1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2020

സ്വന്തം ലേഖകൻ: ആഗോള മെഡിക്കല്‍ രംഗത്തെ മുള്‍മുനയില്‍ നിര്‍ത്തിച്ച കൊവിഡ്-19 ആഗോള രാഷ്ട്രീയസമവാക്യങ്ങളിലും മാറ്റം വരുത്തുമെന്നാണ് സൂചനകള്‍. കൊവിഡ്-19 നെ ചൊല്ലി അമേരിക്കയും ചൈനയും തമ്മില്‍ ഉണ്ടായ വാഗ്വാദങ്ങള്‍ ഇതിനോടകം ചര്‍ച്ചയായതാണ്.

കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ‘വുഹാന്‍ വൈറസ്’ എന്നായിരുന്നു ഒരുവേള സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രയോഗം. കൊവിഡ് അമേരിക്കയുടെ ‘ബയോ വെപണ്‍’ ആണെന്ന് ചൈനയും പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം വാദപ്രതിവാദങ്ങള്‍ക്കപ്പുറം ആഗോള രാഷ്ട്രീയസമവാക്യത്തെ പുനര്‍നിശ്ചയിക്കാന്‍ സാധ്യതയുള്ള പല സംഭവങ്ങളും ഇതിനോടകം തന്നെ കൊവിഡ്-19 മൂലം നടന്നിട്ടുണ്ട്.

യൂറോപ്പില്‍ കൊവിഡ്-19 പടര്‍ന്ന ഘട്ടത്തില്‍ ഇറ്റലിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തി അടയ്ക്കുകയാണ് അമേരിക്ക ആദ്യം ചെയ്തത്. എന്നാല്‍ അതേ സമയം തന്നെ ചൈന ചെയ്തത് ഇറ്റലിയിലേക്ക് തങ്ങളുടെ മെഡിക്കല്‍ സംഘത്തെയും മെഡിക്കല്‍ സാമഗ്രികളും അയക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇറ്റലിക്കൊപ്പം ഇറാനും സെര്‍ബിയക്കും ചൈന സഹായം നല്‍കി. ഈ രാജ്യങ്ങള്‍ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പ്രതിസന്ധിയില്‍ സഹായഹസ്തം നല്‍കിയ ചൈനയ്ക്ക് ഭാവിയില്‍ ഇത് ആഗോളനയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ കാരണമാവുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഒപ്പം നിലവില്‍ ചൈന കൊവിഡ്-19 ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കൊവിഡില്‍ തകര്‍ന്ന സാമ്പത്തിക രംഗത്തെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് രാജ്യം. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും കൊവിഡ് പ്രതിസന്ധിയിലാണ്. യൂറോപ്യന്‍ യൂണിയന്‍ കൊവിഡില്‍ സാമ്പത്തികമായി തകരുന്ന സാഹചര്യം വന്നാല്‍ ചൈനയെ ആശ്രയിക്കേണ്ടി വരും. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ ഇറ്റലിയെ കാര്യമായി സഹായിച്ചില്ല എന്ന് ഇറ്റലി ആരോപിക്കുകയും ചെയ്തിരുന്നു.

ഇതിനു പുറമെ മെഡിക്കല്‍ സാമഗ്രികളുടെയും മരുന്നുകളുടെയും ഉല്‍പാദന കേന്ദ്രമാണ് ചൈന. കൊവിഡ്-19 പ്രതിരോധത്തിനായി വേണ്ട മാസ്‌കുകളുടെയും വെന്റിലേറ്ററുകളുടെയും നിര്‍മാണ കേന്ദ്രം. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവു മൂലം നിലവില്‍ വെന്റിലേറ്റര്‍ നിര്‍മാണത്തിനായി വാഹനനിര്‍മാതാക്കളുമായി കരാറിലെത്തിയിരിക്കുകയാണ്. മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നിയമവ്യവസ്ഥകളില്‍ എഫ്.ഡി.എ ഇളവും വരുത്തിയിട്ടുണ്ട്. മരുന്ന് വിപണിയുടെയും മെഡിക്കല്‍ സാമഗ്രികളുടെയും കേന്ദ്രമായ ചൈനയെ മറ്റു രാജ്യങ്ങള്‍ ഇതിനായി ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

“കഴിഞ്ഞ ഏഴു പതിറ്റാണ്ടായി അമേരിക്ക ഒരു ആഗോള ശക്തിയായി നിലനിന്നത് സാമ്പത്തികവും അധികാര ശക്തിയും കൊണ്ടു മാത്രമല്ല, മികച്ച ആഭ്യന്തരഭരണം, ആഗോള വിപണി നയം ഒപ്പം പ്രതിസന്ധികള്‍ക്കെതിരെ ആഗോള തലത്തില്‍ ഏകോപനം ഉണ്ടാക്കുന്നതിനും സഹകരിക്കുന്നതിനുമുള്ള കഴിവും സന്നദ്ധതയും മൂലമാണ്,” ഈ മൂന്ന് കാര്യങ്ങളിലും കൊവിഡ്-19 അമേരിക്കയെ പരീക്ഷിക്കുമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. അമേരിക്കയുടെ വീഴ്ചകള്‍ നികത്താനുള്ള കഴിവുള്ളതാകട്ടെ ചൈനയ്ക്കാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ സഖ്യ ശക്തികള്‍ക്കും ട്രംപിന്റെ ആഗോളനയത്തില്‍ അഭിപ്രായ വ്യത്യാസുമുണ്ടെന്നാണ് സൂചന. ചൈനയുടെ ടെക് ഭീമന്‍ ഹുവായ്മായി കൈകോര്‍ക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും താല്‍പര്യപ്പെടുന്നുണ്ട്. അതേ സമയം ട്രംപ് ചൈനയ്ക്ക് ചുമത്തിയ വിലക്കുകളാണ് ഇതിനുള്ള വിലങ്ങു തടി.

ചരിത്രത്തില്‍ ആഗോള ശക്തിയെന്ന സ്ഥാനം വഹിച്ചിരുന്ന ബ്രിട്ടന്‍ പിന്നീട് അമേരിക്കയ്ക്ക് വഴിമാറിക്കൊടുത്ത പോലെ ഇന്നത്തെ അമേരിക്കയുടെ സ്ഥാനം ചൈന കൈയ്യടക്കാന്‍ സാധ്യതയുണ്ടെന്ന് നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. 1956 സുയസ് കനാല്‍ പിടിച്ചെടുക്കാനുള്ള ബ്രിട്ടന്റെ ശ്രമം പരാജയപ്പെട്ടതും കനാല്‍ ഈജിപ്ത് ദേശീയവല്‍ക്കരിച്ചതും ബ്രിട്ടന്റെ പതനത്തിന് ഒരു പ്രധാന കാരണമായിരുന്നു. ഇന്ന് അമേരിക്കയുടെ തകര്‍ച്ചയ്ക്ക് സുയസ് കനാലിനു പകരം കൊറോണ വൈറസ് കാരണമാവാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.