ല്‍ അധികം ഇന്ത്യക്കാരാണ് മലേഷ്യയില്‍ കുടുങ്ങിയത്. നാട്ടിലേക്ക് വരാന്‍ വിമാനം അയക്കണമെന്ന് ഇവര്‍ ആവര്‍ത്തിച്ച് മലേഷ്യയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ അധികൃതര്‍ വഴി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മാര്‍ച്ച് 31 വരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍ ഇവരോട് ആവശ്യപ്പെടുന്നത്.

വിമാനത്താവളത്തില്‍ അപകടകരമായ നിലയില്‍ കഴിയേണ്ടി വന്ന ഇവരെ സഹായിക്കാന്‍ മലേഷ്യയിലുള്ള സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരികയായിരുന്നുവെന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിയായ നവീന്‍ മല്യ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട്‌ പറഞ്ഞു. തങ്ങള്‍ ഇടപെട്ടിട്ടാണ് സന്നദ്ധ സംഘടനകളുടെ സഹായം ലഭ്യമാക്കിയതെന്ന് ഇന്ത്യന്‍ ഹൈകമ്മീഷന്‍ അധികൃതര്‍ അറിയിച്ചുവെന്ന് നവീന്‍ പറഞ്ഞു.

സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന സംഘമാണ് ഇന്ത്യയിലേക്കുള്ള വിമാനം റദ്ദാക്കിയത് മൂലം വിമാനത്താവളത്തില്‍ കുടങ്ങിയത്. നവീനും സഹപാഠിയായ മഹിമ ഗുപ്തയും തങ്ങളുടെ ഹോസ്റ്റലുകളിലേക്ക് മടങ്ങിപ്പോയെങ്കിലും മറ്റുള്ളവര്‍ക്ക് പോകാന്‍ ഇടമുണ്ടായില്ല. ഇതേതുടര്‍ന്നാണ് അവര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. മംഗളുരു കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇരുവരും. മഹിമ മലയാളിയും നവീന്‍ കര്‍ണാടകക്കാരനുമാണ്.

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യാന്തര വ്യോമഗതാഗതം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചതോടെയാണ് നവീന്‍ ഉള്‍പ്പെടെ ഇരുന്നൂറ്റി അമ്പതിലേറെ ഇന്ത്യക്കാര്‍ ക്വലാലംപൂരില്‍ കുടുങ്ങിയത്. ടിക്കറ്റ് റിസര്‍വ് ചെയ്ത് വിമാനം കയറാന്‍ എത്തിയവരാണു കുടുങ്ങിയത്.

മലേഷ്യയില്‍ കോവിഡ് 19 രോഗം പടരുകയും അടച്ചിടല്‍ അവസ്ഥ വ്യാപകമാകുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇന്ത്യക്കാര്‍ മടങ്ങാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 17-ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ യാത്രാ നിര്‍ദേശത്തില്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ വിമാനത്താവളത്തിൽ എത്തിയവര്‍ അപ്രതീക്ഷിതമായി കുടുങ്ങുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.